1 GBP = 105.74
breaking news

‘അവസാനം ഡോക്ടര്‍മാര്‍ നേരിട്ട് എന്നോട് പറഞ്ഞു ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന്; ഭാര്യയോടും മകളോടും ഇനി പന്ത്രണ്ട് മണിക്കൂര്‍ മാത്രം എന്നും’ ലോക ക്യാന്‍സര്‍ ദിനത്തില്‍ എഴുതിയ രഞ്ജിത്തേട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

‘അവസാനം ഡോക്ടര്‍മാര്‍ നേരിട്ട് എന്നോട് പറഞ്ഞു ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന്; ഭാര്യയോടും മകളോടും ഇനി പന്ത്രണ്ട് മണിക്കൂര്‍ മാത്രം എന്നും’ ലോക ക്യാന്‍സര്‍ ദിനത്തില്‍ എഴുതിയ രഞ്ജിത്തേട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള നൂല്‍പ്പാലത്തിലൂടെയാണ് രഞ്ജിത്തേട്ടന്‍ എന്ന് യുകെ മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന രഞ്ജിത്ത് കുമാര്‍ ജീവിതത്തിലേക്ക് നടന്ന് കയറിയത്. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റും സീനിയര്‍ അംഗവുമായ ശ്രീ രഞ്ജിത്ത് കുമാര്‍ ലോക ക്യാന്‍സര്‍ ദിനത്തില്‍ ഫേസ്ബുക്കിലൂടെ തന്റെ അനുഭവം പങ്കു വയ്ക്കുന്നു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഇന്ന് ലോക ക്യാന്‍സര്‍ ദിനം.രശ്മിയുടെ ഫേസ്ബുക് പോസ്റ്റ് വേണ്ടി വന്നു എന്നെ ഇതു ഓര്‍മ്മിപ്പിക്കാന്‍ പിന്നീട് ചില ചാനലുകളില്‍ ഇതേപ്പറ്റി വിശദമായ ചര്‍ച്ചയും കണ്ടു.ഇതില്‍ കുടുതലും ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള മാര്ഗങ്ങളെപ്പറ്റിയായിരുന്നു.

എനിക്ക് പറയാനുള്ളത് ഒരു ദശാബ്ദത്തിലേറെയായി ഞാന്‍ പിന്നിട്ട അനുഭവങ്ങളെപ്പറ്റിയാണ്.എന്റെ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് നടന്നത് 12 വര്ഷം മുന്‍പാണ്.പിന്നീട് കീമോ തെറാപ്പി ,റേഡിയേഷന്‍ തുടങ്ങി പലതിനും വിധേയനായിട്ടുണ്ട് .അന്ന് ഡോക്ടര്‍ എനിക്ക് നല്‍കിയ ജീവിത കാലാവധി കൂടിയാല്‍
24 മാസമാണ്.എന്റെ തൂക്കം പകുതിയായി.ശരീരത്തിലെ രോമമെല്ലാം കൊഴിഞ്ഞു ഒരു പ്രാകൃത രൂപമായി, നടക്കാന്‍ ഊന്നു വടി വേണ്ടിവന്നു. ഒരു വര്ഷത്തിലേറെ ജോലിയില്‍ നിന്ന് മാറി നിന്നു .ഇതൊന്നും എന്നെ ഭയപെടുത്തിയില്ല .മരിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു .ഞാന്‍ മരിച്ചാല്‍ എന്നോടൊപ്പം ഉള്ളവര്‍ക്ക് എന്ത് സംഭവിക്കും എന്ന ചിന്തയും എന്നെ തീരെ അലട്ടിയില്ല .ഏതു സാഹചര്യത്തിലും മനുഷ്യന്‍ അതിജീവിക്കും.

