1 GBP = 105.96

ദൈവശാസ്ത്രപരിജ്ഞാനമുള്ള അല്മായര്‍ സഭയുടെ മുതല്‍ക്കൂട്ട്: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ദൈവശാസ്ത്രപരിജ്ഞാനമുള്ള അല്മായര്‍ സഭയുടെ മുതല്‍ക്കൂട്ട്: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

അടിക്കുറിപ്പ്:

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയും തലശേരിയിലുള്ള ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ദൈവശാസ്ത്രം കോഴ്സുകളുടെ ഉത്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം നിര്‍വഹിക്കുന്നു. വികാരി ജനറാള്‍ . മോണ്‍. മാത്യു ചൂരപ്പൊയ്കയില്‍, ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് ഡയറക്ടര്‍ റവ. ഡോ. ജോസഫ് പാംപ്ലാനി, കോഴ്‌സ് ഡയറക്ടര്‍ റവ. ഫാ. ജോയി വയലില്‍ സി.എസ.റ്റി, റവ. ഡോ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, റവ. ഡോ. മേരി ആന്‍ സി.എം.സി, റവ. ഫാ. ഫാന്‍സുവ പത്തില്‍, ശ്രീമതി. അനീറ്റ ഫിലിപ്, ശ്രീമതി ആന്‍സി ജോണ്‍സന്‍, സി. ഫിമി, സി. മിനി പുതുമന തുടങ്ങിയവര്‍ സമീപം.

ഫാ. ബിജു കുന്നയ്ക്കാട്ട്, പി.ആര്‍.ഓ

ബര്‍മിംഗ്ഹാം: ദൈവശാസ്ത്രപരിജ്ഞാനമുള്ള അല്മായര്‍ സഭയുടെ മുതല്‍ക്കൂട്ടാണെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയും തലശ്ശേരിയിലുള്ള ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ദൈവശാസ്ത്ര കോഴ്സുകളുടെ ഉത്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ അജപാലന ശുശ്രൂഷയിലും സുവിശേഷവത്കരണ പ്രവൃത്തികളിലും ഈ അല്മായര്‍ക്ക് സുപ്രധാനമായ സ്ഥാനമുണ്ടാകും. സഭാവബോധവും ദൈവശാസ്ത്ര ഉള്‍ക്കാഴ്ചകളുമുള്ള അല്മായര്‍ സഭയുടെ ചരിത്രത്തില്‍ എല്ലാ കാലത്തും നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കുകയും സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്.

പ്രബുദ്ധരായ അല്മായ സമൂഹം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ സഭൈക്യശുശ്രൂഷയില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കുന്നതായും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു ചൂരപ്പൊയ്കയില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് ഡയറക്ടര്‍ റവ. ഡോ. ജോസഫ് പാംപ്ലാനി, കോഴ്‌സ് ഡയറക്ടര്‍ റവ. ഫാ. ജോയി വയലില്‍ സി.എസ്.റ്റി, റവ. ഡോ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, റവ. ഡോ. മേരി ആന്‍ സി.എം.സി, റവ. ഫാ. ഫാന്‍സുവ പത്തില്‍, ശ്രീ. തമ്പി ജോസ്, ശ്രീമതി. സിന്ധു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഗ്രന്ഥം, ആരാധന ക്രമം തുടങ്ങി പതിനാലു വിഷയങ്ങളിലും ഹീബ്രു, ഗ്രീക്ക്, സുറിയാനി തുടങ്ങിയ ഭാഷകളും പരിചയപ്പെടുത്തുന്ന ദൈവ ശാസ്ത്ര കോഴ്സില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം അല്മായര്‍ ചേര്‍ന്നിട്ടുണ്ട്.

ബെല്‍ജിയത്തിലെ ലുവന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും വി. ഗ്രന്ഥ പഠനത്തില്‍ ഡോക്റ്ററേറ്റ് നേടിയിട്ടുള്ള പ്രശസ്ത ദൈവശാസ്ത്രജ്ഞന്‍ റവ. ഫാ. ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍ റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.റ്റി, റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍, റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട്, റവ. ഡോ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, റവ. ഡോ. സി മേരി ആന്‍ സി.എം.സി, റവ. ഡോ. ഗരേത്ത് ലേഷോണ്‍, റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി എം.എസ്.റ്റി, റവ. ഡോ. മാത്യു പിണക്കാട്ട് തുടങ്ങിയവരാണ് ക്‌ളാസുകള്‍ നയിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മതബോധന കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഡോ. ഫാ. ജോയി വയലില്‍ സി.എസ.റ്റി ഡയറക്ടര്‍ ആയും ശ്രീമതി അനീറ്റ ഫിലിപ് രജിസ്റ്ററായും ശ്രീ. സിജി സെബാസ്റ്റ്യന്‍ വാദ്ധ്യാനത്ത് ഫൈനാന്‍സ് ഓഫീസറായും മിസ് ലിന്‍സിയ ജോര്‍ജ് അക്കാദമിക് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കും. ഡിപ്ലോമ, ബിരുദം ബിരുദാനന്തരബിരുദം എന്നിങ്ങനെയുള്ള വിവിധ തലങ്ങളിലുള്ള കോഴ്സിന് വിവിധ യൂണിവേഴ്‌സിറ്റികളുടെ അംഗീകാരവുമുണ്ട്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത നിലവില്‍ വന്ന ശേഷം ആവിഷ്‌കരിക്കുന്ന ആദ്യത്തെ പ്രമുഖ സംരംഭമാണ് ദൈവശാസ്ത്ര പഠന കോഴ്‌സ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more