1 GBP = 106.06
breaking news

വിസ്മയങ്ങളുടെ പൂരക്കാഴ്ചയൊരുക്കി യുക്മ; വള്ളം കളിയും കേരളാ കാര്‍ണിവലും നാളെ ജൂലൈ 29 ശനിയാഴ്ച്ച ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്കില്‍; അരയും തലയും മുറുക്കി യുകെ മലയാളികള്‍ നാളെ ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്കിലെത്തുന്നത് പുതിയ ചരിത്രം കുറിക്കാന്‍

വിസ്മയങ്ങളുടെ പൂരക്കാഴ്ചയൊരുക്കി യുക്മ; വള്ളം കളിയും കേരളാ കാര്‍ണിവലും നാളെ ജൂലൈ 29 ശനിയാഴ്ച്ച ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്കില്‍; അരയും തലയും മുറുക്കി യുകെ മലയാളികള്‍ നാളെ ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്കിലെത്തുന്നത് പുതിയ ചരിത്രം കുറിക്കാന്‍

വിസ്മയങ്ങളുടെ പൂരക്കാഴ്ചയൊരുക്കിയാണ് യുക്മ നാളെ യുകെ മലയാളികളെ ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്കില്‍ വരവേല്‍ക്കുന്നത്. യുകെയിലെ അങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിന് മലയാളികളാണ് നാളത്തെ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാനെത്തുന്നത്. ആദ്യമായാണ് യുകെ മലയാളികള്‍ക്കിടയില്‍ വള്ളം കളിയെന്ന ആശയം അവതരിപ്പിക്കപ്പെടുന്നതും ഫലവത്താകുന്നതും. യുക്മ ഭരണസമിതിയുടെ ആശയം യുകെ മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 22 ടീമുകളാണ് വള്ളം കളി മത്സരത്തില്‍ പങ്കെടുക്കാനെത്തുന്നത്.

വള്ളംകളിയില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളും തന്നെ ഇതിനോടകം തന്നെ വിവിധ സ്ഥലങ്ങളില്‍ പരിശീലനം നടത്തിയിട്ടുണ്ട്. എന്നാല്‍ മത്സരം നടക്കുന്ന ഡ്രേക്കോട്ട് തടാകം, മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന വള്ളം, തുഴ എന്നിവയുമായി കൂടുതല്‍ അടുപ്പം ടീം അംഗങ്ങള്‍ക്ക് ഉണ്ടാകുന്നതിന് വേണ്ടി ഒരു റൗണ്ട് പരിശീലനം നടത്തുന്നതിനുള്ള സൗകര്യം സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടു മണിക്ക് തന്നെ ആരംഭിക്കുന്ന ഇന്‍ഫൊര്‍മേഷന്‍ രെജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ ഇതിനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും. ഓരോ ടീമുകള്‍ക്കുമുള്ള ജേഴ്‌സിയും ടീമുകളുടെ ലോഗോ അടങ്ങിയ പതാകയും അതാത് ടീമുകളുടെ ക്യാപ്റ്റന്മാര്‍ രെജിസ്‌ട്രേഷന്‍ കൗണ്ടറില്‍ നിന്നും കൈപ്പറ്റേണ്ടതാണ്. 8.30 മുതല്‍ ആരംഭിക്കുന്ന ട്രെയിനിങ് റേസുകളില്‍ എല്ലാ ടീമുകള്‍ക്കും ഓരോ റൗണ്ട് വീതം പരിശീലന തുഴച്ചിലിന് അവസരം ഉണ്ടായിരിക്കുന്നതാണ്.

10.30ന് ആരംഭിക്കുന്ന ഉത്ഘാടന സമ്മേളനത്തില്‍ വിശിഷ്ടാതിഥികളെ സ്വീകരിക്കാന്‍ മുത്തുക്കുടകളുടേയും താലപ്പൊലിയുടേയും അകമ്പടിയോട് കൂടി നെറ്റിപ്പട്ടം കെട്ടിയ നീലഗിരി കണ്ണനും ശിങ്കാരിമേളവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഹൃസ്വമായ ഉദ്ഘാടന സമ്മേളനത്തിന് ശേഷം 11 മണിയോട് കൂടി ആദ്യ റൗണ്ട് റേസ് തുടങ്ങുന്നതായിരിക്കും. വഞ്ചിപ്പാട്ടുകളുടെ അകമ്പടിയോടെ താളത്തില്‍ വാക്കുകളെ തുഴകളാക്കി ആവേശം കോരിയെറിയുന്ന വാഗ്‌ധോരണിയുമായി മത്സരവള്ളങ്ങളുടെ കുതിപ്പിനൊപ്പം കരയെയും തടാകത്തെയും ഒരുപോലെ ഇളക്കിമറിച്ചു കമന്ററി നല്‍കുന്നതിന് പ്രതിഭാധനരും പ്രഗത്ഭമതികളുമായ സംഘത്തെയാണ് സ്വാഗതസംഘം നിയോഗിച്ചിരിക്കുന്നത്. വള്ളംകളിയില്‍ ജലരാജാക്കന്മാര്‍ ഡ്രേക്കോട്ട് തടാകത്തിന്റെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് മാരിവില്ല് തീര്‍ത്ത്, എയ്ത് വിട്ട ശരം പോലെ… പാഞ്ഞ് വരുന്ന വെടിയുണ്ട കണക്ക്…. ഫിനിഷിങ് പോയിന്റിനെ ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ അതിന്റെ ആവേശം ടീം അംഗങ്ങളിലേയ്ക്കും കാണികളിലേയ്ക്കും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേയ്ക്ക് ലൈവ് ടെലികാസ്റ്റിലും എത്തിക്കുന്നതിനായി യുക്മ സാംസ്‌ക്കാരിക വേദി വൈസ് ചെയര്‍മാന്‍ സി.എ ജോസഫ്, യു.കെ വാര്‍ത്ത എഡിറ്റര്‍ ഷൈമോന്‍ തോട്ടുങ്കല്‍, സ്‌റ്റോക്ക് ഓണ്‍ട്രന്റില്‍ നിന്നുള്ള തോമസ് പോള്‍, സഹൃദയ കെന്റ് പ്രസിഡന്റ് അജിത് വെണ്‍മണി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ഒരുങ്ങുന്നത്.

