സാഹചര്യങ്ങളുടെ സമ്മര്‍ദം നിങ്ങളില്‍ സൃഷ്ട്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെ നേര്‍കാഴ്ച until 4 – യുട്യൂബില്‍ റിലീസ് ചെയ്തു; ഇത് നിങ്ങളില്‍ ഒരാളുടെ കഥ….കാണാതെ പോകരുത്…
Oct 30, 2016
ഒരു ഹ്രസ്വ ചിത്രത്തെ വസ്തു നിഷ്ടമായ ഉള്‍ക്കാഴ്ചയോടെ എങ്ങനെ ഗൗരവമായി സമീപിക്കാം എന്നതിന്റെ പ്രതിഫലനമാണ് യുകെ മലയാളികള്‍ അണിയിച്ചൊരുക്കിയ അസാധാരണ ചിത്രം until -4. യുകെ മലയാളികളുടെയിടയില്‍ ആദ്യമായി സമര്‍പ്പിച്ച ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സമ്മര്‍ ഇന്‍ ബ്രിട്ടന്‍ തുടര്‍ന്ന് ഓര്‍മകളില്‍ സെലിന്‍ എന്ന ഹൃസ്വ ചിത്രവും അണിയിച്ചൊരുക്കിയ ഷാഫി ശംസുദ്ധീന്‍ തന്നെയാണ് until 4 എന്ന ഏറെ വ്യതസ്തമായ ഈ ഹൃസ്വ ചിത്രവും തിരക്കഥ എഴുതി സംവിധാനം ചെയ്തു അണിയിച്ചൊരുക്കിയിരിക്കുന്നത് . പേരില്‍ തന്നെ ഒരു ആകാംക്ഷ നിഴലിക്കുന്ന until 4 പ്രതിപാദിക്കുന്നതു ആകാംക്ഷയോടെ കാണേണ്ടതും വിശകലനം ചെയ്യണ്ടതുമായ ഒരു വിഷയം തന്നെയാണ്. സാമൂഹ്യ സാഹചര്യങ്ങളുടെ സമ്മര്‍ദത്തിന്റെ പരിണിത ഫലമായി മനുഷ്യരില്‍ പല രീതിയിലുള്ള മാനസിക പ്രശ്നങ്ങളും മാനസിക രോഗങ്ങളും ആത്മ സംഘര്‍ഷങ്ങളും അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം വ്യക്തികള്‍ക്ക് വേണ്ട സ്നേഹ സാന്ത്വനം യഥാസമയം ലഭിക്കാതെ വരുമ്പോള്‍ അവരിലുടലെടുക്കുന്ന ആത്മ സംഘര്‍ഷങ്ങളുടെയും ഭയാനകമായ സംഭവ വികാസങ്ങളുടെയും നേര്‍ക്കാഴ്ചയാണ് until 4 . മധ്യവയസ്‌കനായ ഒരാള്‍ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ തന്നെ മരണത്തെ പുല്കുന്നതിനായി തീരുമാനിക്കുകയും അതിനു വേണ്ടി ഒരു മലമുകളിലേക്ക് പോകുന്നതിലൂടെ കഥ തുടങ്ങുന്നു പിന്നീട് ആ ദിവസം നടക്കുന്ന സങ്കീര്‍ണ്ണമായ സംഭവ വികാസങ്ങളാണ് until4 എന്ന ഹ്രസ്വ ചിത്രം അനാവരണം ചെയ്യുന്നത് കേരളത്തിലെ അഞ്ചലും പരിസരങ്ങളിലുമായി ചിത്രീകരിച്ച until4 മറ്റു ഷോര്‍ട് ഫിലിമുകളില്‍ നിന്ന് വ്യത്യസ്തമായി നിറഞ്ഞ ദൃശ്യഭംഗിയില്‍ വളരെ പ്രൊഫഷണലിസത്തോടെയാണ് ഓരോ സീനും ചിത്രീകരിച്ചിരിക്കുന്നത്. ഉപ്പും മുളകും സീരിയലിലൂടെ പ്രശസ്തയായ നിഷാ സാരംഗ് ഉള്‍പ്പടെ മലയാള സിനിമാ സീരിയല്‍ രംഗത്തു നിന്നുള്ള നടീനടന്മാരാണ് until4 ലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത് . മലയാള സിനിമയിലെ പ്രശസ്ത ക്യാമറാമാനായ ഉണ്ണി പാലോടാണ് until4നു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതത്തിന് വളരെ പ്രാധാന്യമുള്ള until4 നു ലൈവ് മ്യൂസിക് ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞന്‍ ജിനിത് രാജാണ്. സന്ദീപ് കൃഷ്ണയാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ഓര്‍മകളില്‍ സെലിന്‍ നിര്‍മ്മിച്ച മനോജ് രാമകൃഷ്ണന്‍ തന്നെയാണ് ആലക്കന്‍ മൂവീസിന്റെ ബാനറില്‍ until4 ഉം നിര്‍മ്മിച്ചത്. യുകെ മലയാളികളായ ഷാജന്‍ പള്ളിക്കര ,റീഗന്‍ പുതുശ്ശേരി, ടയനെഷിയസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍. നിരവധി വൈകാരിക മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ ചിത്രം ഓരോ പ്രവാസിയുടെയും നേരെപിടിച്ച കണ്ണാടിയെന്നു വിശേഷിപ്പിക്കാമെന്നും ലോക മലയാളികളുടെയിടയില്‍ തീര്‍ച്ചയായും until4 ശ്രദ്ധിക്കപ്പെടുന്നു യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറും ചിത്രത്തിന്റെ ക്രീയേറ്റീവ് കണ്‍സള്‍ട്ടന്റുമായ സി എ ജോസഫ് അഭിപ്രായപ്പെട്ടു .രാജ്യാന്തര ഷോര്‍ട് ഫിലിം മേളകളില്‍ until4 പ്രദര്‍ശിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലുമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ .
click on malayalam character to switch languages