1 GBP = 108.16
breaking news

അക്ഷര ദേവത നിറമണിഞ്ഞപ്പോള്‍ വിജയിയായതു ഗോകുല്‍ ദിനേശ് ; വിജയദശമി ചിത്ര രചന മത്സരത്തില്‍ നാല് വയസുകാര്‍ മുതല്‍ ടീനേജുകാര്‍ വരെ, അടുത്ത മത്സരത്തില്‍ വേല്‍മുരുകന്‍ വരയുടെ വര്‍ണമണിയും

അക്ഷര ദേവത നിറമണിഞ്ഞപ്പോള്‍ വിജയിയായതു ഗോകുല്‍ ദിനേശ് ; വിജയദശമി ചിത്ര രചന മത്സരത്തില്‍ നാല് വയസുകാര്‍ മുതല്‍ ടീനേജുകാര്‍ വരെ, അടുത്ത മത്സരത്തില്‍ വേല്‍മുരുകന്‍ വരയുടെ വര്‍ണമണിയും

കവന്‍ട്രി : വരയുടെ വര്‍ണത്തില്‍ അക്ഷര ദേവത പുഞ്ചിരി തൂകിയ മത്സരത്തില്‍ ഗോകുല്‍ ദിനേശിന് ഒന്നാം സ്ഥാനം . വിജയ ദശമി ആഘോഷത്തിന്റെ ഭാഗമായി കവന്‍ട്രി ഹിന്ദു സമാജം ഒരുക്കിയ മത്സരത്തിലാണ് പതിനഞ്ചോളം മത്സരാര്‍ത്ഥികളെ പിന്നിലാക്കി ഗോകുല്‍ ഒന്നാമതായതു . നാല് വയസുകാര്‍ മുതല്‍ ഉള്ളവര്‍ മത്സരത്തില്‍ പങ്കെടുത്തു എന്നതും പ്രത്യേകതയായി . സരസ്വതി ദേവിയുടെ വിവിധ ഭാവങ്ങള്‍ പെന്‍സില്‍ ചായത്തില്‍ കുട്ടികള്‍ വരച്ചു ചേര്‍ത്ത മത്സരത്തില്‍ അഞ്ജന , അമൃത , ആദിത്യ , യദു എന്നിവരുടെ ചിത്രങ്ങള്‍ ഒക്കെ ആകര്‍ഷകമായി . കവന്‍ട്രി കര്‍ദിനാള്‍ വൈസ്‌മെന്‍ സ്‌കൂളില്‍ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ് ഗോകുല്‍ ദിനേശ് . ചിത്രം കണ്ടു വിലയിരുത്തി സത്സംഗത്തില്‍ എത്തുന്നവര്‍ വോട്ടു ചെയ്താണ് വിജയികളെ കണ്ടെത്തുന്നത് എന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയാണ് . പെന്‍സില്‍ പിടിക്കാന്‍ പ്രായമായില്ലെങ്കിലും നാലുവയസുകാരായ ഈശ്വര്‍ , സൂര്യ എന്നിവരുടെ പങ്കാളിത്തം മുതിര്‍ന്ന കുട്ടികള്‍ക്കും ആവേശം പകരുന്ന കാഴ്ചയായി മാറി . കുട്ടികളില്‍ ഹൈന്ദവ വിശ്വാസത്തെ അന്യമാകാതിരിക്കാന്‍ വരയുടെയും വര്ണത്തിന്റേയും അക്ഷരത്തിന്റെയും അറിവിന്റെയും കഥയുടെയും ഒക്കെ ലോകത്തിലൂടെ കൈപിടിച്ച് നടത്തുക എന്ന യജ്ഞമാണ് ചിത്ര രചന മത്സരത്തിലൂടെ തങ്ങള്‍ വിഭാവനം ചെയ്യുന്നതെന്ന് കോ ഓഡിനേറ്റര്‍ ദിവ്യ സുഭാഷ് അറിയിച്ചു . സാധാരണ പേപ്പറില്‍ വാട്ടര്‍ കളറും ക്രയോണ്‍സും ഉപയോഗിച്ചാണ് കുട്ടികള്‍ ചിത്രങ്ങള്‍ തയാറാക്കിയത് . ഇത്തവണത്തെ മത്സരത്തില്‍ ഒന്നിലേറെ പേര്‍ തുല്യ വോട്ടുകള്‍ നേടി രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയതിനാല്‍ വിജയി ആയി ഒന്നാം സ്ഥാനം മാത്രം പ്രഖ്യാപിക്കുക ആയിരുന്നു .
കുട്ടികള്‍ വരയ്ക്കുന്നചിത്രങ്ങള്‍ സൂക്ഷിച്ചു വച്ചു അടുത്ത വര്‍ഷം വിഷുവിനോ ഓണത്തിനോ ഹാള്‍ എടുത്തു ചിത്ര പ്രദര്‍ശനം കൂടി സംഘടിപ്പിക്കാന്‍ ഉള്ള ഒരുക്കത്തിലാണ് കവന്‍ട്രി ഹിന്ദു സമാജം അംഗങ്ങള്‍ . നൂറിലേറെ ചിത്രങ്ങള്‍ എങ്കിലും കുട്ടികളെ കൊണ്ടു വരപ്പിക്കുകയാണ് ഉദ്ദേശം . അത്ഭുതപ്പെടുത്തുന്ന ഈ കാഴ്ച യുകെയില്‍ തന്നെ ആദ്യമായി ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി ആയി മാറും . കൂടുതല്‍ കുട്ടികള്‍ ചിത്രരചനയില്‍ താല്‍പ്പര്യം കാട്ടി മുന്നോട്ടു വരുന്നതും പുതുമ ആയി മാറുന്നു. പറഞ്ഞറിയുന്നതിലും നല്ലതു സ്വയം കണ്ടെത്തി അറിയുക എന്ന ചിന്തയ്ക്കു കൂടി അടിത്തറയാകാന്‍ ചിത്ര രചന മത്സരം വഴി സാധിക്കുന്നുണ്ട് . കഴിഞ്ഞ നാല് മാസമായി ചിത്രങ്ങളിലൂടെ കുട്ടികള്‍ ഹൈന്ദവ ദേവീ ദേവന്മാരെ അടുത്തറിയുന്ന ഈ പ്രചാരണ പരിപാടി യുകെയില്‍ ഇദംപ്രദമായി നടപ്പിലാക്കിയത് കവന്‍ട്രി ഹിന്ദു സമാജമാണ് .
