1 GBP = 105.65
breaking news

ആതുരസേവനം മാത്രമല്ല, കലയിലും മുൻപന്തിയിൽ; നേഴ്‌സസ് ഡേയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ച് നഴ്‌സുമാർ

ആതുരസേവനം മാത്രമല്ല, കലയിലും മുൻപന്തിയിൽ; നേഴ്‌സസ് ഡേയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ച് നഴ്‌സുമാർ

നോട്ടിംഗ്ഹാം: അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തോടനുബന്ധിച്ച് യുക്മ നേഴ്‌സസ് ഫോറം സംഘടിപ്പിച്ച നേഴ്‌സസ് ദിനാചരണവും യുഎൻഎഫ് സമ്മേളനവും വിജ്ഞാനപ്രദമാക്കുന്നതിലുപരി ദിനം മുഴുവൻ ആഘോഷമാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചായിരുന്നു സംഘടകസമിതി മുന്നോട്ട് പോയത്. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് ആതുരസേവനം മാത്രമല്ല, കലയിലും തങ്ങൾ മുൻപന്തിയിൽ തന്നെയെന്ന് വിളിച്ചോതിക്കൊണ്ടായിരുന്നു യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നേഴ്‌സുമാരുടെ പ്രകടനങ്ങൾ.

രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച വിവിധ ക്‌ളാസ്സുകളിൽ എൻഎച്ച്എസ് ഇംഗ്ലണ്ട്, എൻ എം സി തുടങ്ങിയ വിവിധ മേഖലകളിൽ നിന്നെത്തിയ പ്രഗത്ഭരൊപ്പം യുകെ മലയാളികൾക്കിടയിൽ നിന്ന് നേഴ്സിംഗ് മേഖലയിലെ വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായവർ കൂടി നേതൃത്വം നൽകിയിരുന്നു. ആർ.സി.എൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടർ എസ്റ്റെഫാനി ഡൺ, ആർസിഎൻ ഈസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ ഓർഗനൈസർ സാം ഹാരിസൺ എന്നിവർക്കൊപ്പം യുകെ മലയാളി നേഴ്‌സുമാരുടെ പ്രിയങ്കരരായ മിനിജാ ജോസഫ്, റാണി ജോസ്, സിന്ധു ഉണ്ണി, ലീന വിനോദ്, ഡോ ഡില്ല ഡേവിസ്, പാൻസി ജോസ്, എലൈൻ കോൾ, തമ്പി ജോസ് തുടങ്ങിയവരാണ് വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നയിച്ചത്.

ഉച്ചഭക്ഷണത്തിന് ശേഷം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് യുഎൻഎഫ് നേഴ്‌സസ് ഡേ ആഘോഷത്തിനും സമ്മേളനത്തിനും തിരി തെളിഞ്ഞത്. അവതാരകരായി വേദിയിലെത്തിയ കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ കൂടിയായ ദീപ നായർ, സിൽവി ജോസ്, റാണി ജോസ്, ഹിൽഡാ ദേവസ്സി തുടങ്ങിയവർ നേതൃത്വം നൽകിയ ദീപം തെളിക്കലോടെ നേഴ്‌സസ് ദിനാഘോഷത്തിന് തുടക്കമായി. നേഴ്സുമാർക്കായുള്ള പ്രതിജ്ഞാവാചകം യുഎൻഫ് ട്രഷറർ ഷൈനി കുര്യൻ നിർവ്വഹിച്ചു. നേഴ്സായ ജയ്സി ജോസിന്റെ പ്രാർത്ഥനാലാപനത്തോടെയാണ് യുഎൻഎഫ് പ്രസിഡന്റ് സോണി കുര്യന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിന് തുടക്കമായത്. സെക്രട്ടറി ഐസക് കുരുവിള സ്വാഗതം ആശംസിച്ചു. ശ്രീമതി സോണിയ ലൂബി അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. യുക്മ പ്രസിഡണ്ട് ഡോ ബിജു പെരിങ്ങത്തറ ഉദ്ഘടനം നിർവ്വഹിച്ച സമ്മേളനത്തിൽ വിശിഷ്ടാധിതികളായ നോട്ടിംങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ചീഫ് നഴ്സ് ട്രേസി പിൽച്ചേറും, നോട്ടിംങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഡപ്യൂട്ടി ചീഫ് നഴ്സ്ട്രേസി കെയ്നും സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. യുക്മ നാഷണൽ സെക്രട്ടറി കുര്യൻ ജോർജ്ജ് യുഎൻഎഫിന്റെ ആദരം ഏറ്റുവാങ്ങിയവരെ വേദിയിലേക്ക് ആനയിച്ചു. യുക്മ നാഷണൽ ട്രഷറർ ഡിക്സ് ജോർജ്ജ് നന്ദി പ്രകാശിപ്പിച്ചു.

