ലണ്ടൻ: ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളിൽ ഇന്ന് വ്യാഴാഴ്ച നടക്കുന്ന തദ്ദേശ, മേയർ തിരഞ്ഞെടുപ്പുകൾക്കായി വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്ക് നീങ്ങും. ഇംഗ്ലണ്ടിലെ ആകെ 317 കൗൺസിലുകളിൽ 24 എണ്ണത്തിലേക്കും ആറ് മേയർ അതോറിറ്റികളിലേക്കും മെയ് 1 ന് തദ്ദേശ തിരഞ്ഞെടുപ്പുകൾ നടക്കും.
ചെഷയറിലെ മണ്ഡലത്തിലെ പുതിയ എംപി ആരാണെന്ന് റൺകോൺ ആൻഡ് ഹെൽസ്ബിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് തീരുമാനിക്കും. പോളിംഗ് സ്റ്റേഷനുകൾ ഇന്ന് രാവിലെ 7:00 ന് തുറന്ന് 22:00 ന് അവസാനിക്കും, ഫലപ്രഖ്യാപനവും ഇന്നും വെള്ളിയാഴ്ചയുമായി നടക്കും. കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേടിയ വൻ വിജയത്തിന് ശേഷമുള്ള ആദ്യത്തെ വലിയ വോട്ടെടുപ്പാണിത്. അതുകൊണ്ട് തന്നെ ലേബർ സർക്കാരിന്റെ വിലയിരുത്തൽ കൂടിയാകും തിരഞ്ഞെടുപ്പ് ഫലമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.
14 കൗണ്ടി കൗൺസിലുകൾ, എട്ട് യൂണിറ്ററി അതോറിറ്റികൾ, ഒരു മെട്രോപൊളിറ്റൻ ഡിസ്ട്രിക്റ്റ്, ഐൽസ് ഓഫ് സില്ലി എന്നിവിടങ്ങളിലായി ഏകദേശം 1,650 സീറ്റുകളിലാണ് വോട്ടെടുപ്പ്.
ഇംഗ്ലണ്ടിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും, കേംബ്രിഡ്ജ്ഷെയറിലും പീറ്റർബറോയിലും, ഡോൺകാസ്റ്ററിലും, നോർത്ത് ടൈനെസൈഡിലും, – ആദ്യമായി – ഹൾ, ഈസ്റ്റ് യോർക്ക്ഷെയറിലും, ഗ്രേറ്റർ ലിങ്കൺഷെയറിലും ആറ് മേയർ തിരഞ്ഞെടുപ്പുകൾ നടക്കുന്നു. നിയോജകമണ്ഡലത്തിലെ ഒരാളെ ആക്രമിച്ചതിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് മുൻ ലേബർ എംപി മൈക്ക് അമേസ്ബറി രാജിവച്ചതിനെ തുടർന്നാണ് റൺകോൺ ആൻഡ് ഹെൽസ്ബി പാർലമെന്റ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇംഗ്ലണ്ടിലെ 21 കൗണ്ടി കൗൺസിലുകളിലേക്കും കൂടി തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു.
എന്നാൽ ഒമ്പത് മേഖലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പുനഃസംഘടിപ്പിക്കപ്പെടുന്നതിനാൽ സർക്കാർ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.
click on malayalam character to switch languages