1 GBP = 106.30
breaking news

ഡബ്ബിംഗ് ചിത്രങ്ങളില്‍ ‘ദുരന്ത’ ഗാനങ്ങളുടെ ‘തര്‍ജിമ തവ ജനിതം’ (ഷോര്‍ട്ട് ഫിലിം) ….കാണാം വീഡിയോ

ഡബ്ബിംഗ് ചിത്രങ്ങളില്‍ ‘ദുരന്ത’ ഗാനങ്ങളുടെ ‘തര്‍ജിമ തവ ജനിതം’ (ഷോര്‍ട്ട് ഫിലിം) ….കാണാം വീഡിയോ

അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്തു വരുമ്പോള്‍,അവയിലെ ഗാനങ്ങള്‍ കേട്ടു മൂക്കത്ത് വിരല്‍ വെച്ചവരാണ് നമ്മളില്‍ പലരും. വിജയിയുടെയും സുര്യയുടെയും ഹിറ്റ് ഗാനങ്ങള്‍ പലതും
ഇത്തരം ഡബ്ബിംഗ് ചിത്രങ്ങളില്‍ ‘ദുരന്ത ഗാനങ്ങള്‍’ ആയി മാറുന്നത് പതിവാണ്.

യാതൊരു അര്‍ത്ഥവും ഇല്ലാത്ത വരികള്‍ സമം ചേര്‍ത്ത്, പാടാന്‍ ഒരു കഴിവുപോലും ഇല്ലാത്തവര്‍ ‘ആലപിച്ചു’ വെക്കുന്ന ചില ഗാനങ്ങള്‍ കേട്ട്, “ഇതൊക്കെ പടച്ചു വിടുന്നവന്മാര്‍ ആരെടാ” എന്നു നെറ്റി ചുളിച്ചു നമ്മള്‍ ചോദിക്കാറുമുണ്ട്. ഇത്തരം ‘ഡബ്ബിംഗ് ദുരന്തങ്ങള്‍’ പലകുറി ട്രോളുകള്‍ക്ക് വിഷയം ആയിട്ടുണ്ട്‌.
ഇപ്പോള്‍ ഇതാ, ഈ വിഷയത്തെ ആസ്പദമാക്കി ഒരു ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുകയാണ് എറണാകുളം സ്വദേശികള്‍ ആയ കുറച്ചു യുവാക്കള്‍.

‘തര്‍ജിമ തവ ജനിതം’ എന്നാണ് ഇവരുടെ ചെറു ചിത്രത്തിന്‍റെ പേര്. പേരിലെ കൗതുകം, അവതരണത്തിലും കൊണ്ടുവാരാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

“തലയില്‍ ഉദിച്ച ആശയം ചെറിയൊരു ബജററ്റില്‍ ചിത്രീകരിച്ചപ്പോള്‍ സംഭവിച്ച തെറ്റുകള്‍ സിനിമ സ്നേഹികള്‍ ക്ഷമിക്കുക… ഡബ്ബിംഗ് ദുരന്ത ഗാനങ്ങളുടെ തീവ്രത കാട്ടാന്‍ ഒരുക്കിയ ഗാനങ്ങള്‍ കടുത്ത സംഗീത സ്നേഹികളും ക്ഷമിക്കുക” എന്ന ആമുഖത്തോടെ ആണ് ചിത്രം തുടങ്ങുന്നത്.

ഡബ്ബിംഗ് ചിത്രങ്ങള്‍ക്കായി ഗാനങ്ങള്‍ ഒരുക്കുന്ന 3 പേരുടെ സ്റ്റുഡിയോ അനുഭവങ്ങള്‍ ആണ് കഥ. ഇവരെ കാണാന്‍ എത്തുന്ന ചാനലുകാരുടെ ആവശ്യങ്ങളും, അവര്‍ക്കായി ഇവര്‍ എങ്ങനെ ഗാനങ്ങള്‍ ഒരുക്കുന്നു എന്നതുമാണ്‌ ചിത്രത്തിന്‍റെ ഹൈ ലൈറ്റ്.

ഇത്തരത്തില്‍ ചിത്രത്തിനായി, കേട്ടാല്‍ ചിരിച്ചുപോകുന്ന ആറു ഗാനങ്ങള്‍ ആണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. ഹിറ്റ്‌ ഗാനങ്ങളുടെ ‘ദുരന്ത പതിപ്പ്’ ഭംഗിയായാണ് രചിച്ചിരിക്കുന്നത്.

എറണാകുളം സ്വദേശിയായ ജെഫിന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഫെജോ ആണ്. ക്യാമറ സുഹാസ്‌ സുകുമാരന്‍ കൈകാര്യം ചെയ്തിരിക്കുന്നു.
ഇവരോടൊപ്പം മനു, ആനന്ദ് ശങ്കര്‍, അബിന്‍, ധനീഷ്, നിവിന്‍, അനുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നതും ഇതേ ടീം തന്നെ.

തേപ്പ് കഥകളും, പ്രണയ പ്രതികാര കഥകളും അരങ്ങു വാഴുന്ന ഷോര്‍ട്ട് ഫിലിമുകളില്‍ നിന്നും മാറി, രസകരവും വ്യത്യതമായ ഒരു വിഷയം പറയാന്‍ ശ്രമിക്കുന്ന, ഈ ഷോര്‍ട്ട് ഫിലിം കണ്ടിരിക്കാവുന്ന ഒന്നാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more