1 GBP = 129.93
breaking news

കേരളാ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം – യുക്മ മുന്‍ പ്രസിഡന്റ് ശ്രീ മാമ്മന്‍ ഫിലിപ്പ് നല്‍കുന്ന വിശദീകരണം

കേരളാ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം – യുക്മ മുന്‍ പ്രസിഡന്റ് ശ്രീ മാമ്മന്‍ ഫിലിപ്പ് നല്‍കുന്ന വിശദീകരണം
പ്രിയ യുക്മ സഹപ്രവര്‍ത്തകരെ,
കേരളസംസ്ഥാനത്ത് സംഭവിച്ച ഏറ്റവും വലിയ ദുരന്തമായ 2018ലെ മഹാപ്രളയവുമായി ബന്ധപ്പെട്ട് യുക്മ നടത്തിയ മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അന്തസ്സ് കെടുത്തുന്ന വിധത്തില്‍ മുന്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ് ഫേസ്ബുക്കിലൂടെ നടത്തിയ വീഡിയോ റിപ്പോര്‍ട്ടിന് മറുപടി നല്‍കേണ്ടതില്ല എന്ന നിലപാടാണ് ഞാന്‍ സ്വീകരിച്ചിരുന്നത്. കാരണം സെക്രട്ടറി എന്ന നിലയില്‍ യുക്മയുടെ കഴിഞ്ഞ കമ്മറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും അറിവുള്ള വ്യക്തി തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നടത്തുന്ന ഇത്തരം ജല്പനങ്ങളുടെ ആവശ്യം പുതിയ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുക എന്നുള്ളത് മാത്രമാണ്. എന്നാല്‍ ഈ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന മനോജ് പിള്ള പ്രസിഡന്റായ പുതിയ ഭരണസമിതിയുടെ എക്സിക്യൂട്ടീവ് തീരുമാനം എന്നെ അറിയിച്ചതുകൊണ്ടാണ് ഈ അവസരത്തില്‍ വിശദീകരണം നല്‍കുന്നത്.
മുന്‍ സെക്രട്ടറി യുക്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിപ്പെടുന്നതിന് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ഇറങ്ങിത്തിരിക്കുകയും സ്വന്തം താത്പര്യത്തിന് അനുസരിച്ചുള്ള ആളുകളെ ഉള്‍പ്പെടുത്തിയുള്ള കമ്മറ്റി രൂപീകരിക്കുന്നതിനായി ഇഷ്ടക്കാരെ മാത്രം ഉള്‍പ്പെടുത്തിയുള്ള പാനല്‍ മത്സരത്തിനായി ഇറക്കുകയും ഒടുവില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ആഴ്ച്ചകള്‍ക്ക് ശേഷം രണ്ട് പാനലായി മത്സരിക്കുന്നതിനുണ്ടായ സാഹചര്യം കഴിഞ്ഞ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടെ നടന്ന സംഭവങ്ങളാണെന്ന ആരോപണം തന്നെ അടിസ്ഥാനരഹിതമാണ്.