വീണ ദേവിയും അക്ഷര ദേവതയും സംഗീത പോഷിണിയും അറിവിന്‍ ദേവതയും ഒക്കെയായ ശുഭ്ര വസ്ത്ര ധാരിണിയായ സരസ്വതിയെ വരച്ചാണ് കുട്ടികള്‍ മത്സരത്തിന്റെ ആവേശം പങ്കിട്ടത്. കഴിഞ്ഞ ദിവസം നടന്ന വിജയദശമി ആഘോഷത്തില്‍ സരസ്വതിയെ കുറിച്ചുള്ള ക്വിസ് മത്സരവും അറിവിന്റെ പുതിയ അധ്യായമായി മാറി . ദേവിയുടെ അക്ഷര നാമങ്ങളും അറിവും ശാസ്ത്രവും കലയും സംഗീതവും എല്ലാം പകര്‍ന്നു നല്‍കുന്ന ദേവി സരസ്വതി നമ്മളില്‍ എല്ലാം അടങ്ങിയിരിക്കുന്ന ഗുണത്തിന്റെ മൂര്‍ത്തിമദ് ഭാവം കൂടിയാണെന്ന് വിവിധ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി സത്സംഗത്തില്‍ വക്തമാക്കി . സെല്ഫ് ഓഫ് എസ്സന്‍സ് എന്ന ചിന്ത പങ്കിടുന്ന സംസ്‌കൃത വാക്കില്‍ നിന്നാണ് സരസ്വതി എന്ന പേരിന്റെ ആവിര്‍ഭാവം എന്നത് കൃത്യമായി വിവരിക്കാന്‍ ചോദ്യത്തോര പരിപാടിയില്‍ കുട്ടികള്‍ക്ക് കഴിഞ്ഞു . ദേവിയുടെ പൂര്‍ണത കഥ രൂപത്തില്‍ വിശദീകരിക്കുവാന്‍ ഷീജ അനില്‍ പിള്ളക്കും കഴിഞ്ഞു . അടുത്ത സത്സംഗത്തില്‍ സ്‌കന്ദ ഷഷ്ഠി പ്രമാണിച്ചു ചിത്ര രചന മത്സരത്തിലും ചോദ്യോത്തര വേളയിലും ശിവ ചൈതന്യ പിറവിയായ ശ്രീമുരുകനെ അടുത്തറിയാന്‍ ഉള്ള അവസരമാണ് കവന്‍ട്രി ഹിന്ദു സമാജം ഒരുക്കുന്നത് . അടുത്ത മാസം ആറിന് സ്‌കന്ദ ഷഷ്ട്ടിയോടു അനുബന്ധിച്ചു കവന്‍ട്രിയിലാണ് സത്സംഗം നടക്കുക . സത്സംഗത്തിന്റെ ഭാഗമായി പതിവുള്ള കഥാ സദസ്സും മുടക്കം കൂടാതെ ഉണ്ടായിരിക്കുമെന്ന് സമാജം കോ ഓഡിനേറ്റര്‍ അനില്‍ പിള്ള അറിയിച്ചു .
മതപരമായ കൂട്ടായ്മ എന്നതിനേക്കാള്‍ ഉപരി ഹൈന്ദവ പാരമ്പര്യത്തെ അടുത്തറിഞ്ഞു അറിവിന്റെ ലോകത്തു കൂടുതല്‍ വിശാലമായ ചിന്താഗതി വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ് കവന്‍ട്രി ഹിന്ദു സമാജം ലക്ഷ്യമിടുന്നത് . കുട്ടികളെ കൊണ്ട് തന്നെ ചെറു കഥകള്‍ അവതരിപ്പിക്കുന്ന പരിപാടിക്കും ഇത്തവണ തുടക്കമിടാന്‍ ശ്രമം ഉണ്ടെന്നു സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു . മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്. ഏകദേശം 50 ഓളം അംഗങ്ങളാണ് പതിവായി സത്സംഗത്തില്‍ പങ്കെടുക്കുന്നതു . കവന്റ്രി , ആശ്ബി , ലോങ്ങ്ബാരോ , ലെമിങ്ങ്ടന്‍ , കൊല്‍വിലെ, ലെസ്റ്റര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരാണ് ആധ്യാത്മിക ചിന്തയ്ക്ക് അടിത്തറ നല്കി ഹിന്ദു സമാജം പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കിയിരിക്കുന്നത് . കുടുംബങ്ങളില്‍ ആഘോഷ വേളകള്‍ കൂടി സമാജം പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി അംഗങ്ങളില്‍ കൂടുതല്‍ താല്പ്പര്യം ഉണ്ടാക്കുന്നതിനും സംഘാടകര്‍ ശ്രദ്ധിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് : [email protected]

Post Your Comments Here ( Click here for malayalam )

Press Esc to close
show more