1 GBP = 105.56
breaking news

ദിനകരന്റേതല്ല, ശശികലക്ക് ഇത് മധുരമായ പ്രതികാരം, ജയയുടെ മണ്ഡലം തോഴിക്കൊപ്പം

ദിനകരന്റേതല്ല, ശശികലക്ക് ഇത് മധുരമായ പ്രതികാരം, ജയയുടെ മണ്ഡലം തോഴിക്കൊപ്പം

ചെന്നൈ: ജയലളിതയുടെ സ്വന്തം ആര്‍.കെ നഗറില്‍ തോഴി ശശികലയുടെ അനന്തരവന്‍ ടി.ടി.ദിനകരന്‍ നേടിയ വന്‍ വിജയം ശശികലയുടെ മധുരമായ പ്രതികാരം. മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതക്കു കിട്ടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷമാണ് ജനം ദിനകരന് സമ്മാനിച്ചത്. 40707 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ദിനകരന്‍ വിജയിച്ചത്. അണ്ണാ ഡി.എം.കെ നേതാവ് മധുസൂദനന് 41526 വോട്ട് ലഭിച്ചു. ഡി.എം.കെക്ക് 21827 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

അനധികൃത സ്വത്തു സമ്പാദന കേസില്‍ ബംഗലുരു ജയിലില്‍ കഴിയുന്ന ശശികല ‘ജനകീയ’ കോടതിയില്‍ കുറ്റവിമുക്തയായതായാണ് ദിനകരന്‍ മുന്നേറ്റത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്നാണ് അണികള്‍ പറയുന്നത്. ജയലളിതയുടെ മരണത്തില്‍ ശശികലയ്ക്കും മന്നാര്‍കുടി മാഫിയയ്ക്കും പങ്കുണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന ആരോപണം. ഇതിനാണ് ഇപ്പോള്‍ ജയലളിതയുടെ മണ്ഡലത്തിലെ ജനങ്ങള്‍ തന്നെ തിരിച്ചടി നല്‍കിയിരിക്കുന്നത്. ദിനകരനെ തന്റെ പിന്‍ഗാമിയാക്കിയ ശശികലയുടെ നീക്കവും ഇപ്പോള്‍ ശരിയെന്ന് തെളിഞ്ഞു.

ജയിലില്‍ പോകുന്നതിന് മുന്‍പ് ദിനകരനെ അണ്ണാ ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കിയ ശശികലയുടെ നടപടി വലിയ പൊട്ടിത്തെറിയാണ് അണ്ണാ ഡി.എം.കെയില്‍ ഉണ്ടാക്കിയിരുന്നത്. മുഖ്യമന്ത്രിയായിരുന്ന ഒ. പനീര്‍ശെല്‍വത്തിന് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകേണ്ടി വന്നു. മന്നാര്‍ ഗുഡി മാഫിയയുടെ കയ്യില്‍ നിന്നും അണ്ണാ ഡി.എം.കെയെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ച പനീര്‍ശെല്‍വത്തിന് പക്ഷേ പിന്നീട് ചുവട് പിഴച്ചു. എടപാടി പളനി സാമിയെ പനീര്‍ശെല്‍വത്തിന് പകരം ശശികല വിഭാഗം മുഖ്യമന്ത്രിയാക്കിയെങ്കിലും തുടര്‍ന്ന് ‘ജനവികാരം’ മുന്‍നിര്‍ത്തി പളനി സാമിയും ദിനകരനുമായി തെറ്റുന്ന കാഴ്ചയാണ് തമിഴകം കണ്ടത്.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ നിലപാടും ഉടക്കിന് പ്രധാന കാരണമായിരുന്നു. അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നം തിരെഞ്ഞെടുപ്പു കമ്മിഷന്‍ മരവിപ്പിക്കുക കൂടി ചെയ്തതോടെ പനീര്‍ശെല്‍വപളനിസാമി വിഭാഗങ്ങള്‍ പരസ്പരം ലയിക്കാന്‍ നിര്‍ബന്ധിതരായി. ഇതിനുശേഷം അണ്ണാ ഡിഎംകെ പേരും ചിഹ്നവും അവര്‍ തിരിച്ചു പിടിക്കുകയും ചെയ്തു. ഒത്ത് തീര്‍പ്പ് ധാരണ പ്രകാരം പളനിസാമി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയായി പനീര്‍ശെല്‍വവും തുടര്‍ന്നു.

ശശികലദിനകര പക്ഷത്തെ അനുകൂലിക്കുന്ന നിരവധി എം.എല്‍.എമാര്‍ അണ്ണാ ഡി.എം.കെയില്‍ നിലവിലുള്ളതിനാല്‍ ആര്‍.കെ.നഗറില്‍ ഡി.എം.കെ ജയിച്ചാലും ദിനകരന്‍ ജയിക്കരുതെന്ന വാശിയിലായിരുന്നു സംസ്ഥാന ഭരണകൂടം. പണം വന്‍തോതില്‍ ഒഴുകിയ തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനവും വലിയ തോതില്‍ വര്‍ദ്ധിച്ചിരുന്നു. പ്രചരണ രംഗത്ത് നേടിയ മുന്‍തൂക്കം വോട്ടെണ്ണലിലും തുടക്കം മുതല്‍ നില നിര്‍ത്താന്‍ ദിനകരന് കഴിഞ്ഞു എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. ഇതിനിടെ ജയലളിതയുടെ മണ്ഡലത്തില്‍ അട്ടിമറി വിജയം നേടിയ ദിനകരനാണ് പുരട്ച്ചി തലൈവിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയെന്ന പ്രചരണം ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പനീര്‍ശെല്‍വത്തെയും എടപ്പാടി പളനിസാമിയെയും അധികാര ഭൃഷ്ടനാക്കി അധികാരം പിടിച്ചെടുക്കാനായിരിക്കും ദിനകരന്‍ ശ്രമിക്കുകയെന്നാണ് സൂചന.

അണ്ണാ ഡി.എം.കെ എം.എല്‍.എമാരില്‍ നല്ലൊരു വിഭാഗവും ശശികല ദിനകര പക്ഷത്ത് നിലയുറപ്പിക്കാനുള്ള സാധ്യത രാഷ്ട്രീയ കേന്ദ്രങ്ങളും തള്ളിക്കളയുന്നില്ല. അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥി ഇ. മധുസൂദനന്‍ നേടിയതിനേക്കാള്‍ ഇരട്ടി വോട്ടുകള്‍ നേടിയാണ് ആര്‍.കെ നഗറില്‍ ദിനകരന്‍ വിജയിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more