കഴിഞ്ഞ ഭരണസമിതിയുടെ കാലഘട്ടത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം ഉള്‍പ്പെടെ യുക്മ നടത്തിയിട്ടുള്ള എല്ലാ പരിപാടികള്‍ക്കും സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ എനിയ്ക്ക് ഉത്തരവാദിത്വമുണ്ട്. 2017-2019 യുക്മ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളിലെ ഏത് വിഷയം ചൂണ്ടിക്കാണിച്ചാലും അതിന് നേതൃത്വം നല്‍കിയ ആളെന്ന നിലയില്‍ മറുപടി നല്‍കേണ്ട കടമയുമുണ്ടെന്ന് വിശ്വസിക്കുന്നു. സംഘടനയ്ക്ക് നേതൃത്വം നല്‍കിയിരുന്ന സമയത്ത് മുന്‍ഭരണസമിതികളില്‍ നിന്നും വ്യത്യസ്തമായ ഓരോ ഉത്തരവാദിത്വം നല്‍കുന്ന ആളുകള്‍ക്ക് അത് വിജയകരമായി നടപ്പിലാക്കുന്നതിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നതിനും അതോടൊപ്പം തന്നെ ഓരോ പരിപാടികളും ഏറ്റെടുക്കുന്നവര്‍ക്ക് എല്ലാവരുടേയും സഹായസഹകരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. വിജയകരമായ ഒട്ടേറെ പരിപാടികള്‍ നടത്തുന്നതിനും സംഘടന എന്ന നിലയില്‍ യുക്മയ്ക്ക് വളര്‍ച്ചയുണ്ടാകുന്നതിനും ഈ നിലപാട് വളരെയേറെ സഹായിച്ചിട്ടുണ്ട് എന്നുള്ളതാണ് എന്റെ വിശ്വാസം. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലേയ്ക്ക് സാധനങ്ങള്‍ കയറ്റി അയച്ചതില്‍ പ്രസിഡന്റ് എന്ന നിലയിലോ വ്യക്തിപരമായോ ഞാനുമായി ബന്ധപ്പെട്ട് മുന്‍ ജനറല്‍ സെക്രട്ടറിയ്ക്ക് അഭിപ്രായവ്യത്യാസം ഏതെങ്കിലും കാരണവശാല്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് അറിയിക്കുന്നതിന് യുക്മ ദേശീയ ഭരണസമിതിയ്ക്ക് ഒരു വാട്ട്സ് ആപ് ഗ്രൂപ്പ്, ദേശീയ ഭരണസമിതി യോഗങ്ങള്‍, കഴിഞ്ഞ ഭരണസമിതി തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നടന്ന ദേശീയ ജനറല്‍ ബോഡി എന്നിങ്ങനെ  സംഘടനാ വേദിയില്‍ തന്നെ അവസരങ്ങള്‍ ഉണ്ടായിരുന്നു. ഇനി തെരഞ്ഞെടുപ്പിന് ശേഷമാണ് ഈ വിഷയങ്ങള്‍ ഉന്നയിക്കുന്നതിന് തോന്നുന്നതെങ്കില്‍ പുതിയതായി അധികാരത്തില്‍ വന്ന കമ്മറ്റിയെ ഈ വിവരങ്ങള്‍ ധരിപ്പിച്ച് ഉചിതമായ പരിഹാരം കാണുന്നതിന് ശ്രമിക്കാം.  ഏതെങ്കിലും സംഘടനാ വേദിയില്‍ ഉന്നയിച്ച് പ്രശ്നത്തിന് പരിഹാരം കാണുന്നില്ലെങ്കില്‍ അത് പരസ്യമായി ഉന്നയിക്കുന്നതിന് ഇപ്പോള്‍ അദ്ദേഹം ഉന്നയിച്ചതുപോലുള്ള സോഷ്യല്‍ മീഡിയായെ ആശ്രയിക്കുന്നതിനും തെറ്റില്ല. യുക്മ പോലെയൊരു മഹാപ്രസ്ഥാനത്തിന്റെ അമരത്ത് ഇരിക്കുന്നതിന് ഈ സംഘടനയെ സ്നേഹിക്കുന്ന ആളുകള്‍ നല്‍കിയ അവസരത്തിന്,  യുക്മയുടെ സല്‍പേര് നിലനിര്‍ത്തുന്ന മാന്യമായ രീതിയിലുള്ള പെരുമാറ്റമെങ്കിലും ഉണ്ടാവേണ്ടതാണ്. എന്നാല്‍ മാസങ്ങളോളും തനിക്ക് സംഘടനയില്‍ ഉന്നയിക്കുന്നതിനുള്ള അവസരമുണ്ടായിട്ടും അതിനൊന്നും തയ്യാറാവാതെ തെരഞ്ഞെടുപ്പിനു ശേഷം ആഴ്ച്ചകള്‍ കഴിഞ്ഞ് ഇത്തരം പ്രതികരണങ്ങളുമായി ഇറങ്ങിയിരിക്കുന്നതിന് പിന്നില്‍ സംഘടനയെ പരമാവധി അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണുള്ളതെന്ന് സംശയിക്കപ്പെടേണ്ടിയിരിക്കുന്നു.
