1 GBP = 106.06
breaking news

പുതുവർഷത്തിലേക്ക് പുത്തൻ പ്രതീക്ഷകളും ആശംസകളുമായി അഭിമാനപൂർവം യുക്മയും യുക്മന്യൂസും 

പുതുവർഷത്തിലേക്ക് പുത്തൻ പ്രതീക്ഷകളും ആശംസകളുമായി അഭിമാനപൂർവം യുക്മയും യുക്മന്യൂസും 
എഡിറ്റോറിയൽ
ഒരു പുതിയ വർഷം കൂടി കടന്നു വരികയാണ്; പുത്തൻ പ്രതീക്ഷകളും സങ്കല്പങ്ങളുമായി. ഇന്നലെകളുടെ കുറവുകൾ മറികടക്കുന്നതിന് കാലം ചിട്ടപ്പെടുത്തിയ മറ്റൊരു സമയ ചക്രം ഇവിടെ ആരംഭിക്കുന്നു. കഴിഞ്ഞകാലങ്ങളുടെ  തനിയാവർത്തനങ്ങളായിമാത്രം  ജീവിതത്തെ കാണാതെ, നമുക്കുവേണ്ടി കാലം കാത്തുവച്ചിരിക്കുന്ന പുതുമകളെ കണ്ടെത്താനുള്ള കുതൂഹലത്തോടെയാവണം ഓരോ പുതുവർഷങ്ങളെയും നാം എതിരേൽക്കേണ്ടത്.
2017 ൽ നമ്മോടൊപ്പമുണ്ടായിരുന്ന പലരും ഇന്ന് ഈ ലോകത്തിൽ കൂടെയില്ല.  ജനനത്തിനും മരണത്തിനുമിടയിലുള്ള ഇടത്താവളം ആണ് ജീവിതം എന്ന തിരിച്ചറിവാകട്ടെ ഈ പുതുവർഷ പുലരി നമുക്ക് നൽകുന്ന സന്ദേശം. ഒപ്പമുള്ളവരുമായി പോരടിക്കാതെ, ഇഷ്ടമുള്ളവരായി കൂടെ  നിറുത്താൻ നമുക്ക് ഈ പുതുവർഷം ഉൾവിളിയാകട്ടെ. സുനാമികളും ഓഖികളുമായി പേടിപ്പെടുത്തുന്ന ഡിസംബറിന്റെ ഓർമ്മകൾ നമ്മെ വേട്ടയാടുമ്പോൾ, ഓരോ ജനുവരികളും ജീവിതത്തെ ക്രമപ്പെടുത്താനുള്ള അവസാന അവസരങ്ങളാണെന്ന് മനസിലാക്കാൻ ഇനിയും വൈകിക്കൂടാ.
യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു വർഷമായിരുന്നു 2017. പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ നൂതനങ്ങളായ കർമ്മപരിപാടികൾ ആവിഷ്‌ക്കരിക്കുവാൻ യുക്മക്ക് പോയ വർഷത്തിൽ സാധിച്ചു. യുക്മ യൂത്ത് പ്രോജക്ട് തുടങ്ങുവാൻ കഴിഞ്ഞതും, യുക്മ നേഴ്‌സസ് ഫോറം പ്രവർത്തനങ്ങൾക്ക് ദിശാബോധം പകരുവാൻ കഴിഞ്ഞതും 2017 ലെ  എടുത്തു പറയത്തക്ക നേട്ടങ്ങളാണ്. യു.കെ. മലയാളികൾക്കുവേണ്ടി കേരളാ വള്ളംകളിയും കാർണിവലും തനത് ശൈലിയിൽ സംഘടിപ്പിക്കുവാൻ യുക്മക്ക് സാധിച്ചത്  ലോകപ്രവാസി മലയാളികൾക്കിടയിൽത്തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയ 2017 ലെ സ്വപ്നതുല്യമായ ഒരു നേട്ടമായിരുന്നു.
‘യുക്മന്യൂസി’നെ സംബന്ധിച്ചിടത്തോളം പുതിയ ലേ ഔട്ടിൽ പുത്തൻ പ്രചാരണ രീതികളുമായി മുന്നേറിയ കഴിഞ്ഞ വർഷം  കൂടുതൽ വായനക്കാരെ നേടുന്നതിൽ നിർണ്ണായകമായ ഒരു കാലഘട്ടം കൂടിയായിരുന്നു. തുടർന്നും നിഷ്പക്ഷമായും സത്യസന്ധമായും ഈ പ്രവാസി സമൂഹത്തിന്റെ ശബ്ദമായി യുക്മന്യൂസ് നിലകൊള്ളുമെന്ന് മാന്യ വായനക്കാർക്ക് ഉറപ്പുതരുവാൻകൂടി ഈയവസരം ഉപയോഗപ്പെടുത്തട്ടെ.
ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്; യുക്മയ്ക്കും യു.കെ.മലയാളി സമൂഹത്തിനും. ചൂഷകരായ ഇത്തിൾകണ്ണികളെ സമൂഹത്തിൽനിന്നും ഒറ്റപ്പെടുത്തേണ്ടത് ഉത്തരവാദിത്തമുള്ള ഒരു ദേശീയ പ്രസ്ഥാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ദൗത്യമാണ്. മലയാളി സമൂഹത്തിനും, യു.കെ. പൊതു സമൂഹത്തിനും പ്രയോജനപ്രദങ്ങളായ ചിന്തകളാകട്ടെ നമ്മെ നയിക്കുന്നത്. കർമ്മനിരതമായ മറ്റൊരുവർഷത്തിലേക്ക്‌ കടക്കുമ്പോൾ, വ്യക്തി താല്പര്യങ്ങൾ പാടേമാറ്റിവച്ചുകൊണ്ട്, നാം ജീവിക്കുന്ന ഈ  സമൂഹത്തോടുള്ള പ്രതിബദ്ധത നമുക്ക് ഏറ്റുചൊല്ലാം. ഈ പുതുവർഷ പുലരിയിൽ ‘യുക്മന്യൂസ്’ ബഹുമാന്യരായ എല്ലാ വായനക്കാർക്കും, ഓരോ യു.കെ.മലയാളികൾക്കും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു പുതുവർഷം നേരുന്നു.
From the Desk of the Executive Editor…………………

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more