ലണ്ടൻ: വേനൽക്കാല അവധിക്ക് ശേഷം പാർലമെന്റ് സമ്മേളനം പുനരാരംഭിക്കുന്ന ദിവസം, എംപിമാരെ അഭിസംബോധന ചെയ്തുകൊണ്ട് ആൻഡി ബർണാം പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഇന്ന് ആദ്യമായി ഹൗസ് ഓഫ് കോമൺസിൽ പ്രസംഗിക്കാൻ ഒരുങ്ങുകയാണ്. അതീവ പ്രാധാന്യമേറിയതും സംഘർഷഭരിതവുമായ ഒരു നിമിഷമായിരിക്കും അത്.
ഡൗണിംഗ് സ്ട്രീറ്റിലേക്ക് നടന്നുകയറി ആറാഴ്ചകൾക്ക് ശേഷവും, ലേബർ പാർട്ടി സർക്കാരിന്റെ ഭാഗമായി അവസാനമായി ‘ഡിസ്പാച്ച് ബോക്സി’ൽ (മന്ത്രിമാർ പ്രസംഗിക്കുന്ന വേദിയിൽ) പ്രത്യക്ഷപ്പെട്ട് 16 വർഷങ്ങൾക്ക് ശേഷവും, പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം ആദ്യമായി എംപിമാർക്ക് മുന്നിലെത്തുന്നു.
സഭയുടെ ഇടുങ്ങിയ അന്തരീക്ഷത്തിൽ, തനിക്ക് പിന്നിൽ ലേബർ പാർട്ടി അംഗങ്ങളുടെ നിരകളുമായി, ബർണാം ഒടുവിൽ തന്റെ രാഷ്ട്രീയ എതിരാളികളെ നേരിട്ട് അഭിമുഖീകരിക്കും. ഈ സന്ദർഭത്തിന്റെ സമ്മർദ്ദം, നേരിടേണ്ടിവരുന്ന സൂക്ഷ്മമായ പരിശോധന, ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നതിലെ മിടുക്ക്, ഒപ്പം എതിരാളികളിൽ നിന്നുള്ള ആക്രമണങ്ങൾ, പരിഹാസങ്ങൾ, കുത്തുവാക്കുകൾ എന്നിവയെല്ലാം പൊതുജനങ്ങൾ അദ്ദേഹത്തെ എങ്ങനെ വിലയിരുത്തുന്നു എന്നതിൽ നിർണ്ണായകമാകും.
അതേസമയം ജീവിതച്ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന നയങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തുടനീളം സഞ്ചരിച്ചു കൊണ്ട് ജനങ്ങളുമായി നേരിട്ട് ഇടപഴകിയതിന്റെ ആത്മവിശ്വാസത്തിലാകും പ്രധാനമന്ത്രി പാർലമെന്റിനെ അഭിസംബോധന ചെയ്യുക. ബസ് നിരക്കിൽ 2 പൗണ്ടിന്റെ പരിധി ഏർപ്പെടുത്തുക, ഗാർഹിക ഊർജ്ജ ബില്ലുകളിൽ നിന്ന് വാറ്റ് (VAT) ഒഴിവാക്കുക, അടുത്ത വർഷം പബ്ബുകൾ, ക്ലബ്ബുകൾ, സംഗീത വേദികൾ എന്നിവയുടെ ബിസിനസ് നികുതിയിൽ 20% കുറവ് വരുത്തുക തുടങ്ങി നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി അവതരിപ്പിക്കുക.
എന്നാൽ, സർ കീർ സ്റ്റാർമറെ സ്ഥാനഭ്രഷ്ടനാക്കിയതിന് ശേഷമുള്ള വെല്ലുവിളികൾ അദ്ദേഹത്തിന് ഇനി നേരിടേണ്ടതുണ്ട്. ഒപ്പം, രാഷ്ട്രീയ പരീക്ഷണങ്ങൾ നിറഞ്ഞ ഒരു ശരത്കാലവും വരാനിരിക്കുന്നു. ബുധനാഴ്ച പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങൾക്കുള്ള മറുപടി നൽകുന്ന സെഷൻ (Prime Minister’s Questions), തന്റെ ആദ്യ ബജറ്റ് അവതരണം, വർഷാവസാനത്തോടെ രാജ്യത്തിനായുള്ള പത്തുവർഷത്തെ പദ്ധതി വിശദീകരിക്കുന്ന പ്രസംഗം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
click on malayalam character to switch languages