2018 ജൂലൈ 20 ന് അവധിക്കായി ഞാൻ നാട്ടില്‍ പോയിരുന്നു. എന്റെ വീട് ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി പൂര്‍ണ്ണമായും പ്രളയബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. പ്രളയസമയത്ത് നാട്ടില്‍ ഉണ്ടായിരുന്നതുകൊണ്ട് തന്നെ അതിന്റെ ഭീകരതയും ആളുകള്‍ അനുഭവിച്ച കഷ്ടനഷ്ടങ്ങളും നേരിട്ട് കാണുന്നതിനും സാധിച്ചു. ഇതിനിടെയാണ് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യുക്മയുടെ നേതൃത്വത്തില്‍ നടത്തേണ്ട കാര്യങ്ങള്‍ ആലോചിക്കുന്നതിനായി ജനറല്‍ സെക്രട്ടറി എന്നെ ബന്ധപ്പെടുന്നത്. നമുക്ക് ചെയ്യുവാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തെല്ലാമാണോ അതെല്ലാം ചെയ്യണമെന്നുള്ള അഭിപ്രായമാണ് ആ സമയത്ത് ഞാന്‍ പറഞ്ഞത്. അത് സാമ്പത്തിക സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കുന്നതോ അല്ലെങ്കില്‍ അവശ്യ വസ്തുക്കള്‍ ശേഖരിച്ച് അയയ്ക്കുന്നതോ എന്തു തന്നെയായാലും അധികമാവില്ലെന്ന് നാട്ടിലെ സാഹചര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കിയ ആളെന്ന നിലയില്‍ അറിയിച്ചു. തീരുമാനം എടുക്കുന്നതിന് മുന്‍പായി സാധാരണ എല്ലാ വിഷയങ്ങളിലും ചെയ്യുന്നതുപോലെ ദേശീയ ഭാരവാഹികളോട് അഭിപ്രായം ആരായുന്നതിനുള്ള നിര്‍ദ്ദേശവും നല്‍കി. ഇതനുസരിച്ച് തൊട്ടടുത്ത ദിവസം വീണ്ടും ഞങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ മറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട എല്ലാവരോടും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പ്രളയദുരിതത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കേരളത്തിലെ ആളുകളെ സഹായിക്കുന്നതിന് യു.കെയില്‍ നിന്നും വിവിധ വസ്തുക്കള്‍ ശേഖരിച്ച് നല്‍കാമെന്നുമാണ് റോജിമോന്‍ അറിയിച്ചത്.