ചികിത്സയും മരുന്നും തുടര്‍ന്നുകൊണ്ടേയിരുന്നു .ഇതിനിടയില്‍ ഒരിക്കല്‍ പോലും ദൈവങ്ങളെയും പ്രാത്ഥനകളെയും ആശ്രയിച്ചിട്ടില്ല .എന്നെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരെയും ,നേഴ്‌സ്മാരെയും ,മെഡിക്കല്‍ സയന്‍സിനെയും പൂര്‍ണമായും വിശാസത്തിലെടുത്തായിരുന്നു ഞാന്‍ മുന്നോട്ടു പോയത്. ക്രമേണ ഊന്നു വടി ഉപേക്ഷിച്ചു .ജോലിയില്‍ തിരികെ കയറി.എന്റെ ഇഷ്ട വിനോദമായ െ്രെഡവിംഗ് തുടങ്ങി.ഇടക്കിടക്ക് വരുന്ന സ്ഥലമാറ്റം മൂലം കംബ്രിഡ്ജില്‍ നിന്ന് ലണ്ടന്‍ ,ഇപ്‌സ്വിച്,കോള്‍ചെസ്റ്റര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കു പോയി വരേണ്ടിവന്നു .ഇതിനോടകം ഡോക്ടര്‍ എനിക്ക് കുറിച്ചിട്ട കാലാവധി കടന്നുപോയി. മരുന്നുകളും ഡോക്ടര്‍മാരുമായുള്ള കൂടികാഴ്ചകളും തുടര്‍ന്നുകൊണ്ടേയിരുന്നു.

പിന്നങ്ങോട്ട് ജോലി യാത്രകള്‍ അസോസിയേഷന്‍ പ്രവത്തനം യുക്മയിലേക്കുള്ള പ്രവേശനം തുടങ്ങി തിരക്കുള്ള ദിനങ്ങള്‍. 2014 മാര്‍ച്ചോടെ എന്റെ തൂക്കം പെട്ടന്ന് കുറയുന്നതായി മനസിലായി. വിട്ടുമാറാത്ത തലവേദനയും.ഏപ്രില്‍ നാലിന് രാത്രിയില്‍ തലവേദന മൂര്‍ച്ഛിക്കുകയും പെട്ടന്നു ആശുപത്രിയില്‍ എത്തി .സ്‌കാന്‍ ചെയ്തപ്പോള്‍ തലച്ചോറില്‍ ശക്തമായ രക്ത സ്രവം കണ്ടെത്തുകയും ഉടന്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. അടുത്ത ദിവസം വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു.എന്നിട്ടും കുറവ് കാണാത്തതുകൊണ്ട് മൂന്നാമതൊരു ശസ്ത്രക്രിയയെ കുറിച്ചു ഡോക്ടര്‍മാര്‍ ചിന്തിച്ചു തുടങ്ങി. ഇതു തികച്ചും അസാധാരണവും അപകടകരവും ആയിരുന്നു.വേറെ യാതൊരു മാര്‍ഗവും ഇല്ലാതിരുന്നുകൊണ്ടു അവര്‍ മുന്നോട്ടുപോയി .അവസാനം തലയിലെ സമ്മര്‍ദ്ദം കുറക്കാന്‍ തലയോട്ടിയുടെ ഒരു ഭാഗം മുറിച്ചു മാറ്റി .പിന്നീട് രണ്ടു മാസത്തോളം വെന്റിലേറ്ററില്‍.

ജീവിതത്തിലോട്ടു തിരിച്ചു വരുമെന്നു ഡോക്ടര്‍മാര്‍ക്കുപോലും പ്രതീക്ഷയില്ലാത്ത അവസ്ഥ, അല്ലെങ്കില്‍ സംസാരശേഷി നഷ്ടപ്പെട്ടു ശരീരം തളര്‍ന്ന ഒരവസ്ഥ .അന്ന് യുകെ ആകമാനം മലയാളികള്‍ എന്നോട് കാണിച്ച സ്‌നേഹവും പിന്തുണയും ഒരിക്കലും മറക്കാന്‍ പറ്റില്ല. കൂടാതെ എല്ലാ ഓണ്‍ ലൈന്‍ പത്രങ്ങളും നല്‍കിയ വാര്‍ത്തകളും മറക്കാനാവില്ല .ഞാന്‍ ഒരു അവിശ്വാസിയാണെന്ന് അറിഞ്ഞിട്ടുകുടി എന്നെ നേരിട്ടു അറിയാത്ത ഒത്തിരിപേര്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. മുന്ന് മാസത്തിനു ശേഷം തികച്ചും അവിശ്വസിനീയമായി ഞാന്‍ തിരിച്ചുവന്നു.

