1 GBP = 112.43
breaking news

യുക്മ സാംസ്കാരിക വേദിയ്ക്ക് പുതിയ നേതൃത്വം. ലിറ്റി ജിജോ – വൈസ് ചെയർമാൻ, ബിനോ ആന്റണി, ജാക്സൺ തോമസ് – ജനറൽ കൺവീനർമാർ….

യുക്മ സാംസ്കാരിക വേദിയ്ക്ക് പുതിയ നേതൃത്വം. ലിറ്റി ജിജോ – വൈസ് ചെയർമാൻ, ബിനോ ആന്റണി, ജാക്സൺ തോമസ് – ജനറൽ കൺവീനർമാർ….

കുര്യൻ ജോർജ്ജ്(നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യുക്മയുടെ കലാ, സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങളുടെ മുഖമായ യുക്മ സാംസ്കാരിക വേദിയുടെ വൈസ് ചെയർമാനായി  ലിറ്റി ജിജോ, ജനറൽ കൺവീനർമാരായി  ബിനോ ആൻറണി, അഡ്വ. ജാക്സൺ തോമസ് എന്നിവരെ യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. കഴിഞ്ഞ കാലങ്ങളിൽ യു കെ മലയാളികളുടെ സർഗ്ഗ വാസനകളെയും സാംസ്കാരിക ചേതനയെയും പരിപോഷിപ്പിക്കുവാൻ പോന്ന വിധമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന യുക്മ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജജ സ്വലതയോടെ മുന്നോട്ട് കൊണ്ടു പോകുവാൻ പ്രാപ്തരും പരിചയ സമ്പന്നരുമായ നേതൃനിരയാണ് ചുമതലയേൽക്കുന്നത്.

ലിറ്റി ജിജോ – വൈസ് ചെയർമാൻ

യുക്മ സാംസ്കാരിക വേദി വൈസ് ചെയർമാനായി ചുമതലയേൽക്കുന്ന ലിറ്റി ജിജോ യു കെ മലയാളികൾക്കിടയിൽ സുപരിചിതയാണ്. മികച്ച സംഘാടകയും മികവുറ്റ കലാകാരിയുമായ ലിറ്റി യുകെ മലയാളി സമൂഹത്തിൻ്റെ കലാ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമാണ്. 

2019 – 2022 കാലയളവിൽ യുക്മ ദേശീയ വൈസ് പ്രസിഡൻ്റായി സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വെച്ച ലിറ്റി യുക്മ ദേശീയ കലാമേള, യുക്മ കരിയർ ഗൈഡൻസ് , യുക്മ യൂത്ത് എന്നിവയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. യു കെ യിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളിൽ ഒന്നായ ബർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ (BCMC) പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്ന ലിറ്റി ബി.സി.എം.സി യുടെ വൈസ് പ്രസിഡൻ്റ് സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. യു കെ ക്നാനായ വിമൻസ് ഫോറം സ്ഥാപക നേതാക്കളിൽ ഒരാളായ ലിറ്റി ക്നാനായ വിമൻസ് ഫോറം അഡ്ഹോക് കമ്മിറ്റി ചെയർപേർസൺ സ്ഥാനവും വഹിച്ചിട്ടുണ്ട്. 

ബർമിംങ്ഹാം കമ്മ്യൂണിറ്റി ഹെൽത്ത് കെയർ എൻ.എച്ച്.എസ്സ് ട്രസ്റ്റിൽ സീനിയർ കമ്യൂണിറ്റി ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ലിറ്റി ഭർത്താവ് ജിജോ ഉതുപ്പ്, വിദ്യാർത്ഥികളായ മക്കൾ സൈറ മരിയ ജിജോ (Year 13), റബേക്ക ആൻ ജിജോ (Year 7) എന്നിവരോടൊപ്പം ബർമിംങ്ഹാമിലാണ് താമസിക്കുന്നത്.