യുക്മയുടെ നേതൃത്വത്തില്‍ നടന്ന പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ സാധനങ്ങള്‍ ശേഖരിക്കുന്നതിന് ആവശ്യമായ എല്ലാ വിധ ക്രമീകരണങ്ങളും യു.കെയില്‍ നടന്നത് ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്. എല്ലാ ദിവസവും തന്നെ ഇത് സംബന്ധിച്ച വിഷയങ്ങള്‍ ഞങ്ങള്‍ ഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്തിട്ടുള്ളതാണ്. യുക്മ പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായി  നടത്തിയ ഒരു പ്രവര്‍ത്തി എന്ന നിലയില്‍ ഇത് സംബന്ധിച്ച് എല്ലാവരുടേയു അറിവ് പരിമിതമായിരുന്നു എന്നുള്ളത് വാസ്തവമാണ്. നാട്ടിലേയ്ക്ക് സാധനങ്ങള്‍ ചാരിറ്റിയായി ഫ്ളഡ് റിലീഫ് എന്ന പേരില്‍ അയയ്ക്കുന്നത് പ്രത്യേക ഫീസ് ഒന്നുമില്ലാതെ തന്നെ അയയ്ക്കുന്നതിന് സാധിക്കുമെന്നുള്ളത് യുക്മ ചാരിറ്റിയിലെ ഒരു അംഗം അന്ന് തന്നെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നും താന്‍ ഏര്‍പ്പെടുത്തുന്ന ഷിപ്പിങ് ഏജന്‍സി വഴി അയച്ചാലും അധികം ചെലവ് ഉണ്ടാവില്ലെന്നും അറിയിച്ചതും ജനറല്‍ സെക്രട്ടറിയാണ്. സാധനങ്ങള്‍ യു.കെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച് ഒരുമിച്ച് പായ്ക്ക് ചെയ്യുന്നതിനായി കവന്‍ട്രിയില്‍
 യുക്മയുടെ നേതാക്കളും ഇതിനോട് സഹകരിക്കുന്നവരുമായ ആളുകള്‍ എല്ലാവരും ഒരുമിച്ച് കൂടുകയും വളരെ അഭിനന്ദനാര്‍ഹമായ രീതിയില്‍ എല്ലാ വസ്തുക്കളും പായ്ക്ക് ചെയ്യുകയും ഇത് കണ്ടെയ്നറില്‍ കയറ്റി അയയ്ക്കുന്നതിന് വേണ്ടി സെക്രട്ടറിയുടെ നേതൃത്വത്തിലെ സംഘത്തിനെ ഏല്പിക്കുകയും ചെയ്തു. പിന്നീട് 25 ടണ്‍ സാധനം യു.കെയില്‍ നിന്നും യുക്മ കയറ്റി അയച്ചു എന്ന വാര്‍ത്തയാണ് വിവിധ മാധ്യമങ്ങളിലൂടെ വായിച്ച് അറിയുന്നതിന് എല്ലാവര്‍ക്കും സാധിച്ചത്. യഥാര്‍ത്ഥത്തില്‍ കേരളത്തിലേയ്ക്ക് കയറ്റി അയച്ചു എന്ന് രേഖകള്‍ പ്രകാരം വെളിവാക്കപ്പെട്ടിരിക്കുന്നത് 8.5 ടണ്‍ സാധനങ്ങള്‍ മാത്രമാണ്. കവന്‍ട്രിയില്‍ നിന്നും ലണ്ടനിലേയ്ക്ക് കണ്ടെയ്നറില്‍ കയറ്റി വിടുന്നതിന് സാധനങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് റോജിമോന്‍, ബാബു മങ്കുഴി എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് വാനുകളിലായിട്ടാണെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. അങ്ങനെയെങ്കില്‍ 25 ടണ്‍ എന്നുള്ളത് 8.5 ടണ്‍ ആയി ചുരുങ്ങിയതിനും കാണാതായ 16.5 ടണ്‍ സാധനങ്ങളും എവിടെയാണെന്നുള്ളതിന്റെ ഉത്തരം പറയേണ്ടത് ഇവരാണ്. കൂടാതെ യുക്മയുടെ മുതല്‍മുടക്കില്‍ കയറ്റിവിട്ട കണ്ടെയ്നറില്‍ തനിക്ക് അടുപ്പമുള്ള ഏതോ പള്ളി കമ്മറ്റിക്കാരുടേയും അതോടൊപ്പം ഷിപ്പിങ് ഏജന്‍സിക്കാരുടെ അടുത്ത ആളുകളുടേയും സാധനങ്ങള്‍ സെക്രട്ടറി കയറ്റി വിട്ടതായും പിന്നീട് മനസ്സിലാക്കുവാന്‍ സാധിച്ചു.