പിന്നെ കീമോ തെറാപ്പി തുടങ്ങാന്‍ തീരുമാനിച്ചു.അതിനു മുന്‍പ് നാട്ടില്‍ പോയി പ്രായമായ അമ്മയെ കാണാന്‍ ഒരു ആഗ്രഹം .ഒരുതലത്തിലും യാത്ര ചെയ്യാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല .അവസാനം എന്റെ സ്വന്തം റിസ്‌കില്‍ ഞാന്‍ പോയിട്ടുവന്നു. യാതൊരു കുഴപ്പുവും ഇല്ലാതെ.കിമോ തെറാപ്പി തുടങ്ങി.

നാലാഴ്ച ആണ് വേണ്ടത് . മൂന്നു ആഴ്ച കഴിഞ്ഞപോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു.ഈ തവണ രക്ത സ്രവം ശരീരത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടായി .ഒന്നും ചെയ്യാന്‍ ഇല്ലാത്ത അവസ്ഥ.വീണ്ടും വെന്റിലേറ്ററില്‍, അവസാനം ഡോക്ടര്‍മാര്‍ എന്നോട് നേരിട്ട് പറഞ്ഞു , മരിക്കാന്‍ പോകുകയാണന്നു .12 മണിക്കൂര്‍ മാത്രം എന്ന് ഭാര്യയോടും മകളോടും പറഞ്ഞു .എല്ലാവരും മാനസികമായി തയാറെടുത്തു . അങ്ങനെ 30 ദിവസം വെന്റിലേറ്റരില്‍.

എല്ലാ ഡോക്ടര്‍മാരെയും അത്ഭുതപെടുത്തികൊണ്ടു ഞാന്‍ വെന്റിലേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് .ഒടുവില്‍ ഇനി ഒരു ചികിത്സയും ഇല്ലായെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു. എന്നെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് റെഫര്‍ ചെയ്തു .അത് കഴിഞ്ഞ വര്ഷം മാര്‍ച്ചിലില്‍ അണ് .ഒരു കാര്യം കുടി ഡോക്ടര്‍ പറഞ്ഞു.ആറു മാസത്തില്‍ കൂടുതല്‍ ഇനി ജീവിക്കില്ലായെന്നു. പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ ഡോക്ടറോടു ഇനി ഒരു വര്ഷം കഴിഞ്ഞു കാണാം എന്ന് പറഞ്ഞു മടങ്ങി .

ഇപ്പോള്‍ യുക്മയുടെ റീജിണല്‍ പ്രസിഡന്റ് ആയി വീണ്ടും ചുമതലയേറ്റു .ജീവിതത്തിന്റെ തിരക്കിലേക്ക് ഒരിക്കല്‍ കുടി.എന്റെ പന്ത്രണ്ടു വര്‍ഷത്തെ ഈ യാത്ര ഒരു പുസ്തകത്തില്‍ എഴുതാന്‍ മാത്രം ഉണ്ട് .എനിക്ക് പറയാനുള്ളത് ക്യാന്‍സറെന്നല്ല ഒരു രോഗത്തിനും നിങ്ങളെ തോല്‍പിക്കാന്‍ ആവില്ല.അത് നിങ്ങള്‍ തീരുമാനിക്കണം. നിങ്ങളുടെ ഡോക്ടറെയും ചികിത്സ രീതിയെയും വിശ്വസത്തിലെടുക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more