1 GBP = 105.96

പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും യുക്മയെ ജനഹൃദയങ്ങളില്‍ എത്തിച്ച കലാമേളകള്‍

പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും യുക്മയെ ജനഹൃദയങ്ങളില്‍ എത്തിച്ച കലാമേളകള്‍

യുക്മ ന്യൂസ് ടീം

കവന്‍ട്രിയിലെ കലാ മാമാങ്കത്തിന് ഇനി മൂന്നുനാള്‍ മാത്രം ശേഷിക്കെ കലാസ്‌നേഹികളായ യുകെ മലയാളികള്‍ ശനിയാഴ്ചത്തെ കലാമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.ജാതിമത വര്‍ഗ വര്‍ണ ഭേദമെന്യേ ആയിരക്കണക്കിനു മലയാളികള്‍ ഷേക്‌സ്പിയറിന്റെ ജന്മ നാട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ പ്രവാസലോകത്തിന്റെ തിരക്കുകള്‍ക്കിടയില്‍ യുക്മ കലാമേളകളുടെ പ്രസക്തി ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്.

ലോക മലയാളികള്‍ക്കിടയിലെ നിരവധി പ്രവാസി സമൂഹങ്ങളുടെ ഇടയില്‍ തന്നെ ഏറ്റവും വലിയ ഒരു കലാമാമാങ്കമാണ് യുക്മ കലാമേളകള്‍. മാറിവരുന്ന കാലഘട്ടത്തില്‍ യുകെയിലെ മലയാളികള്‍ക്ക് തങ്ങള്‍ വളര്‍ന്നുവന്ന കാലഘട്ടത്തെ കുറിച്ച് ഓര്‍മ്മിക്കുവാനും പുതുതലമുറയെ നമ്മുടെ സാംസ്‌കാരിക പൈതൃകം പഠിപ്പിക്കുവാനും കഴിയുന്ന ഏറ്റവും വലിയൊരു മാധ്യമം എന്ന നിലയിലേക്ക് യുക്മ കലാമേളകള്‍ വളര്‍ന്നു കഴിഞ്ഞു.ഏഴു വര്‍ഷം മുന്‍പ് ഈ മഹനീയ ആശയത്തിന് തുടക്കമിടുകയും എല്ലാ വര്‍ഷവും മുടങ്ങാതെ റീജണല്‍ /ദേശീയ തലങ്ങളില്‍ കലാമേളകള്‍ നടത്തുകയും ചെയുന്ന യുക്മ നേതൃത്വം അഭിനന്ദനം അര്‍ഹിക്കുന്നു.

നമ്മുടെയൊക്കെ പഠന കാലത്ത് നടന്ന സ്‌കൂള്‍ യുവജനോത്സവങ്ങള്‍ ഒട്ടേറെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളിലൊന്നാണ്. ഓരോ വിദ്യാര്‍ത്ഥിയുടേയും ഉള്ളിലുറങ്ങുന്ന കഴിവുകളെ തൊട്ടുണര്‍ത്തി, തേച്ച് മിനുക്കി ലോകത്തിന് മുന്നിലേക്ക് തുറന്ന് വെയ്ക്കുന്ന ഒരു വലിയ സാംസ്‌കാരിക മാമാങ്കം തന്നെയാണ് കേരളത്തിലെ സ്‌കൂള്‍ കലാമേളകള്‍. ഇന്ന് സമൂഹത്തില്‍ അറിയപ്പെടുന്ന പ്രമുഖരായ കലാകാരന്‍മാരെല്ലാം തന്നെ സ്‌കൂള്‍ കായികമേളയില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളവരാണ്. എന്നാല്‍ പ്രവാസലോകത്ത് ഇത്തരമൊരു അവസരം നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്ന തിരിച്ചറിവ് ആയിരിക്കണം കലാമേളകള്‍ തുടങ്ങുവാനുള്ള യുക്മ നേതാക്കളുടെ പ്രേരക ശക്തി.

കുട്ടികളുടെ കഴിവുകളുടെ പ്രകടനം മാത്രമല്ല നമ്മുടെ സംസ്‌കാരത്തിലേക്കും നാടിന്റെ ഓര്‍മ്മകളിലേക്കും മനസ്സുകൊണ്ട് ഒരു തിരിച്ചുപോക്ക് കൂടിയാണ് കലാമേളകളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ബ്രിസ്റ്റോളില്‍ നടന്ന ആദ്യ കലാമേളയ്ക്ക് ശേഷംഇത്തവണ വാര്‍വിക്കില്‍ വന്ന് നില്‍ക്കുമ്പോള്‍ യുകെയില്‍ അറിയപ്പെടുന്ന ഒരു പറ്റം കലാകാരന്‍മാരേയും കലാകാരികളേയും സംഭാവന ചെയ്യാന്‍ സാധിച്ചു എന്നത് തന്നെയാണ് യുക്മ കലാമേളകളുടെ ഏറ്റവും വലിയ നേട്ടം. കലയെയും സംസ്‌ക്കാരത്തെയും നാടിനെയും സ്‌നേഹിക്കുന്ന ഓരോ മലയാളിയും വര്‍ഷം തോറും നടക്കുന്ന നടക്കുന്ന കലാമേളകളില്‍ പങ്കെടുക്കുവാന്‍ കാണിക്കുന്ന അതീവതാല്‍പര്യം യുക്മയ്ക്ക് ഏറെ അഭിമാനിക്കാന്‍ വഴി നല്‍കുന്നു.