ഇവിടെ നിന്നും ശേഖരിക്കുന്ന സാധനങ്ങള്‍ നാട്ടിലേയ്ക്ക് അയയ്ക്കുന്നത്, നാട്ടില്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് യുക്മ പ്രസിഡന്റിനെ ബന്ധപ്പെടാവുന്നതാണെന്ന് പത്രവാര്‍ത്ത കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ യുക്മയെ സഹായിച്ച നിരവധി ആളുകള്‍ എന്നെ ഫോണില്‍ വിളിക്കുകയും സഹായങ്ങള്‍ നല്‍കേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. നാട്ടില്‍ സാധനങ്ങള്‍ എത്തുന്നതനുസരിച്ച് അവരെ അറിയിക്കാമെന്നുള്ള മറുപടിയാണ് എല്ലാവര്‍ക്കും നല്‍കിയിരുന്നത്. അതോടൊപ്പം പ്രളയബാധിത പ്രദേശങ്ങളിലാണ് സഹായം എത്തിക്കുന്നത് എന്നുറപ്പ് വരുത്തുവാന്‍ പ്രാദേശിക ജനപ്രതിനിധികളുടേയും റവന്യൂ ഉദ്യോഗസ്ഥരുടേയും വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.
നാട്ടിലേയ്ക്ക് സാധനങ്ങള്‍ കയറ്റി അയച്ചതിനു ശേഷം പലപ്രാവശ്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെങ്കിലും ഇതിന്റെ യാതൊരു വിധ പേപ്പര്‍ വര്‍ക്കുകളും ഒരാള്‍ക്കും സെക്രട്ടറി കൈമാറിയിരുന്നില്ല. ഏത് ദിവസം ഈ സാധനങ്ങള്‍ കേരളത്തിലെത്തുമെന്നു അറിയുന്നതിനും സാധിച്ചില്ല. സെപ്തംബര്‍ മാസം ഞാന്‍ തിരിച്ച് യു.കെയില്‍ എത്തുന്നത് വരെ ഇത് സംബന്ധിച്ച് യാതൊരു വിവരവും സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല.
പ്രളയം കഴിഞ്ഞ് ഏകദേശം നാല് മാസമെടുത്ത് സാധനങ്ങള്‍ കൊച്ചി തുറമുഖത്ത് എത്തിച്ചേരുകയും അവ ഇറക്കുന്നതിന് 2 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടിയായും അതിനു പുറമേ 1.5 ലക്ഷം രൂപ പോര്‍ട്ട് ഫീസായും അടയ്ക്കണമെന്ന വിവരം അറിയുമ്പോഴാണ് എങ്കില്‍ മാത്രമേ എറണാകുളം കളക്ടര്‍ ഇത് സ്വീകരിക്കുകയുള്ളൂവെന്നും അറിഞ്ഞപ്പോള്‍ ഈ തുക യുക്മയുടെ അക്കൗണ്ടില്‍ നിന്നും കൊടുക്കണമെന്നാണ് മുന്‍ സെക്രട്ടറി ആവശ്യപ്പെട്ടത്. എന്നാല്‍ കാലാവധി അവസാനിക്കാറായ ഭരണസമിതിയുടെ അക്കൗണ്ടില്‍ നിന്നും അപ്രതീക്ഷിതമായി ഇത്രയധികം പണം നീക്കി വയ്ക്കുവാന്‍ സാധ്യമല്ലാത്തതിനാല്‍ മറ്റുള്ള ആളുകളുടെ സഹായം ഈ വിഷയത്തില്‍ തേടുന്നതിനുള്ള നിര്‍ദ്ദേശമാണ് ഞാന്‍ മുന്നോട്ട് വച്ചത്. ഇങ്ങനെ ഈ വിഷയത്തില്‍ പലരെയും ബന്ധപ്പെട്ടപ്പോഴാണ് പ്രളയത്തിന് മാസങ്ങള്‍ക്ക് ശേഷം തുറമുഖത്ത് എത്തിച്ചേര്‍ന്ന സാധനങ്ങള്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍മാര്‍ പോലും തയ്യാറാവില്ലെന്നുള്ളത്. തുടര്‍ന്ന് യു.കെയില്‍ ഉന്നതപഠനാവശ്യവുമായി എത്തിയ ശ്രീ. രാജമാണിക്യം ഐ.എ.എസ് ഇടപെട്ടാണ് ഒടുവില്‍ യുക്മ ശേഖരിച്ച വസ്തുക്കള്‍ എറണാകുളം കളക്ടര്‍ ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടായത്.