ബിനോ ആൻ്റണി – ജനറൽ കൺവീനർ

യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനറായി ചുമതലയേൽക്കുന്ന ബിനോ ആൻ്റണി യുക്മയുടെ തുടക്ക കാലം മുതൽ സംഘടനയുടെ സഹയാത്രികനാണ്. കലാ, കായിക, സാംസ്കാരിക രംഗങ്ങളിലെ മികച്ച ഒരു സംഘാടകൻ എന്ന നിലയിൽ യു കെ മലയാളികൾക്ക് സുപരിചിതനാണ് ബിനോ ആൻ്റണി.

യുക്മ ദേശീയ ട്രഷറർ എന്ന നിലയിൽ പ്രശംസനീയമായ പ്രവർത്തനം കാഴ്ച വെച്ചിട്ടുള്ള ബിനോ ആൻ്റണി വെയിൽസ് റീജിയണിൽ യുക്മയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. 2022 – 2025 കാലയളവിൽ യുക്മ ദേശീയ നിർവ്വാഹക സമിതിയംഗമായി പ്രവർത്തിച്ച ബിനോ വെയിത്സിലെ കാർഡിഫിൽ താമസിക്കുന്നു. കാർഡിഫ് മലയാളി അസ്സോസ്സിയേഷൻ (CMA) അംഗമായ ബിനോ CMA പ്രസിഡൻ്റ് സ്ഥാനമുൾപ്പടെ നിരവധി ചുമതലകൾ ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ട്.

അഡ്വ. ജാക്സൺ തോമസ് – ജനറൽ കൺവീനർ

യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനറായി ചുമതലയേൽക്കുന്ന അഡ്വ. ജാക്സൺ തോമസ് യു കെ യിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമാണ്. തൻ്റെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ യു കെ മലയാളികൾക്ക് ചിരപരിചിതനായ ജാക്‌സൺ ഒരു മികച്ച സംഘാടകൻ കൂടിയാണ്. 

2019 – 2022 കാലയളവിൽ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റായിരുന്ന ജാക്സൺ കഴിഞ്ഞ ദേശീയ നിർവ്വാഹക സമിതിയിൽ നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നുള്ള അംഗമായിരുന്നു. വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ ഈ നിയമ ബിരുദധാരി അഭിനേതാവ്, ഗാന രചയിതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. അഞ്ചോളം ദൂരദർശൻ സീരിയലുകളിൽ വേഷമിട്ടിട്ടുള്ള ജാക്സൺ യു കെ യിലെ കലാ, സാംസ്കാരിക രംഗങ്ങളിലും പൊതുരംഗത്തും വളരെ സജീവമായ പ്രവർത്തനമാണ് കാഴ്ച വെയ്ക്കുന്നത്.

മാഞ്ചസ്റ്ററിനടുത്ത് സാൽഫോർഡിൽ താമസിക്കുന്ന ജാക്സൺ സാൽഫോർഡ് മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻ്റ്, സീറോ മലബാർ സാൽഫോർഡ് മിഷൻ ട്രസ്റ്റി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സീറോ മലബാർ ഗ്രെയ്റ്റ് ബ്രിട്ടൻ രൂപതയുടെ ക്രിസ്റ്റ്യൻ യൂണിയൻ ഫെയ്ത്ത് & ജസ്റ്റീസ് കമ്മീഷൻ അംഗമായും ജാക്സൺ സേവനമനുഷ്ഠിക്കുന്നു.

കലാ വിഭാഗം, സാഹിത്യ വിഭാഗം, നാടകക്കളരി, ഫിലിം ക്ളബ്ബ് എന്നിങ്ങനെ നാല് വിഭാഗങ്ങളായിട്ടാണ് സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഓരോ വിഭാഗത്തിലും പ്രഗത്ഭരും പരിചയ സമ്പന്നരുമായ ആളുകളെ ഉൾപ്പെടുത്തി സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുമെന്നുള്ള പ്രതീക്ഷയാണ് യുക്മ ദേശീയ നിർവ്വാഹക സമിതിയ്ക്കുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more