ബ്രസ്സല്‍സ്: കിഴക്കന്‍ യൂറോപ്പില്‍ വന്‍ സൈനിക വിന്യാസവുമായി റഷ്യ. മറുപടിയായി എസ്‌തോണിയന്‍ അതിര്‍ത്തിയില്‍ വലിയ സന്നാഹങ്ങളുമായി ബ്രിട്ടനും രംഗത്ത്. ശീതയുദ്ധത്തന് ശേഷം റഷ്യന്‍ അതിര്‍ത്തിയിലെ നാറ്റോ സഖ്യകക്ഷികളുടെ ഏറ്റവും വലിയ സൈനികവിന്യാസമാണിത്.
സിറിയന്‍ പ്രശ്‌നത്തില്‍ റഷ്യന്‍ ഇടപെടലിനെ തുടര്‍ന്നാണ് അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും റഷ്യയ്‌ക്കെതിരെ ശക്തമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ആയിരത്തോളം ട്രൂപ്പുകളെയും ടാങ്കുകളെയും ഡ്രോണുകളെയുമാണ് ബ്രിട്ടന്‍ എസ്‌തോണിയയിലേക്ക് അയച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം ഡെന്മാര്‍ക്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സൈനികരും ചേരുമെന്ന് ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറിയായ മൈക്കല്‍ ഫാലന്‍ അറിയിച്ചു.
നേരത്തെ, സമുദ്രാതിര്‍ത്തിയില്‍ റഷ്യന്‍ കപ്പലുകള്‍ കടുത്ത പ്രകോപനമുയര്‍ത്തി കടന്നുപോയതും പിന്നാലെ റഷ്യന്‍ വിമാനങ്ങള്‍ രണ്ടു പ്രാവശ്യം വ്യോമാതിര്‍ത്തിക്ക് സമീപമെത്തിയതും ബ്രിട്ടനെ ചൊടിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ആണവ മിസൈലിന്റെ ചിത്രം കഴിഞ്ഞദിവസം റഷ്യ പുറത്തുവിട്ടതിനു പിന്നാലെയാണ് ബ്രിട്ടന്‍ റഷ്യക്ക് നേരെ പടയൊരുക്കം ആരംഭിച്ചത്.
നേരത്തെ നാറ്റോ സഖ്യം സാത്താന്‍ എന്ന് വിശേഷിപ്പിച്ച അതേ മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പായ സാറ്റന്‍ 2ന്റെ ചിത്രങ്ങളാണ് റഷ്യ പുറത്തുവിട്ടത്.
ബ്രിട്ടന്റെ നീക്കങ്ങള്‍ക്കു പിന്നാലെ, റഷ്യയിലും ആറ് സമീപരാജ്യങ്ങളിലുമായുള്ള 130 സൈനികകേന്ദ്രങ്ങളില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള ആക്രമണ ഭീഷണി ശക്തമാണെന്നും സൈന്യം ഒരുങ്ങിയിരിക്കണമെന്നും റഷ്യയുടെ ഉത്തരവുണ്ട്.
അതേസമയം പോളണ്ട് അതിര്‍ത്തിയിലെ യു.എസ്. സൈന്യത്തിനൊപ്പം യു.കെ., റൊമാനിയന്‍ സൈന്യം ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
click on malayalam character to switch languages