തുടര്‍ന്ന് നിലവിലുള്ള യുക്മ ഭാരവാഹികള്‍ ആരും നാട്ടില്‍ ഇല്ലാത്ത സാഹചര്യത്തില്‍ യുക്മയുടെ മുന്‍ സെക്രട്ടറിയും നാട്ടില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥനുമായ ശ്രീ എബ്രാഹം ലൂക്കോസിനെ എറണാകുളം കളക്ടറുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് യുക്മ ചുമതലപ്പെടുത്തി. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ നടപടി ക്രമമനുസരിച്ച് കളക്ടര്‍ ചുമതലപ്പെടുത്തുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കാണ് ഏത് കണ്ടെയ്നര്‍ നാട്ടിലെത്തിയാലും വിതരണത്തിനുള്ള ഉത്തരവാദിത്വം. ഇതനുസരിച്ച് പറവൂര്‍ താലൂക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ക്കായിരുന്നു യുക്മ അയച്ച വസ്തുക്കളുടെ വിതരണത്തിന്റെ ചുമതല എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ജില്ലാ കളക്ടറുടെ പേരില്‍ സാധനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞാല്‍ പിന്നെ വിതരണം സംബന്ധിച്ച് വിശദവിവരങ്ങള്‍ അയയ്ക്കുന്നവര്‍ക്ക് ലഭ്യമാകുന്നതല്ല. പ്രളയസമയത്ത് ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും അയച്ച വസ്തുക്കള്‍ സംബന്ധിച്ച് ഇതേ അവസ്ഥയായിരുന്നു ഉണ്ടായത്.
തന്റെ നേതൃത്വത്തിലാണ് പ്രളയദുരിതാശ്വാസ വസ്തുക്കള്‍ ശേഖരിക്കുന്നതെന്നും അത് നാട്ടിലേയ്ക്ക് അയയ്ക്കുന്നതെന്നുമുള്ള വാര്‍ത്തകള്‍ പത്രങ്ങള്‍ക്ക് നല്‍കിയിരുന്നതിന്റെ പകുതി ശ്രദ്ധ എങ്കിലും ഇവിടെ നിന്നും അയയ്ക്കുന്നവ നാട്ടില്‍ എപ്പോള്‍ എത്തിച്ചേരുമെന്ന് അറിഞ്ഞു വയ്ക്കുന്നതിന് മുൻ സെക്രട്ടറി ശ്രമിച്ചിരുന്നുവെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാതെ നോക്കാമായിരുന്നു. ദുരിതാശ്വാസ വസ്തുക്കള്‍ നാട്ടിലേയ്ക്ക് അയയ്ക്കുന്നതിന് വേണ്ടി അന്ന് യു.കെയിലുണ്ടായിരുന്ന സഹഭാരവാഹികളോട് ആരോടും ചര്‍ച്ച ചെയ്യുന്നതിന് സെക്രട്ടറി എന്തുകൊണ്ട് തയ്യാറായില്ല.
