1 GBP = 129.84
breaking news

ലിവർപൂൾ ക്നാനായ മിഷനിൽ ചുമതലയേറ്റ ഫാ: ജോസ് തേക്കുനിൽക്കുന്നതിലിന് ഊഷ്മള വരവേൽപ്പ്…

ലിവർപൂൾ ക്നാനായ മിഷനിൽ ചുമതലയേറ്റ ഫാ: ജോസ് തേക്കുനിൽക്കുന്നതിലിന് ഊഷ്മള വരവേൽപ്പ്…

ലിവർപൂൾ:- പ്രസ്റ്റൺ, ബ്ലാക്പൂൾ, ലിവർപൂൾ പ്രദേശങ്ങളിലുള്ള ക്നാനായ കത്തോലിയ്ക്കാ കുടുംബങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ലിവർപൂൾ ആസ്ഥാനമായി ആരംഭിയ്ക്കുന്ന ക്നാനായ മിഷനിലേയ്ക്ക് പുതുതായി നിയമിതനായ ഫാ: ജോസ് തേക്കുനിൽക്കുന്നതിലിന് ലിവർപൂൾ സെന്റ് പയസ് പളളിയങ്കണത്തിൽ വച്ച് ഊഷ്മള സ്വീകരണവും പൊതുസമ്മേളനവും നടന്നു.

കൃത്യം 4:30ന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ വികാരി ജനറാൾ ഫാ: സജി മലയിൽപുത്തൻപുരയോടൊപ്പം പള്ളിയങ്കണത്തിലെത്തിയ ജോസച്ചനെ ക്നാനായ സമുദായത്തിന്റെ പരമ്പരാഗത രീതിയിൽ നടവിളികളും, മർത്തോമൽ ഗീതങ്ങളും ആലപിച്ച് വരവേറ്റു. തുടർന്ന് മുത്തുക്കുടകളുടെയും താലപ്പൊലിയേന്തിയ യുവജനങ്ങളുടെയും കുട്ടികളുടെയും അകമ്പടിയോടെ മെഴുകുതിരി പ്രഭയിൽ പ്രകാശപൂരിതമായ അൾത്താരയിൽ ആഘോഷപൂർവ്വമായ വിശുദ്ധ കുർബ്ബാനയും തുടർന്ന് വിശുദ്ധ പത്താംപീയൂസിന്റെ നാമധേയത്തിൽ മതബോധന ക്ലാസ്സുകളുടെ ഉൽഘാടനവും നടന്നു.

തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ പള്ളിക്കമ്മറ്റിയ്ക്കുവേണ്ടി ട്രസ്റ്റി സിറിയക്ക് സ്റ്റീഫൻ സ്വാഗതം ആശംസിച്ചു. യു കെ കെ സി എ ലിവർപൂൾ യൂണിറ്റ് പ്രസിഡന്റ് തോമസ് ജോൺ വാരികാട്ട്, സെക്രട്ടറി ജോബി ജോസഫ്, പ്രസ്റ്റൺ യൂണിറ്റ് പ്രസിഡന്റ് അനൂപ് അലക്സ്‌, ബ്ലാക്പൂൾ യൂണിറ്റ് സെക്രട്ടറി ജോണി ചാക്കൊ, യുകെകെസിഎ ജനറൽ സെക്രട്ടറി സാജു ലൂക്കോസ്, വനിതാ ഫോറത്തിനുവേണ്ടി ആലീസ് ബേബി, യുവജന സംഘടനയായ കെ സി വൈ ൽ നുവേണ്ടി യൂണിറ്റ്, നാഷണൽ ഭാരവാഹികളായ ഐഞ്ചലിൽ വിൽസൺ, സ്റ്റെഫിൽ ലൂക്ക് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് വിവിധ കമ്മറ്റി അംഗങ്ങൾ ഇരു വൈദികരെയും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.

ക്നാനായ സമുദായത്തിന്റെ അടിയുറച്ച പാരമ്പര്യവിശ്വാസങ്ങളും സഭാ സമുദായ സ്നേഹവും കാത്തു പരിപാലിക്കുവാൻ ലിവർപൂൾ ക്നാനായ മിഷനിലൂടെ സാദ്ധ്യമാകട്ടെയെന്ന് ഫാ: സജി മലയിൽപുത്തൻപുരയും, ഫാ: ജോസ് തേക്കുനിൽക്കുന്നതിലും മറുപടി പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. ജെസ്സി ജോസ് ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.

ചിട്ടയായി ക്രമീകരിച്ച പരിപാടികൾക്ക് ട്രസ്റ്റിമാരായ ബേബി ജോസഫ്, സിറിയക്ക് സ്റ്റീഫൻ, ജെസ്സി ജോസ് എന്നിവർ നേതൃത്വം നൽകി. രാത്രി ഏറെ വൈകി സ്നേഹവിരുന്നോടെ കുശലം പറഞ്ഞ് യാത്ര പറയുമ്പോൾ ക്നാനായ മക്കളുടെ സമുദായ സ്നേഹത്തിന്റെ അലയടികൾ എങ്ങും നിറഞ്ഞു നിന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more