തുടർന്ന് നടന്ന വർണ്ണപ്പകിട്ടാർന്ന കലാപരിപാടികളാണ് സദസ്സിനെ ഏറെ ആകർഷിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നേഴ്സുമാരായ കലാകാരിയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളാണ് വേദിയിൽ അരങ്ങേറിയത്. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാതിലകം ബിന്ദു സോമൻ അവതരിപ്പിച്ച ഗണേശ സ്തുതികളോടെയാണ് കലാപരിപാടികൾക്ക് തുടക്കമായത്. അജിത് വിജയന്റെ സോളോ സോങ്ങും മഴവിൽ സംഗീതം അനീഷ് ജോർജ്ജും റ്റെസ്മോളും ചേർന്നാലപിച്ച ഡ്യുയറ്റ് സോങ്ങും സദസ്സിന് ഹൃദ്യമായ ശ്രവ്യനുഭവം നൽകിയപ്പോൾ നേഴ്‌സും യുക്മ ദേശീയ വൈസ് പ്രസിഡന്റുമായ ലീനുമോൾ ചാക്കോയുടെ നേതൃത്വത്തിൽ എത്തിയ എവർഗ്രീൻ ദാസലേഴ്‌സ്, ഗ്രിംസ്ബി അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് സദസ്സിനെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിക്കുകയായിരുന്നു. മാൻസ്ഫീൽഡിൽ നിന്നുള്ള നേഴ്സുമാരായ പ്രസി സിജോ, അഞ്ജു സുമേഷ്, ആതിര സുജിത് തുടങ്ങിയവരുടെ ഗ്രൂപ്പ് ഡാൻസ് ഏറെ ശ്രദ്ധേയമായിരുന്നു.

ചന്ദന മണിവാതിൽ എന്ന് തുടങ്ങുന്ന മനോഹര ഗാനത്തിനൊപ്പം ചുവട് വച്ചായിരുന്നു മഞ്ജു സുനിലിന്റെ വേദിയിലെ പെർഫോമൻസ്. ജെസ്ലിൻ വിജോയുടെ സോളോ സോങ്ങും നേഴ്‌സിങ് മേഖലയിലെ സഹപ്രവർത്തകർക്ക് സമർപ്പിച്ച്കൊണ്ട് ബ്രീസ് ജോർജ്ജ് അവതരിപ്പിച്ച മനോഹര നൃത്ത ശിൽപം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. രഞ്ജിത് ബാലകൃഷ്ണയുടെ മനോഹര ഗാനവും ആർച്ച അജിത്തിന്റെയും ജഡ്ജസി സന്തോഷ് രാജയുടെയും ഡ്യുയറ്റ് സോങ്ങും രൺജിത് ബാലകൃഷ്ണ ബിന്ദു സോമൻ ജോഡികളുടെ ഡ്യുയറ്റ് ഗാനവും അതിഥികൾക്ക് ഹൃദ്യമായ ഒരു സായാഹ്നമാണ് നൽകിയത്. പ്രമുഖ നൃത്താധ്യാപകനായ ഷിജു മേനോൻ അവതരിപ്പിച്ച ക്‌ളാസിക്കൽ ഡാൻസായിരുന്നു പരിപാടിയിലെ മറ്റൊരു ഹൈലൈറ്റ്. നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ അംഗങ്ങളായ നിഷ ശശി, റോസ്ലിൻ റോയ്, താര, അഞ്ചലിൻ തോമസ്, ലൈജു രാജു എന്നിവർ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ് മനോഹരമായിരുന്നു. അലക്സ് അജിത്, ദീപ നായർ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ ഫിനാലെ ഫാഷൻ ഷോയായിരുന്നു പരിപാടിയുടെ ഹൈലൈറ്റ്…. നിരവധിപേരാണ് ഫിനാലെ ഫാഷൻ ഷോയിൽ പങ്കെടുക്കാനെത്തിയത്. ജാസ് ഡിജിറ്റൽ ലൈറ്റ് ആൻഡ് സൗണ്ട് നിർവ്വഹിച്ച പരിപാടിയിൽ സാങ്കേതിക സഹായം നൽകിയത് മിദു ജെയിംസ് ആയിരുന്നു.

ലൈഫ്ലൈൻ പ്രൊട്ടക്റ്റ്, ജോയ് ആലുക്കാസ്, ലവ് ടു കെയർ, ഫസ്റ്റ് കോൾ, ഐഡിയൽ സോളിസിറ്റേഴ്സ്, സേവിയേഴ്സ് അക്കൌണ്ടൻറ്സ്, റോസ്റ്റർ കെയർ, ജോ ട്രാവൽസ്, ചാക്കോ കോട്ടേജസ്, ക്ളിഫ്ടൺ മലയാളി ഷോപ്പ് നോട്ടിംഗ്ഹാം, മറിയം ട്രാവൽ ആൻറ് ടൂർസ് തുടങ്ങിയവരായിരുന്നു പരിപാടിയുടെ സ്പോൺസർമാർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more