1 GBP = 127.95

വയനാട് തുരങ്കപാതയ്ക്ക് പാരസ്ഥിതിക അനുമതി; ഒരേസമയം ഇരുഭാഗത്തും തുരക്കും

വയനാട് തുരങ്കപാതയ്ക്ക് പാരസ്ഥിതിക അനുമതി; ഒരേസമയം ഇരുഭാഗത്തും തുരക്കും

തിരുവനന്തപുരം: വയനാട് തുരങ്കപാതയ്ക്ക് ഫൈനൽ ക്ലിയറൻസ് ലഭിച്ചതായി പൊതുമരമാത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. അതിവേഗം നിർമാണം പുരോഗമിക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനയ്ക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസും ലഭിച്ചിരിക്കുകയാണ്. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട ഫൈനൽ ക്ലിയറൻസാണിതെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. പാറ തുരക്കുന്ന കൂറ്റൻ യന്ത്രങ്ങൾ മേപ്പാടിയിൽ എത്തിച്ചിട്ടുണ്ട്. കോഴിക്കോട് മുറിപ്പുഴയിലാണ് പാറതുരയ്ക്കൽ ആരംഭിക്കുക. ഇതേ സമയം തന്നെ മേപ്പാടിയിലും പാതതുരക്കൽ ആരംഭിക്കും.

ആനക്കാംപോയിൽ മുതൽ മേപ്പാടിവരെയുള്ള തുരങ്കപാത നിർമാണം അതിന്റെ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. തുരങ്കപാതയ്ക്ക് ആദ്യഘട്ട അനുമതി ലഭിച്ചതിനെ തുടർന്ന് പ്രാരംഭഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. വിശദമായ പ്ലാൻ ഇപ്പോൾ സർക്കാരിന്റെ കൈയിലുണ്ട്. കൃത്യമായ സമയപരിധിക്കുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നാണ് മുഖ്യമന്ത്രി ഉദ്ഘാടന വേളയിൽ പ്രഖ്യാപിച്ചത്.

തുരങ്കപാത വരുന്നതോടെ വയനാട്, കോഴിക്കോട് ജനതയുടെ യാത്രാക്ലേശത്തിന് ശ്വാശ്വതമായ പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്. 8.73 കിലോമീറ്റർ ദൈർഘ്യത്തിലാണ് തുരങ്കപ്പാത നിർമിക്കുക. 1500കോടി രൂപ ചെലവിലാണ് തുരങ്കപാതയുടെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി കൊങ്കൺ റെയിൽവെയെ നിർമാണ പ്രവർത്തനങ്ങൾ കേരള സർക്കാർ ഏൽപ്പിച്ചിരിക്കുന്നത്. 2024ൽ തന്നെ കൊങ്കൺ റെയിൽവെ അതിന്റെ ടെൻഡർ തുറക്കുകയും ഭോപ്പാൽ ആസ്ഥാനമായ ‘ഡൽഹി ബിൽഡ്‌കോൺ ലിമിറ്റഡ്’ എന്ന കമ്പനിക്ക് 1341കോടിക്ക് നിർമാണ കരാർ നാലു വർഷത്തേക്ക് നൽകിയിരിക്കുന്നത്.പശ്ചിമഘട്ടത്തിലാണ് പാറകൾ തുരക്കേണ്ടതെന്നതിനാൽ പ്രകൃതിയെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നതടക്കമുള്ള ഉറപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കേരളം നൽകേണ്ടത് ഉണ്ടായിരുന്നു. സർക്കാരിന്റെ നൂറുദിന പദ്ധതികളിലൊന്നാണ് തുരങ്കപാത. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് അനുമതി ലഭിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more