1 GBP = 110.26

മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ ജപമാല മാസ സമാപനവും; ഇടവക ദിനവും, സണ്ടേസ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും… മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യും…

മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ ജപമാല മാസ സമാപനവും; ഇടവക ദിനവും, സണ്ടേസ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും…  മാര്‍ ജോസഫ്  സ്രാമ്പിക്കല്‍  ഉദ്ഘാടനം  ചെയ്യും…

മാഞ്ചസ്റ്റര്‍:- വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഒരു മാസമായി ഇടവകയിലെ ഭവനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന് വന്നിരുന്ന ജപമാല മാസത്തിന്റെ സമാപനവും, ഇടവക ദിനവും,സണ്ടേസ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും നാളെ ഞായറാഴ്ച (30/10/16) നടക്കും.

ഉച്ചക്ക് ഒരു മണി മുതല്‍ സെന്റ്. ഹില്‍ഡാസ് ദേവാലയത്തില്‍ ജപമാലയെ തുടര്‍ന്ന് നടക്കുന്ന അത്യാഘോഷ പൂര്‍വ്വമായ പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമാവുക. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മെത്രാനായി ചുമതലയേറ്റശേഷം ആദ്യമായി ഇടവക സന്ദര്‍ശനത്തിനെത്തുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ദിവ്യബലിയില്‍ മുഖ്യ കാര്‍മ്മികനാകും.ഒട്ടേറെ വൈദീകര്‍ സഹകാര്‍മ്മികത്വം വഹിക്കും. ദിവ്യബലിയെത്തുടര്‍ന്ന് 4ന് സെയില്‍ കമ്മ്യുണിറ്റി ഹാളില്‍ മാര്‍.ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഇടവകയുടെ സ്വീകരണം ഏറ്റ് വാങ്ങും. തുടര്‍ന്ന് പൊതു സമ്മേളനവും,കലാസന്ധ്യയും അരങ്ങേറും.

മുത്തുക്കുടകളുടെ അകമ്പടിയോടെ സെയില്‍ കമ്യുണിറ്റി ഹാളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ പിതാവിനെയും, മറ്റു വിശിഷ്ട വ്യക്തികളെയും മാതൃവേദി പ്രവര്‍ത്തകര്‍ സ്വീകരിച്ച് ആനയിക്കും. ബഹു.വിഥിന്‍ഷോ & സെയില്‍ ഈസ്റ്റ് എം.പി. മൈക്ക് കെയിന്‍, ഷ്രൂസ്ബറി രൂപതാ വികാരി ജനറാള്‍ റവ. ഫാ.മൈക്കിള്‍ ഗാനന്‍ ഉള്‍പ്പെടെ ഒട്ടേറെ വൈദീക ശ്രേഷ്ടരും പരിപാടികളില്‍ പങ്കെടുക്കും.ഇടവക വികാരി റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി ആമുഖ പ്രഭാഷണം നടത്തും.തുടര്‍ന്ന് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയും, സണ്ടേസ്‌കൂളില്‍ വിവിധങ്ങളായ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും.

പൊതു സമ്മേളനത്തെ തുടര്‍ന്ന് കലാസന്ധ്യക്ക് തിരശീല ഉയരും.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരിപാടികള്‍ ഇടതടവില്ലാതെ വേദിയില്‍ വര്‍ണ്ണവിസ്മയങ്ങള്‍ തീര്‍ക്കുമ്പോള്‍ കാണികള്‍ക്ക് മികച്ച വിരുന്നാകും.മാസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കാത്തിരിക്കുകയാണ് മാഞ്ചസ്റ്ററിന്റെ ചുണക്കുട്ടികള്‍. കൂടാതെ ഇടവകയിലെ മാതൃവേദിയുടെയും, പിതൃവേദിയുടെയും പരിപാടികള്‍ കൂടി ഒത്തുചേരുമ്പോള്‍ കലാസന്ധ്യ വിസ്മയ വിരുന്നാകും. കലാ പരിപാടികളെ തുടര്‍ന്ന് സ്‌നേഹവിരുന്നോടെ ഇടവക ദിനാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.

ഇടവക വികാരി റെവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മിറ്റികള്‍ ആഘോഷപരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.പരിപാടികളില്‍ കുടുംബ സമേതം പങ്കെടുക്കുവാന്‍ ഏവരെയും റവ.ഡോ ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.

ദേവാലയത്തിന്റെ വിലാസം:-
St.HILDA’ S CHURCH,
66 KENWORTHY LANE,
NORTHENDEN,
M22 4EF.

പരിപാടികള്‍ നടക്കുന്ന വേദിയുടെ വിലാസം:-
SALE COMMUNITY CENTRE,
NORRIS ROAD,
M33 2TN.

Post Your Comments Here ( Click here for malayalam )

Press Esc to close
show more