1 GBP = 122.29
breaking news

‘ഗീതുവിന് നന്ദി’; മലയാളി നഴ്സിന്റെ സേവനത്തെ പരസ്യമായി പ്രശംസിച്ച് മാൾട്ട പ്രധാനമന്ത്രി

‘ഗീതുവിന് നന്ദി’; മലയാളി നഴ്സിന്റെ സേവനത്തെ പരസ്യമായി പ്രശംസിച്ച് മാൾട്ട പ്രധാനമന്ത്രി

മാൾട്ട: പ്രധാനമന്ത്രിയുടെ കുടുംബത്തിന് ഒരു വർഷത്തോളം നൽകിയ സമർപ്പിത സേവനത്തിന് മലയാളി നഴ്സിന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ആദരം. തൃശൂർ ചാലക്കുടി സ്വദേശിനിയായ ഗീതു ലൂയിസിന്റെ സേവനത്തെ മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബേല പൊതുവേദിയിൽ പ്രത്യേകം പരാമർശിച്ച് നന്ദി അറിയിച്ചു.

മാൾട്ടയിൽ മൂന്നാം രാജ്യങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഗീതുവിന്റെ പേര് എടുത്തുപറഞ്ഞത്. ഇന്ത്യയിൽ നിന്നുള്ള ഗീതു കഴിഞ്ഞ ഒരു വർഷമായി തന്റെ കുടുംബത്തിന്റെ ആരോഗ്യപരിചരണത്തിൽ നിർണായക പങ്കുവഹിച്ചെന്നും അവരുടെ അർപ്പണബോധവും സേവനവും ഏറെ വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാൾട്ടയുടെ മുൻ പ്രസിഡന്റ് ജോർജ് അബേലക്ക് അപകടം സംഭവിച്ചതിനെത്തുടർന്നാണ് ഒരു വർഷം മുമ്പ് ഗീതുവിന് പ്രധാനമന്ത്രിയുടെ കുടുംബത്തിൽ നഴ്സിങ് പരിചരണത്തിന്റെ ചുമതല ലഭിച്ചത്. പിന്നീട് പ്രധാനമന്ത്രിയുടെ മകൾക്ക് അസുഖം ബാധിച്ചപ്പോഴും ഗീതു പരിചരണത്തിനായി ഒപ്പമുണ്ടായിരുന്നു. ജോലിയുടെ രഹസ്യസ്വഭാവം കാരണം സ്വന്തം മാതാപിതാക്കൾക്കുപോലും താൻ പരിചരിച്ചിരുന്നത് പ്രധാനമന്ത്രിയുടെ കുടുംബത്തെയാണെന്ന് അറിയില്ലായിരുന്നുവെന്ന് 35കാരിയായ ഗീതു വെളിപ്പെടുത്തി. പ്രധാനമന്ത്രി തന്റെ പേര് പരസ്യമായി പരാമർശിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും അവർ പറഞ്ഞു.

ചാലക്കുടി സ്വദേശികളായ ലൂയിസ് പി.വി., ബീന ലൂയിസ് ദമ്പതികളുടെ മകളാണ് ഗീതു. മാൾട്ടയിലെ ആരോഗ്യരംഗത്ത് കോവിഡ് കാലം മുതൽ സജീവമായി പ്രവർത്തിക്കുന്ന അവർ ഹെൽത്ത് മാർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ്. കോവിഡ് കാലത്ത് എയർപോർട്ട് സേവനങ്ങൾ, പരിശോധനാ കേന്ദ്രങ്ങൾ, വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ച ഗീതു 250ലധികം നഴ്സുമാർ അടങ്ങുന്ന ടീമിനും നേതൃത്വം നൽകിയിട്ടുണ്ട്.

ഇന്ന് മാൾട്ടയിൽ ഇന്ത്യയിൽ നിന്നുള്ള 1,200ലധികം നഴ്സുമാർ ജോലി ചെയ്യുന്നുണ്ടെന്നും ഇവരിൽ 80 ശതമാനത്തോളം മലയാളികളാണെന്നും ഗീതു പറയുന്നു.

വിദേശ ആരോഗ്യപ്രവർത്തകരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച് മാൾട്ടയിൽ ചർച്ചകൾ ശക്തമായിരിക്കെയാണ് മലയാളി നഴ്സിന്റെ സേവനത്തിന് പ്രധാനമന്ത്രിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഗീതുവിന് ലഭിച്ച ഈ ആദരം മാൾട്ടയിലെ മലയാളി നഴ്സിങ് സമൂഹത്തിനും പ്രവാസി മലയാളികൾക്കും അഭിമാനമായി മാറിയിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more