യുകെയിലെ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ അവര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുക എന്ന യുക്മയുടെ ലക്ഷ്യം പോലെ തന്നെ സമാനമാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്കാനായി കടല്‍കടന്നെത്തിയ മലയാളിയുടെ മനസ്സിലുറങ്ങി കിടക്കുന്ന കഴിവുകളെ കണ്ടെത്തുക എന്നതും. നാളിത് വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ യുക്മ ആ ശ്രമത്തോട് നീതിപുലര്‍ത്തിയിട്ടുണ്ട്. അസോസ്സിയേഷന്‍ തല മത്സരങ്ങളില്‍ വിജയിച്ചവര്‍ അവിടെ നിന്ന് റീജിയണല്‍ കലാമേളകളില്‍ മാറ്റുരച്ച ശേഷമാണ് യുക്മ ദേശീയ കലാമേളയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ പ്രതിഭകളുടെ അതിവാശിയേറിയ പോരാട്ടത്തിനാകും ദേശീയ കലാമേള നഗരിയായ ഒ എന്‍ വി നഗര്‍ സാക്ഷ്യം വഹിക്കുക.വിധിനിര്‍ണയം അടക്കമുള്ള കാര്യങ്ങളില്‍ നാട്ടിലെ സ്‌കൂള്‍ യുവജനോല്‍സവത്തിനു സമാനമായ കര്ശന മാനദന്ധങ്ങള്‍ ആണ് സ്വീകരിക്കുന്നതെന്നത് കലാമേളകളിലെ വിജയങ്ങള്‍ക്ക് പൊന്‍തിളക്കം നല്‍കുന്നു.

ആരോഗ്യകരമായ മത്സരങ്ങളിലൂടെ മത്സാര്‍ത്ഥികളുടെ മനസ്സില്‍ യുക്മ കലാമേളകള്‍ ഇതിനോടകം തന്നെ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇത്തരത്തിലുള്ള കലാമേളകള്‍ ആരോഗ്യകരമായ മത്സരബുദ്ധി വളര്‍ത്തിയെടുക്കുന്നതിനും മറ്റുള്ളവരുടെ കഴിവുകള്‍ അംഗീകരിക്കുന്നതിനും കുട്ടികളെ പ്രേരിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ജനപങ്കാളിത്തം തന്നെ യുകെ മലയാളികളുടെ മനസ്സില്‍ യുക്മയ്ക്കും യുക്മ നേതൃത്വം നല്‍കുന്ന കലാമേളയ്ക്കുമുള്ള പ്രസക്തി വിളിച്ചോതുന്നു. സംഘാടന മികവുകൊണ്ടും മത്സരങ്ങളുടെ ഗുണനിലവാരം കൊണ്ടും യുക്മ കലാമേള ഏറെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. മികച്ച വിധികര്‍ത്താക്കളാണ് ഓരോ ഇനത്തിലും വിധി നിര്‍ണ്ണയിക്കാനായി എത്തുന്നതെന്നതും യുക്മകലാമേളയെ ഏറെ ജനപ്രിയമാക്കുന്നു.

യോര്‍ക്ക് ഷയര്‍ ആന്‍ഡ് ഹമ്പര്‍ കലാമേളയോടെ തുടങ്ങി,സൌത്ത് വെസ്റ്റ്, സൌത്ത് ഈസ്റ്റ്, ഈസ്റ്റ് ആന്‍ഗ്ലിയ,നോര്‍ത്ത് വെസ്റ്റ്, മിഡ്‌ലാണ്ട്‌സ് റീജനുകളില്‍ ഇത്തവണ റീജണല്‍ കലാമേളകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.യുക്മ മിഡ്‌ലാണ്ട്‌സ്റീജിയനാണ് ഇക്കുറി യുക്മ ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.നൂറ് കണക്കിന് അസോസിയേഷനുകളില്‍ നിന്ന്ുള്ള ചുണക്കുട്ടികളും മാതാപിതാക്കളുമാണ് ശനിയാഴ്ച വീറും വാശിയുമുള്ള പോരാട്ടത്തിനായി കവന്‍ട്രിയില്‍ എത്തുക. വ്യത്യസ്ഥ പ്രായക്കാര്‍ വിവിധ ഗ്രൂപ്പുകളിലായി നവംബര്‍ 5 ന് ഏറ്റുമുട്ടുമ്പോള്‍ അത് യുക്മയുടെ ചരിത്രത്തില്‍ ഒരു പുതു അധ്യായം ആകുമെന്നതില്‍ സംശയമില്ല.

ഓരോ വ്യക്തിയുടെയും രൂപവല്‍ക്കരണത്തിന്റെ അടിസ്ഥാന ശിലകളാണ് ഭാഷയും സംസ്‌കാരവും സാമൂഹിക ജീവിതവും.യുകെയിലെ ഓരോ പ്രവാസിക്കും ഒരു പരിധിവരെ അന്യമായ ഇക്കാര്യങ്ങള്‍ക്ക് വേദിയൊരുക്കുക എന്ന ചരിത്രപരമായ ഉത്തരവാദിത്വമാണ് യുക്മ എന്ന സംഘടന ചെയ്യുന്നത്.സംഘടനാ തലത്തിലെ കൂട്ടായ്മ സാമൂഹിക മൂല്യങ്ങള്‍ മുറുകെ പിടിക്കുവാന്‍ വഴിയോരുക്കുമ്പോള്‍ അമ്മ മലയാളത്തിന്റെ സംസ്‌കാരം വരും തലമുറയ്ക്ക് കൈമാറുവാന്‍ കലാമേളകള്‍ വേദിയാകുന്നു.പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഏറെ പഴി കേള്‍ക്കുന്ന പൊതു പ്രവര്‍ത്തനത്തിലും യുക്മ എന്ന സംഘടനയിലെ ഓരോ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കള്‍ക്കും കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഓരോ വര്‍ഷവും കൂടിവരുന്ന കലാമേളകളിലെ ജന സാന്നിധ്യം .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more