യുകെ മലയാളികള്‍ക്ക് നിരവധി കൂട്ടായ്മകളുണ്ട്. സാമൂഹികവും മതപരവും പ്രാദേശികപരവുമായ ഒത്തുചേരലുകളാണിവ. യുകെ മലയാളികളുടെ സാമൂഹികവും കുടുംബപരവുമായ ക്ഷേമവും ഐക്യവും ശക്തിപ്പെടുത്തുന്നതിനും പ്രവാസ ലോകത്ത് പരസ്പര സ്നേഹം ഊട്ടിയുറപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഇവയെല്ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവയില്‍ മിക്കവയും ആദ്യത്തെ കുറച്ച് വര്‍ഷങ്ങള്‍ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുമെങ്കിലും പിന്നീട് സ്വാര്‍ത്ഥ താല്‍പ്യക്കാരുടെ പിടിയിലകപ്പെട്ട് സ്വജനപക്ഷപാതത്തിലേക്കും ചേരിപ്പോരിലേക്കും വഴുതിവീഴുകയാണ് പതിവ്. പിന്നീട് ഇത്തരം ക്ലബുകള്‍ വെറും കെട്ട് കാഴ്ചകള്‍ മാത്രമായി അധപതിക്കുകയും ചെയ്യും.
ഇത്തരം ക്ലബുകളുടെ പ്രവര്‍ത്തനത്തില്‍ മനംമടുത്ത ബ്രിസ്റ്റോളിലെ ഒരു പറ്റം പ്രമുഖരായ മലയാലിള്‍ രൂപം കൊടുന്ന പുതിയ കൂട്ടായ്മയാണ് ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ്. ചരിത്ര പ്രസിദ്ധമായ നഗരമായ ബ്രിസ്റ്റോളില്‍ 2017 ജനുവരിയില്‍ പിറവിയെടുക്കുന്ന ഈ ക്ലബിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. ഇത് യുകെ മലയാളികളുടെ ആദ്യത്തെ പ്രൈവറ്റ് ക്ലബാണ്. ഇതിന് പുറമെ മലയാളികള്‍ക്കിടയില്‍ സ്നേഹവും സഹകരണവും ഊട്ടിയുറപ്പിച്ച് ഗൃഹാതുരത്വമേകുന്ന കൂട്ടായ്മയുമാണിത്. കൃത്യമായ ചട്ടക്കൂട്ടില്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന ക്ലബെന്ന പ്രത്യേകതയും ഇതിനുണ്ട്. ജനുവരിയില്‍ പ്രശസ്ത മലയാള സിനിമാ താരം ക്ലബിന്റെ ഉദ്ഘാടനം ഔപചാരികമായി നിര്‍വഹിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.ഈ ചടങ്ങില്‍ യുകെ മലയാളി സമൂഹത്തിലെ പ്രമുഖരെല്ലാം ഭാഗഭാക്കാകുകയും ചെയ്യുന്നതാണ്.
ചിട്ടയായ നിയമാവലിയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്ലബായിരിക്കും ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ്. ഫസ്റ്റം കം ഫസ്റ്റ് സെര്‍വ് എന്ന രീതിയിലായിരിക്കും ക്ലബ് പ്രവര്‍ത്തിക്കുന്നത്. അതായത് ഇതില്‍ ആദ്യം അംഗങ്ങളാകുന്നവരായിരിക്കും ആദ്യഘട്ടത്തിലെ ഭാരവാഹികള്‍. തുടര്‍ന്ന് പിന്നീടുള്ള ടേമുകളില്‍ ഓരോ അംഗത്തിനും ഭാരവാഹികളാകുന്നതിനുള്ള അവസരം ലഭിക്കുന്നതാണ്. യുകെയിലെ നിലവിലുള്ള മിക്ക ക്ലബുകളിലും പ്രസിഡന്റ് , സെക്രട്ടറി തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാനങ്ങളെല്ലാം ചില തല്‍പരകക്ഷികള്‍ക്ക് കാലാകാലങ്ങളായി റിസര്‍വ് ചെയ്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബില്‍ ഓരോ അംഗത്തിനും ക്ലബില്‍ ചേര്‍ന്ന ഊഴമനുസരിച്ച് ഭാരവാഹി സ്ഥാനം ലഭിക്കുമെന്ന് ചുരുക്കം.
