1 GBP = 124.47
breaking news

ഹീത്രൂ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിന്റെ പിൻഭാഗം രണ്ടു തവണ റൺവേയിൽ ഉരസി; ഒഴിവായത് വൻ ദുരന്തം

ഹീത്രൂ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിന്റെ പിൻഭാഗം രണ്ടു തവണ റൺവേയിൽ ഉരസി; ഒഴിവായത് വൻ ദുരന്തം

ലണ്ടൻ: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ ബ്രിട്ടീഷ് എയർവേയ്‌സിന്റെ എയർബസ് A321 നിയോ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഉരസി. വ്യാഴാഴ്ച (നവംബർ 12) രാവിലെ ആംസ്റ്റർഡാമിൽ നിന്ന് എത്തിയ BA431 വിമാനമാണ് അപകടസമാനമായ സംഭവത്തിൽപ്പെട്ടത്. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ പിൻഭാഗം രണ്ടുതവണ റൺവേയിൽ ഉരസിയതിനെ തുടർന്ന് പൈലറ്റുമാർ ലാൻഡിങ് ഉപേക്ഷിച്ച് വിമാനം വീണ്ടും പറത്തുകയായിരുന്നു.

രാവിലെ 10.30ഓടെ ഹീത്രൂവിലെ ടെർമിനൽ 5 റൺവേയിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ലാൻഡിങ്ങിന് തൊട്ടുമുമ്പ് വിമാനം ഇരുവശങ്ങളിലേക്കും ചാഞ്ചാടുന്നതായി പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. വിമാനത്തിന്റെ ഇടതുവശത്തെ ചക്രം ആദ്യം റൺവേയിൽ സ്പർശിക്കുകയും പിന്നാലെ വലതുവശത്തെ ചക്രം നിലത്തിറങ്ങുകയും ചെയ്തു. ഇതിനിടെയാണ് വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഉരസിയത്.

വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഉരസുന്ന ഇത്തരം സംഭവത്തെ വ്യോമയാന മേഖലയിൽ ‘ടെയിൽ സ്ട്രൈക്ക്’ (Tail Strike) എന്നാണ് വിളിക്കുന്നത്. സംഭവം ഉണ്ടായതോടെ പൈലറ്റുമാർ ലാൻഡിങ് ഉപേക്ഷിച്ച് വിമാനം വീണ്ടും ഉയർത്തി പറത്തുന്ന ‘ഗോ എറൗണ്ട്’ (Go-around) നടപടിയിലേക്ക് കടന്നു. തുടർന്ന് വീണ്ടും ലാൻഡിങ്ങിന് ശ്രമിച്ച വിമാനം രാവിലെ 10.49ന് സുരക്ഷിതമായി നിലത്തിറങ്ങി.

വിമാനങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്ന BigJet TV ആണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. തങ്ങളുടെ 24 മണിക്കൂർ തത്സമയ ക്യാമറയിൽ സംഭവം പതിഞ്ഞതായി അവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ അറിയിച്ചു.

സംഭവത്തെക്കുറിച്ച് ബ്രിട്ടീഷ് എയർവേയ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഉരസാനുണ്ടായ സാഹചര്യം പരിശോധിച്ചുവരികയാണ്. സംഭവത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

കഴിഞ്ഞ ഒക്ടോബറിലും ബ്രിട്ടീഷ് എയർവേയ്‌സിന്റെ മറ്റൊരു വിമാനത്തിന് ആകാശത്തുവെച്ച് അടിയന്തര സാഹചര്യം നേരിട്ടിരുന്നു. ലണ്ടൻ ഗാറ്റ്‌വിക്കിൽ നിന്ന് പോർച്ചുഗലിലെ ഫാരോയിലേക്ക് പോയ BA EuroFlyer വിമാനത്തിന്റെ വലതുവശത്തെ ജനൽ പാളിക്ക് ഘടനാപരമായ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം ലണ്ടനിലേക്ക് തിരിച്ചിറക്കുകയായിരുന്നു.

തുടർച്ചയായ ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിമാനങ്ങളുടെ സുരക്ഷയും സാങ്കേതിക പരിശോധനകളും വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more