യു.കെ മലയാളികളുടെ ദീര്‍ഘകാല അഭിലാഷമായിരുന്ന യുക്മ ചാരിറ്റിയ്ക്ക് രജിസ്ട്രേഷന്‍ ലഭിക്കുന്നത് കഴിഞ്ഞ കമ്മറ്റിയുടെ കാലയിളവിലാണ്. യുക്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകാതിരിക്കുന്നതിന് വേണ്ടി മുന്‍ സെക്രട്ടറിയും ചില ആളുകളും കൂടി ചേര്‍ന്ന് നടത്തുന്ന ഒരു പുകമറ സൃഷ്ടിക്കലാണ് ദുരിതാശ്വാസ വസ്തുക്കളുടെ പേരിലുള്ള വിവാദം. മാത്രവുമല്ല സ്ഥാനമോഹവും ഫോട്ടോയും പത്രവാര്‍ത്തയിലെ തന്റെ പേരും മാത്രം ലക്ഷ്യം വച്ച് പൊതുപ്രവര്‍ത്തനത്തിന്  ഇറങ്ങുന്ന ആളുകള്‍ക്ക് പറ്റുന്നതേ മുന്‍ സെക്രട്ടറിയ്ക്കും സംഭവിച്ചിട്ടുള്ളൂ. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ മനോജ് കുമാർ പിള്ളയുടെ കമ്മറ്റിയ്ക്ക് പിന്തുണ നല്‍കേണ്ടതിന് പകരം യുക്മയെ ശിഥിലീകരിക്കുന്നതിനുള്ള ശ്രമങ്ങളുമായിട്ടാണ് മുന്‍സെക്രട്ടറിയുടെയും കൂട്ടാളികളുടേയും ഇപ്പോഴത്തെ പ്രവര്‍ത്തങ്ങള്‍ എന്നുള്ളത് നിസ്സംശയം പറയാനാവും.
യുക്മ നടത്തിയ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ ആളുകളില്‍ നിന്ന് ശേഖരിച്ച സാധനങ്ങള്‍ ദുരുപയോഗം ചെയ്തതായി  സംശയമുണ്ടെങ്കില്‍ എനിയ്ക്കെതിരേ മുന്‍ സെക്രട്ടറിയ്ക്കോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് എഴുതി പരസ്പരം കമന്റ് എഴുതിയും ലൈക്ക് ചെയ്തും നടക്കുന്ന വിരലിലെണ്ണാവുന്നവര്‍ക്കോ ഏത് അധികാരികള്‍ക്ക് മുന്നിലും പരാതി നല്‍കാവുന്നതാണ്. ജില്ലാ കളക്ടര്‍ ഉള്‍പ്പെടുന്ന വിഷയം ആയതിനാല്‍ എല്ലാവിധ ഔദ്യോഗിക തെളിവുകളും ലഭ്യമാണ്. ഏത് വിധേനയുള്ള നിയമനടപടിയും അന്വേഷണവും ഈ വിഷയത്തില്‍ ഉണ്ടായാലും അതിനോട് പൂര്‍ണ്ണമായി സഹകരിക്കുവാന്‍ ഞാന്‍ തയ്യാറാണ്.
എന്നാല്‍ യുക്മ എന്ന മഹത്തായ സംഘടനയെ പൊതുജനമധ്യത്തില്‍ പരിഹാസ്യമാക്കുന്നതിനും തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെ തടയുന്നതിനും വേണ്ടിയുള്ള വിലകുറഞ്ഞ വിവാദങ്ങള്‍ക്ക് മറുപടി നല്‍കുന്നതുമല്ല എന്ന് കൂടി അറിയിച്ചുകൊള്ളട്ടെ. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് സംഘടനയെ പിളര്‍ത്തി ശിഥിലീകരിക്കുവാന്‍ നടക്കുന്നവര്‍ക്കും കൂട്ടാളികള്‍ക്കും യു.കെയിലെ യുക്മ എന്ന മഹാപ്രസ്ഥാനത്തെ സ്നേഹിക്കുന്ന മലയാളികള്‍ മറുപടി നല്‍കുമെന്ന് മനസ്സിലാക്കുക.
വിശ്വസ്തതയോടെ
മാമ്മന്‍ ഫിലിപ്പ്,
മുന്‍  പ്രസിഡന്റ്,
യുക്മ ദേശീയ കമ്മറ്റി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more