കുടുംബം, ബിസിനസ്, യാത്ര എന്നീ മൂന്ന് കാര്യങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്ലബാണിത്. അതായത് കുടുംബബന്ധങ്ങള്‍ ഊട്ടി വളര്‍ത്തുന്നതിനുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്നതാണ്. അംഗങ്ങള്‍ക്ക് വിവിധ ഇടങ്ങള്‍ അടുത്തറിയാനുള്ള യാത്രകള്‍ കാലാകാലങ്ങളില്‍ ക്ലബ് സംഘടിപ്പിക്കും. അംഗങ്ങള്‍ക്ക് ഒന്നു ചേര്‍ന്ന് മാന്യമായ ഏത് ബിസിനസ് സംരംഭങ്ങളുമാരംഭിക്കാന്‍ സാഹര്യമുണ്ടാകും. വരുന്നവര്‍ക്കൊക്കെ പ്രവേശനം നല്‍കുന്ന യുകെയിലെ ശരാശരി മലയാളി ക്ലബല്ല ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ്. വളരെ പരിമിതമായ അംഗങ്ങള്‍ക്ക് മാത്രമേ പ്രവേശനം നല്‍കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. നിശ്ചിത തുക മെമ്പര്‍ഷിപ്പ് ഫീസ് വാങ്ങിയാണ് അംഗങ്ങളെ ചേര്‍ക്കുന്നത്. കൂടാതെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും പണം നല്‍കേണ്ടി വരും.
ക്ലബിന്റെ മൂല്യം വര്‍ധിക്കുന്നതിനനുസരിച്ച് കാലക്രമേണ ഫീസ് ഉയര്‍ത്തുന്നയാരിക്കും. പുതിയ അംഗങ്ങളെ നിങ്ങള്‍ക്ക് നോമിനേറ്റ് ചെയ്യണമെങ്കില്‍ എല്ലാ അംഗങ്ങളുടെയും അനുവാദം മുന്‍കൂട്ടി വാങ്ങിയിരിക്കണം. എല്ലാ മാസവും ക്ലബിന്റെ ആഭിമുഖ്യത്തില്‍ ബാച്ചിലേര്‍സ് പാര്‍ട്ടിയും രണ്ട് മാസംകൂടുമ്പോള്‍ ഫാമിലി മീറ്റും സംഘടിപ്പിക്കുന്നതാണ്. വളരെ ചെലവേറിയ ക്ലബാണിത്. ഇതിന്റെ വിവിധ പരിപാടികള്‍ യുകെയിലെ ആഢംബര ഹോട്ടലുകളിലും വെന്യൂകളിലുമാണ് സംഘടിപ്പിക്കുക. അതിന്റെ ചെലവിലേക്ക് അംഗങ്ങള്‍ മോശമല്ലാത്ത തുക സംഭാവനയായി നല്‍കേണ്ടിയും വരുമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.ജനുവരി ആദ്യ ക്ലബിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അധികാരമേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അംഗങ്ങളുടെ കുടുംബങ്ങളിലെ എല്ലാ വിധ ചടങ്ങുകള്‍ക്കും ക്ലബിലെ മറ്റ് അംഗങ്ങളും കുടുംബങ്ങളും കുടുംബാംഗങ്ങളെ പോലെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ്. അതിനാല്‍ പ്രവാസ ലോകത്ത് തികച്ചും ഗൃഹാതുരത്വമാര്‍ന്ന അനുഭവമായിരിക്കും ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ് ഏകുന്നത്.
click on malayalam character to switch languages