1 GBP = 106.18
breaking news

പക്ഷങ്ങളില്ലാതെ നേരിന്റെ വഴിയേ…വായനക്കാര്‍ക്ക് ക്രിസ്തുമസ് സമ്മാനമായി യുക്മന്യൂസ് പുതിയ രൂപത്തില്‍…

പക്ഷങ്ങളില്ലാതെ നേരിന്റെ വഴിയേ…വായനക്കാര്‍ക്ക് ക്രിസ്തുമസ് സമ്മാനമായി യുക്മന്യൂസ് പുതിയ രൂപത്തില്‍…

മാന്യവായനക്കാര്‍ക്ക് ക്രിസ്തുമസ് സമ്മാനമായി യുക്മന്യൂസ് പുതിയ രൂപത്തില്‍… പഴയ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ദിവസങ്ങളായി താല്‍ക്കാലിക പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തനം തുടര്‍ന്നിരുന്ന യുക്മന്യൂസ് പുതിയ സൈറ്റ് വായനക്കാര്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കുകയാണ്.

പക്ഷം പിടിക്കാതെ നേരിന്റെ വഴിയേയുള്ള മാധ്യമപ്രവര്‍ത്തനത്തിന് രണ്ട് വര്‍ഷം തികഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി ഹാക്കിംഗിന്റെ രൂപത്തില്‍ യുക്മന്യൂസ് ടീം വലിയൊരു പ്രതിസന്ധി നേരിട്ടത്. രണ്ട് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ ഒരു കൂട്ടായ്മയുടെ ശക്തിയെന്തെന്ന് തെളിയിച്ച നിമിഷങ്ങളായിരുന്നു കടന്നുപോയത്. പ്രതിസന്ധിയെ മറികടക്കാന്‍ ന്യൂസ്ടീമിന് സാധിച്ചത് ഓരോ അംഗത്തില്‍ നിന്നുമുള്ള അതിശക്തമായ പിന്തുണ ഒന്നുകൊണ്ട് മാത്രമായിരുന്നു. സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍ താല്‍ക്കാലികമായ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തനം തുടരുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിന്നിടം തൊട്ട് പുതിയ സൈറ്റ് ലോഞ്ച് ചെയ്യുന്നിടം വരെയുള്ള ഓരോ നിമിഷത്തിലും യുക്മ സ്‌നേഹികളില്‍ നിന്ന് ലഭിച്ചത് വലിയ പിന്തുണ തന്നെയായിരുന്നു.പഴയ ടെക്ക്നിക്കല്‍ ടീം കൈവിട്ടപ്പോള്‍ താല്‍കാലിക പ്ലാറ്റ്ഫോം ഒരുക്കാന്‍ സഹായിച്ച ഡെയിലി മലയാളം ഉടമ എബി സെബാസ്റ്റ്യനെ ഏറെ നന്ദിയോടെ സ്മരിക്കുന്നു.

യുക്മ ന്യൂസ് പ്രവര്‍ത്തനം ആരംഭിച്ച് ഒന്നര  വര്‍ഷം പിന്നിടുമ്പോഴേക്കും യുകെ മലയാളികളുടെ ഇടയില്‍ ഏറ്റവും അധികം പ്രചാരത്തിലുളള രണ്ടാമത്തെ ഓണ്‍ലൈന്‍ പത്രമെന്ന ഖ്യാതി നേടികഴിഞ്ഞിരുന്നു. ഈ നേട്ടത്തിലേക്ക് യുക്മന്യൂസിനെ എത്തിച്ച ഓരോ അഭ്യുദയ കാംക്ഷികളോടും അകൈതവമായ നന്ദി ലഭ്യമാകുന്ന ഓരോ അവസരത്തിലും യുക്മന്യൂസ് ടീം അര്‍പ്പിച്ചിട്ടുള്ളതുമാണ്. ഓരോ പ്രതിസന്ധികളിലും തളരാതെ മുന്നോട്ട് പോകാനുള്ള പ്രചോദനം ലഭിക്കുന്നതും ഈ പിന്തുണയില്‍ നിന്നാണ്.

സംഘടനയിലെ  ചിലരെങ്കിലും യുക്മാന്യൂസിനെതിരെ സമാന്തര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോഴും യുക്മ ന്യൂസ് ടീമിന് ശക്തി പകരുന്നത്  യുക്മ നേതൃത്വവും യുകെ മലയാളികളും  നല്‍കുന്ന അകമഴിഞ്ഞ പിന്തുണയാണ്. യുകെ മലയാളികളുടെ നന്മയ്ക്കായി  യുക്മ നേതൃത്വം എടുക്കുന്ന നിലപാടുകള്‍ക്ക് ഒപ്പം നിന്നുകൊണ്ടു   മുഖം നോക്കാതെ വാര്‍ത്തകള്‍ നല്‍കുന്നത് ന്യൂസ് ടീം തുടര്‍ന്ന് കൊണ്ടേയിരിക്കും.

യുക്മയുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതിനൊപ്പം തന്നെ യുകെ മലയാളികള്‍ക്ക് പ്രയോജനപ്രദമായ വിവരങ്ങളും വാര്‍ത്തകളും അവരുടെ പ്രശ്‌നങ്ങളും ജനസമക്ഷത്തിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് യുക്മന്യൂസ് പ്രവര്‍ത്തനം ആരംഭിച്ചത്. നാളിതുവരെയുള്ള പ്രവര്‍ത്തനത്തില്‍ ഈ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കാനും വ്യക്തിഹത്യാ മാധ്യമപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനും സാധിച്ചിട്ടുണ്ടെന്നുള്ളത് ഏറെ അഭിമാനത്തോടെ തന്നെ ചൂണ്ടിക്കാണിക്കട്ടെ. തുടര്‍ന്നങ്ങോട്ടും യുകെ മലയാളികളുടെ പ്രശ്‌നങ്ങളിലും ആവശ്യങ്ങളിലും ശക്തമായ പിന്തുണയുമായി യുക്മ ന്യൂസ് ഉണ്ടാകുമെന്നും ഈ ഘട്ടത്തില്‍ ഉറപ്പ് നല്‍കട്ടെ.

കുടുതല്‍ വായനാസുഖം പ്രദാനം ചെയ്യുന്നവിധത്തില്‍ കൂടുതല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ സൈറ്റ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. മനുഷ്യസഹജമായ തെറ്റുകള്‍ ആര്‍ക്കും വരാവുന്നതിനാല്‍ പൂര്‍ണ്ണത ഞങ്ങള്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ തിരുത്താന്‍ ഞങ്ങള്‍ സദാ തയ്യാറാണ്. കാരണം തിരുത്തലുകളിലൂടെയാണ് പൂര്‍ണ്ണതയിലേക്കുള്ള യാത്രയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വായനക്കാര്‍ക്ക് പുതിയ സൈറ്റിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങളെ അറിയിക്കാവുന്നതാണ്. തുറന്നമനസ്സോടെ തന്നെ അതിനെ സ്വീകരിക്കുന്നതും പരിമിതികളില്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ അവയെ പരിഗണിക്കുന്നതുമാണ് എന്ന് ഉറപ്പുനല്‍കുന്നു. തുടര്‍ന്നും വായനക്കാരുടെ നിസ്സീമമായ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്

യുക്മന്യൂസ് ടീം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more