1 GBP = 130.55
breaking news

യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്‌സിലെ വേദി

യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്‌സിലെ വേദി

കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി.

സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും വേദിയിലെ സ്വാഭാവിക സാന്നിധ്യവും കരുത്തായി. മത്സരവീര്യവും അഴകും ഒത്തുചേർന്ന വേദിയിൽ അത്തച്ചമയത്തിന്റെ ആഘോഷപ്പെരുമയും തൃപ്പൂണിത്തുറയുടെ കലാ–സാംസ്കാരിക പാരമ്പര്യവും അവതരിപ്പിച്ച അപർണയുടെ പ്രകടനം ഏറെ ശ്രദ്ധേയമായി.

അപർണയ്ക്ക് കിരീടം ചാർത്തി സനൂഷ സന്തോഷ്

വിജയിയായ അപർണ ശൈലേഷിന് വിശിഷ്ടാതിഥിയും പ്രശസ്ത ചലച്ചിത്രതാരവുമായ സനൂഷ സന്തോഷ് കിരീടം ചാർത്തി. വിജയിക്കുള്ള ട്രോഫി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. സമ്മാനിച്ചു. പരിപാടിയുടെ സംവിധായകൻ കമൽ രാജ് മാണിക്കത്ത് സർട്ടിഫിക്കറ്റും തെരേസാസ് ക്രിയേറ്റീവ് ഹെഡ് ദീപ ബിജു സാഷും സമ്മാനിച്ചു.

പ്രശസ്ത ചലച്ചിത്രതാരം സനൂഷ സന്തോഷിൽ നിന്ന് അപർണ കിരീടം ഏറ്റുവാങ്ങിയ നിമിഷം മലയാളി സുന്ദരി സീസൺ 2-ന്റെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങളിലൊന്നായി മാറി.

ഡോ. നസ്രീൻ എൻ ഒന്നാം റണ്ണർഅപ്

വൂൾവർഹാംപ്ടണിൽ നിന്നെത്തിയ ഡോ. നസ്രീൻ എൻ രണ്ടാം സ്ഥാനം നേടി ഒന്നാം റണ്ണർഅപ് ആയി.

വൂൾവർഹാംപ്ടണിലെ എൻ.എച്ച്.എസ്. ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യുന്ന ഡോ. നസ്രീൻ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ്. സൗദി അറേബ്യയിൽ ജനിച്ചുവളർന്ന നസ്രീന്റെ വിവിധ സംസ്കാരങ്ങളോടും വ്യത്യസ്തമായ ജീവിതവീക്ഷണങ്ങളോടുമുള്ള താൽപര്യവും ആത്മവിശ്വാസവും വേദിയിലെ പ്രകടനത്തിലും പ്രതിഫലിച്ചു.

ഡോ. നസ്രീന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ ട്രോഫി സമ്മാനിച്ചു. ഷീജോ വർഗീസ് സർട്ടിഫിക്കറ്റും തെരേസാസിന്റെ അന്ന തോമസ് സാഷും സമ്മാനിച്ചു. യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിയും യുക്മ ഷീ ലീഡ്‌സ് നേതൃത്വനിരയിലെ അംഗവുമായ റെയ്‌മോൾ നിധിരി ഒന്നാം റണ്ണർഅപ് കിരീടം അണിയിച്ചു.

അമിത ഷാജി രണ്ടാം ഉപവിജയി

സ്വിൻഡനിൽ നിന്നുള്ള അമിത ഷാജി മൂന്നാം സ്ഥാനം നേടി രണ്ടാം റണ്ണർഅപ്.

എൻ.എച്ച്.എസ്. ആശുപത്രിയിൽ രജിസ്റ്റേർഡ് നഴ്‌സായി ജോലി ചെയ്യുന്ന അമിതയ്ക്ക് സംഗീതം, മോഡലിംഗ്, ചിത്രരചന തുടങ്ങിയ മേഖലകളിലും ഏറെ താൽപര്യമുണ്ട്. ആത്മവിശ്വാസവും മനോഹരമായ വേദിയവതരണവും അമിതയെ വിജയപീഠത്തിലെത്തിച്ചു.

അമിത ഷാജിക്ക് യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ ട്രോഫി സമ്മാനിച്ചു. ഡിക്സ് ജോർജ് സർട്ടിഫിക്കറ്റും ലക്ഷ്മി കമൽ മാണിക്കത്ത് സാഷും സമ്മാനിച്ചു. യുക്മ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം രണ്ടാം റണ്ണർഅപ് കിരീടം അണിയിച്ചു.

രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്

കൊവെൻട്രിയിൽ നിന്നുള്ള രാജശ്രീ പ്രവീൺ നാലാം സ്ഥാനം കരസ്ഥമാക്കി. കൊവെൻട്രിയിൽ പദ്ധതി നിർവഹണ ഉദ്യോഗസ്ഥയായി ജോലി ചെയ്യുന്ന രാജശ്രീയ്ക്ക് കവിതയോടും നൃത്തത്തോടും ഏറെ താൽപര്യമുണ്ട്. സാഹസികതകളെ ഇഷ്ടപ്പെടുന്ന രാജശ്രീയുടെ ആത്മവിശ്വാസവും ജിജ്ഞാസയും ലക്ഷ്യബോധവും മത്സരത്തിലുടനീളം ശ്രദ്ധേയമായി.

മികച്ച പ്രകടനത്തിലൂടെ വിധികർത്താക്കളുടെ പ്രശംസ നേടിയ രാജശ്രീ മലയാളി സുന്ദരി സീസൺ 2-ലെ മുൻനിര വിജയികളിലൊരാളായി മാറി.

സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം

മികച്ച പ്രകടനത്തിനുള്ള വിധികർത്താക്കളുടെ പ്രത്യേക പരാമർശം ലീഡ്‌സിൽ നിന്നുള്ള സ്മിത സിറിയക്കിന് ലഭിച്ചു. നഴ്‌സായി ജോലി ചെയ്യുന്ന കൊച്ചി സ്വദേശിനിയായ സ്മിതയ്ക്ക് നൃത്തം, സംഗീതം, സൃഷ്ടിപരമായ ആവിഷ്കാരം തുടങ്ങിയ മേഖലകളോടാണ് ഏറെ താൽപര്യം.

മത്സരത്തിലുടനീളം കാഴ്ചവച്ച ശ്രദ്ധേയമായ പ്രകടനത്തിനാണ് വിധികർത്താക്കൾ സ്മിതയെ പ്രത്യേകമായി തെരഞ്ഞെടുത്തത്. ഇതിനു പുറമേ മികച്ച പ്രതിഭയ്ക്കുള്ള പുരസ്കാരവും സ്മിത സിറിയക് സ്വന്തമാക്കി.

വിവിധ വിഭാഗങ്ങളിലെ പുരസ്കാര ജേതാക്കൾ

പ്രധാന കിരീടങ്ങൾക്ക് പുറമേ മത്സരാർത്ഥികളുടെ വിവിധ മേഖലകളിലെ മികവ് പരിഗണിച്ച് പ്രത്യേക പുരസ്കാരങ്ങളും സമ്മാനിച്ചു. പീപ്പിൾസ് ചോയ്‌സ് അവാർഡ് വിഭാഗത്തിൽ യോവിലിൽ നിന്നുള്ള ശാലിനി റിജേഷാണ് വിജയിയായത്. ബെസ്റ്റ് സ്മൈൽ വിഭാഗത്തിൽ അമിത ഷാജിയും, ബെസ്റ്റ് ക്യാറ്റ് വാൽക്ക് വിഭാഗത്തിൽ സിൻസി റുഡോൾഫും, ബെസ്റ്റ് ഫോട്ടോജെനിക് വിഭാഗത്തിൽ അപർണ്ണ ശൈലേഷും വിജയികളായപ്പോൾ ബെസ്റ്റ് ഫാഷൻ സെൻസ് വിഭാഗത്തിൽ സജിനി മേരി ഫിലിപ്പും ബെസ്റ്റ് എയെസ് വിഭാഗത്തിൽ ലിയാ തോമസുമാണ് വിജയികളായത്. ബ്യുട്ടിഫുൾ ഹെയർ വിഭാഗത്തിൽ രാജശ്രീ പ്രവീണും, ബെസ്റ്റ് ക്രിയേറ്റിവ് ഔട്ട് ഫിറ്റിൽ ദേവിക ആശാ ശിവദാസും വിജയിച്ചപ്പോൾ ബെസ്റ്റ് സ്കിൻ, ബെസ്റ്റ് ട്രഡീഷണൽ ലൂക്ക് വിഭാഗങ്ങളിൽ ഡോ നസ്രീൻ എൻ, പ്രിൻസി രാജു എന്നിവരാണ് വിജയിച്ചത്. ബെസ്റ്റ് പേഴ്‌സണാലിറ്റി വിഭാഗത്തിൽ ഡോ ഐശ്വര്യ പ്രേമനും ബെസ്റ്റ് ടാലന്റ് അവാർഡിൽ സ്മിത സിറിയകും വിജയികളായി.

