യുകെയിലെ പുതുപ്പള്ളിക്കാരുടെ വന്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മൂന്നാമത് പുതുപ്പള്ളി സംഗമം സമാപിച്ചു. യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ പുതുപ്പള്ളിക്കാര്‍ ഒരേ മനസ്സോടെ ഒന്ന് ചേര്‍ന്നപ്പോള്‍ കൂട്ടായ്മയുടെ സന്തോഷവും സ്‌നേഹം പങ്ക് വയ്ക്കുന്നതിന്റെ മാധുര്യവും നിറഞ്ഞു നിന്ന സംഗമം ആയി ഇത്തവണത്തെ പുതുപ്പള്ളി സംഗമം മാറി. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുകെയില്‍ കുടിയേറിയ കുടുംബങ്ങള്‍ ആണ് പുതുപ്പള്ളി സംഗമത്തിന് എത്തി ചേര്‍ന്നത്. ഇംഗ്ലണ്ടിലും, വെയില്‍സിലും, സ്‌കോട്ട്‌ലാന്‍ഡിലും നിന്ന് വരെ പുതുപ്പള്ളിക്കാര്‍ എത്തിചേര്‍ന്ന സംഗമം ആയിരുന്നു ഇത്തവണ നടന്നത്.
പുതുപ്പള്ളി, വാകത്താനം, മീനടം, പാമ്പാടി, മണര്‍കാട്, പനമ്പിക്കാട്, അകലക്കുന്നം തുടങ്ങി കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സംഗമത്തിന് എത്തിച്ചേര്‍ന്നിരുന്നു. ഏകോദര സഹോദരങ്ങളെ പോലെ പുതുപ്പള്ളിയുടെ സ്വന്തം നാടന്‍പാട്ടുകള്‍ പാടിയും ചിരിച്ചും തമാശ പറഞ്ഞും എല്ലാവരും അവരവരുടെ റോളുകള്‍ ഭംഗിയാക്കി. പത്ത് മണിയോടെ തന്നെ ഹാളും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു. സംഗമം പ്രസിഡണ്ട് വില്ല്യംസിന്റെ അദ്ധ്യക്ഷതയില്‍ പത്തരയോടെ തന്നെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. പ്രസിഡണ്ട് വില്ല്യംസ്, കോര്‍ഡിനേറ്റര്‍മാരായ മാത്തുക്കുട്ടി, ബിജു ജോണ്‍, രാജു എബ്രഹാം, ബിജോയ് ജോസഫ്, ബിജു തമ്പി, അനില്‍ കെ മാര്‍ക്കോസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. സണ്ണിമോന്‍ മത്തായി സംഗമത്തിന്റെ പ്രസക്തിയെയും പ്രാധാന്യത്തെയും കുറിച്ച് സംസാരിച്ചു.

യുകെയിലെ പ്രശസ്ത ഗായകനും പുതുപ്പള്ളി സംഗമത്തിന്റെ ആദ്യ പ്രസിഡണ്ടുമായ ബിജു തമ്പിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഗാനമേള ഏവരുടെയും പ്രശംസ പിടിച്ച് പറ്റി. വടംവലി, നാടന്‍ പന്ത് കളി, പകിടകളി തുടങ്ങിയവയും അരങ്ങേറി. കായിക മത്സരങ്ങള്‍ക്ക് മുന്‍ പ്രസിഡണ്ട് റോണി, നിയുക്ത ട്രഷറര്‍ ജെയിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കണ്ടു നിന്നവരെയും പങ്കെടുത്തവരേയും ഒരു പോലെ രസിപ്പിക്കുന്ന രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇവര്‍ നടത്തിയ പരിശ്രമം പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.
മാത്തുക്കുട്ടി, അനില്‍ മാര്‍ക്കോസ്, ബിജോയ് ജോസഫ് എന്നിവരുടെ മേല്‍നോട്ടത്തില്‍ രുചികരമായ ഭക്ഷണവും പാചകം ചെയ്ത് എല്ലാവര്‍ക്കും നല്‍കി. ഓരോ സന്തോഷ മുഹൂര്‍ത്തവും ബിജു ജോണ്‍ അപ്പപ്പോള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. മിഴിവോടെ ചിത്രങ്ങള്‍ പകര്‍ത്തിയതില്‍ ബിജുവിന്റെ വൈദഗ്ദ്യം പ്രശംസനീയമായിരുന്നു. ബിജു തമ്പി, റോണി, ജെയിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചെണ്ട മേളം പരിപാടികള്‍ക്ക് മാറ്റ് കൂട്ടി.
ഏഴു മണി വരെ നീണ്ട വിനോദങ്ങള്‍ക്ക് ശേഷം സംഗമത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അടുത്ത സംഗമം 2017 ഒക്ടോബര്‍ പതിനാലിന് നടത്തണം എന്നും തീരുമാനമായി. ഇത് വരെ നടന്ന സംഗമങ്ങളില്‍ ഏറ്റവും മികച്ചതായിരുന്നു ഇത്തവണത്തെ സംഗമം എന്ന് നിസ്സംശയം പറയാം. സംഗമത്തിന്റെ സംഘാടകരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ വലിയ അവകാശ വാദങ്ങള്‍ ഒന്നും ഞങ്ങള്‍ ഉന്നയിക്കുന്നില്ല, എല്ലാം സത്യസന്ധമായി പറയുന്നവര്‍ ആണ് ഞങ്ങള്‍ പുതുപ്പള്ളിക്കാര്‍. അത് ഞങ്ങള്‍ക്ക് പാരമ്പര്യമായി ഉള്ളതാണ്. യുകെയില്‍ ചിതറി കിടക്കുന്ന അന്‍പത്തിയൊന്ന് കുടുംബക്കാര്‍ സംഗമത്തിനെത്തി എല്ലാം മറന്ന് ആഹ്ലാദിച്ചു എന്നത് തന്നെയാണ് സംഗമത്തിന്റെ ഏറ്റവും വലിയ വിജയം.’
പുതുപ്പള്ളി സംഗമത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
click on malayalam character to switch languages