വള്ളംകളി മത്സരങ്ങളുടെ ഇടവേളകളില്‍ അതിമനോഹരമായ കലാവിരുന്നാണ് ജെയ്‌സണ്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ടീം അണിയിച്ചൊരുക്കിക്കൊണ്ടിരിക്കുന്നത്. വെല്‍ക്കം ഡാന്‍സ് ഉള്‍പ്പെടെ കേരളീയ – ഇന്ത്യന്‍ കലാരൂപങ്ങളും നൃത്തരൂപങ്ങളും അരങ്ങേറുന്നതായിരിക്കും. നയനമനോഹരങ്ങളായ നൃത്തകലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ളവര്‍ എല്ലാവരും ഇതിനോടകം പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

കാര്‍ പാര്‍ക്കിങിന് 2000ല്പരം സ്‌പേസും കോച്ച്, മിനി ബസ് എന്നിവ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ഒരുക്കിയിട്ടുള്ളതിനാലും അന്നേ ദിവസം എത്തിച്ചേരുന്നവര്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടും പാര്‍ക്കിങ് സംബന്ധിച്ച് ഉണ്ടാവില്ലെന്നുള്ളത് ഉറപ്പാണ്. പാര്‍ക്കിങ് അറ്റന്റുമാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിന് എല്ലാവരും ശ്രദ്ധിക്കണമെന്ന് സംഘാടകസമിതി അഭ്യര്‍ത്ഥിച്ചു. ഈ പരിപാടി നടക്കുന്ന റഗ്ബിയിലെ ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്കില്‍ അന്നേ ദിവസം നടക്കുന്ന എല്ലാ പരിപാടികളും സംബന്ധിച്ച വിവരങ്ങള്‍ രാവിലെ മുതല്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ നിന്നും ലഭ്യമായിരിക്കും.

വള്ളംകളി മത്സരത്തില്‍ നീലഗിരി ഏവര്‍ക്കും വേണ്ടി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ചായ, കാപ്പി, ശീതളപാനീയങ്ങള്‍, സ്‌നാക്കുകള്‍ മുതലായവ ആവശ്യമനുസരിച്ചു ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ ചിക്കന്‍ ഫിംഗേഴ്‌സ് & ചിപ്‌സ്, ഐസ്‌ക്രീം, ശീതള പാനീങ്ങള്‍ എന്നിവ ആവശ്യനുസരണം ഒരുക്കിയിട്ടുണ്ട്. സ്വാദിന് പേരുകേട്ട നീലഗിരീ ബിരിയാണിയും, കപ്പ ബിരിയാണിയും തട്ട് ദോശയും എന്നു വേണ്ട മലയാളിക്ക് പ്രിയപ്പെട്ട എല്ലാ വിഭവങ്ങളും നീലഗിരി റെസ്‌റ്റോറന്റ് ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

എറിയുന്ന ഓരോ തുഴക്കുമൊപ്പം മത്സരത്തിന്റെ ആവേശം നിലനിര്‍ത്തുവാന്‍ ആദ്യാവസാനം ചെണ്ടമേളത്തിന്റെ അകമ്പടിയും ഉണ്ടാകുന്നതാണ്. പൂരത്തിന്റെ നാട്ടില്‍ നിന്നുമെത്തിയ യുകെയിലെ പ്രമുഖ ചെണ്ടമേള വിദഗ്ധന്‍ ശ്രീ. രാധേഷ് നായരുടെ നേതൃത്വത്തിലുള്ള ശിങ്കാരി മേളമാണ് പ്രഥമ വള്ളം കളി മത്സരത്തിന് ശബ്ദ സൗന്ദര്യം നല്‍കുന്നത്. തന്റെ തന്നെ ശിഷ്യന്മാരായ മാഞ്ചസ്റ്റര്‍ മേളം, റിഥം വാറിംഗ്ട്ടണ്‍, ബോള്‍ട്ടന്‍ ബീറ്റ്‌സ് എന്നീ ടീമുകളിലെ 36 അംഗങ്ങളാണ് ഇംഗ്ലണ്ടിലെ വേമ്പനാട്ടു കായലില്‍ എത്തിച്ചേരുക.

ഈ വിസ്മയങ്ങളുടെ പൂരക്കാഴ്ചയിലേക്ക് യുകെയിലെ മുഴുവന്‍ മലയാളികളെയും യുക്മ ന്യൂസും സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more