സൗന്ദര്യം എന്ന ഒറ്റ മാനദണ്ഡത്തിൽ ഒതുങ്ങാതെ വ്യക്തിത്വം, ആത്മവിശ്വാസം, കഴിവ്, സർഗാത്മകത, കേരളീയ പാരമ്പര്യം, വസ്ത്രധാരണ അഭിരുചി, വേദിയിലെ അവതരണ മികവ് തുടങ്ങിയ ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയതാണ് മലയാളി സുന്ദരി സീസൺ 2-നെ വ്യത്യസ്തമാക്കിയത്.

കേരളീയ തനിമയും ആധുനികതയും ഒരേ വേദിയിൽ

കേരളീയ തനിമയും പാരമ്പര്യവും ആധുനിക ഫാഷൻ സങ്കൽപ്പങ്ങളുമായി കോർത്തിണക്കിയായിരുന്നു ഇത്തവണത്തെ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 ഒരുക്കിയത്. ഓണത്തിന്റെ നിറങ്ങളും കേരളത്തിന്റെ കലാ–സാംസ്കാരിക പൈതൃകവും ഓരോ മത്സരാർത്ഥിയുടെയും വ്യക്തിത്വവും വേദിയിൽ വ്യത്യസ്തമായ അവതരണങ്ങളായി മാറി.

യുകെയിലും മറ്റു രാജ്യങ്ങളിലുമായി നിരവധി വസ്ത്രാലങ്കാര പ്രദർശനങ്ങൾ വിജയകരമായി അവതരിപ്പിച്ചിട്ടുള്ള കമൽ രാജ് മാണിക്കത്ത് പരിപാടിയുടെ സംവിധായകനായിരുന്നു. ദിവ്യ രഞ്ജിത്ത് നൃത്ത–വേദിയവതരണ പരിശീലനത്തിന് നേതൃത്വം നൽകി. മത്സരാർത്ഥികളുടെ പരിശീലനം മുതൽ അന്തിമ മത്സരത്തിന്റെ വേദിയൊരുക്കം വരെ നീണ്ടുനിന്ന വിപുലമായ തയ്യാറെടുപ്പുകളാണ് പരിപാടിയുടെ വിജയത്തിന് പിന്നിൽ.

യുക്മ ഷീ ലീഡ്‌സിന്റെ നേതൃത്വത്തിൽ

2026 ഓഗസ്റ്റ് 15-ന് റോതർഹാമിലെ മാൻവേഴ്‌സ് ലേക്കിൽ നടന്ന യുക്മ കേരളപൂരം 2026-ന്റെ സാംസ്കാരിക പരിപാടികളുടെ ഭാഗമായാണ് മലയാളി സുന്ദരി സീസൺ 2 അരങ്ങേറിയത്. യുക്മ ഷീ ലീഡ്‌സിന്റെ നേതൃത്വത്തിലായിരുന്നു പരിപാടിയുടെ ഏകോപനം.

യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി, ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ പ്രസിഡന്റ് അമ്പിളി സെബാസ്റ്റ്യൻ മാത്യൂസ് എന്നിവരാണ് യുക്മ ഷീ ലീഡ്‌സിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പന്ത്രണ്ട് മത്സരാർത്ഥികളുടെ പ്രതിഭ, ആത്മവിശ്വാസം, സർഗാത്മകത, വ്യക്തിത്വം, സൗഹൃദം, കേരളീയ സാംസ്കാരികബോധം എന്നിവയെ ഒരേ വേദിയിൽ ആഘോഷിച്ച മലയാളി സുന്ദരി സീസൺ 2 ഒരു സൗന്ദര്യമത്സരത്തിനപ്പുറം യു.കെ മലയാളി വനിതകളുടെ കഴിവും വ്യക്തിത്വവും പൈതൃകാഭിമാനവും ഉയർത്തിപ്പിടിക്കുന്ന ആഘോഷവേദിയായി മാറി.

അപർണ ശൈലേഷിന്റെ കിരീടനേട്ടത്തോടെ സമാപിച്ച ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2, മാൻവേഴ്‌സിലെ കേരളപൂരം 2026-ന്റെ വർണാഭമായ ചരിത്രത്തിൽ മറ്റൊരു മനോഹര അധ്യായമായി മാറി.

മലയാളി സുന്ദരി മത്സരത്തിൻ്റെ കൂടുതൽ ചിത്രങ്ങൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://we.tl/t-Jhgkt22iVCB33Mme

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more