1 GBP = 122.47
breaking news

സുരക്ഷാ ആശങ്ക; അമേരിക്കയിൽ ഹൈവേകളിലെ ഡ്രൈവറില്ലാ വാഹന സർവീസ് താൽക്കാലികമായി നിർത്തി വേമോ

സുരക്ഷാ ആശങ്ക; അമേരിക്കയിൽ ഹൈവേകളിലെ ഡ്രൈവറില്ലാ വാഹന സർവീസ് താൽക്കാലികമായി നിർത്തി വേമോ

സാൻഫ്രാൻസിസ്കോ: സുരക്ഷാ ആശങ്കകളെ തുടർന്ന് അമേരിക്കയിലെ എല്ലാ ഹൈവേകളിലും ഡ്രൈവറില്ലാ വാഹനങ്ങളുടെ സർവീസ് താൽക്കാലികമായി നിർത്തിവച്ച് സ്വയംനിയന്ത്രിത വാഹന കമ്പനിയായ വേമോ (Waymo). കാലിഫോർണിയയിൽ വേമോയുടെ ഡ്രൈവറില്ലാ ടാക്സികൾക്ക് ഹൈവേകളിൽ വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്തെ മറ്റ് പ്രവർത്തന മേഖലകളിലേക്കും നിയന്ത്രണം വ്യാപിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്.

നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളിലേക്ക് വേമോ വാഹനങ്ങൾ ആവർത്തിച്ച് പ്രവേശിക്കുന്നത് പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാലിഫോർണിയ മോട്ടോർ വാഹന വകുപ്പ് (DMV) നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ മാസം യു.എസ് റൂട്ട് 101-ൽ നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന മേഖലയിലേക്ക് നിരവധി ഡ്രൈവറില്ലാ വാഹനങ്ങൾ പ്രവേശിച്ചതാണ് പ്രധാന കാരണം. സാൻഫ്രാൻസിസ്കോയുടെ തെക്കുഭാഗത്തുണ്ടായ സംഭവത്തിൽ പരിക്കുകളോ വാഹനാപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വേമോ വ്യക്തമാക്കി.

ഈ മാസം തന്നെ സാൻഫ്രാൻസിസ്കോ ഹൈവേയിൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി വേഗം കുറച്ചുകൊണ്ടുപോയിരുന്ന പൊലീസ് വാഹനങ്ങളെ മറികടക്കാൻ വേമോ കാർ ശ്രമിക്കുന്നതായി തോന്നിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

നവംബർ 11 മുതൽ പ്രാബല്യത്തിൽ വന്ന കാലിഫോർണിയയിലെ വിലക്ക്, സുരക്ഷാ വീഴ്ചകൾ പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചെന്ന് കമ്പനിക്ക് തെളിയിക്കാനാകുന്നതുവരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.

സുരക്ഷയ്ക്കാണ് മുൻഗണനയെന്നും ഹൈവേ സർവീസ് പുനരാരംഭിക്കുന്നതിനായി സംസ്ഥാന അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും വേമോ വക്താവ് പറഞ്ഞു. പ്രവർത്തിക്കുന്ന മറ്റ് നഗരങ്ങളിലും വാഹനങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിനായി ഹൈവേ സർവീസ് താൽക്കാലികമായി നിർത്തിയതായും കമ്പനി അറിയിച്ചു.

അമേരിക്കയിലെ 15 നഗരങ്ങളിൽ വേമോ ഡ്രൈവറില്ലാ ടാക്സികൾ സർവീസ് നടത്തുന്നുണ്ട്. എന്നാൽ സാൻഫ്രാൻസിസ്കോ, ലോസ് ആഞ്ചലസ്, മിയാമി തുടങ്ങിയ ഏതാനും നഗരങ്ങളിൽ മാത്രമാണ് ഹൈവേ സർവീസുകൾ ഉണ്ടായിരുന്നത്. സാധാരണ നഗരറോഡുകളിൽ വാഹനങ്ങൾക്ക് സർവീസ് തുടരാൻ അനുമതിയുണ്ട്.

മനുഷ്യ ഡ്രൈവർമാരെ അപേക്ഷിച്ച് ഗുരുതര പരിക്കുകൾക്ക് കാരണമാകുന്ന അപകടങ്ങളിൽ വേമോ വാഹനങ്ങൾ ഉൾപ്പെടാനുള്ള സാധ്യത 95 ശതമാനം കുറവാണെന്നാണ് കമ്പനിയുടെ വെബ്സൈറ്റിലെ കണക്ക്. അതേസമയം, കഴിഞ്ഞ മേയിൽ വെള്ളക്കെട്ടുള്ള റോഡുകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ ഇടയാക്കാവുന്ന സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്ന് ആയിരക്കണക്കിന് സ്വയംനിയന്ത്രിത വാഹനങ്ങൾ കമ്പനി തിരിച്ചുവിളിച്ചിരുന്നു.

ഡ്രൈവറില്ലാ വാഹനങ്ങളുടെ സുരക്ഷയും വിശ്വാസ്യതയും സംബന്ധിച്ച ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് വേമോയുടെ പുതിയ നിയന്ത്രണ നടപടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more