അലക്സ് വര്‍ഗീസ്
രണ്ടു മാസത്തോളമായി പ്രാര്‍ത്ഥിച്ചും ഒരുക്കങ്ങള്‍ നടത്തിയും കാത്തിരുന്ന ആ പുണ്യ ദിനം സമാഗതമായിരിക്കുന്നു. ഒരു ജനതയുടെ വര്‍ഷങ്ങളായുള്ള നിലവിളിക്കുത്തരമായി ഫ്രാന്‍സിസ് മാര്‍പാപ്പയിലൂടെ ദൈവം അനുവദിച്ച ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയും അതിന്റെ പുതിയ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കലും ഇന്ന് പിറവിയെടുക്കുന്നു. ചരിത്രത്തിലാദ്യമായി പ്രെസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയം ഫുട്‌ബോള്‍ മത്സരത്തിനു പുറമേ മറ്റൊരു ജനസമുദ്രത്തിനായി വേദിയാകുന്നു.
മെത്രാഭിഷേകാതിരുക്കര്‍മ്മങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ റവ. ഡോ. തോമസ് പാറയടിയില്‍ അറിയിച്ചു. ഇന്നലെ വൈകീട്ട് പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയം കത്തീഡ്രലായി ഉയര്‍ത്തി പുതിയ രൂപതാ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രൗഢഗംഭീരമായ തുടക്കം കുറിച്ചു. തിങ്ങി നിറഞ്ഞ വിശ്വാസികളെ സാക്ഷി നിര്‍ത്തിയാണ് മാര്‍ ആലഞ്ചേരി ‘കത്തീഡ്രല്‍’ പ്രഖ്യാപനം നടത്തിയത്. ഇന്നലെ മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളുടെ റിഹേഴ്സല്‍ കര്‍ദിനാള്‍ കര്‍ദിനാള്‍ തിരുമേനിയുടെ നേതൃത്വത്തില്‍ നടന്നു. തുടര്‍ന്ന് മെത്രാഭിഷേകം നടക്കുന്ന സ്റ്റേഡിയത്തിലെത്തിയ കര്‍ദിനാളും നിയുക്ത മെത്രാനും ജനറല്‍ കണ്‍വീനര്‍ റവ. ഡോ. തോമസ് പാറയടിയും മറ്റു വൈദികരും കമ്മിറ്റിയംഗങ്ങളും ഒരുക്കങ്ങളുടെ പുരോഗതി നേരിട്ട് കണ്ടു വിലയിരുത്തി.സഭാധ്യക്ഷന്‍ പൂര്‍ണ്ണ സംതൃപ്തിയാണ് ഒരുക്കങ്ങളെ കുറിച്ച് പ്രകടിപ്പിച്ചത്.

കൃത്യം 12 മണിക്ക് പ്രാര്‍ത്ഥനാഗാനങ്ങളോടെ തിരുക്കര്‍മ്മങ്ങള്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. തിരുക്കര്‍മ്മങ്ങളും പാര്‍ക്കിങ്ങ് സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും കമ്മിറ്റിയംഗങ്ങളുടെയും വോളണ്ടിയേഴ്സിന്റെയും നേതൃത്വത്തില്‍ പൂര്‍ത്തിയായി. എന്‍ട്രി പാസ് മറക്കാതിരിക്കുവാനും കുടയ്ക്ക് പകരം റെയിന്‍ കോട്ട് കരുതുവാനും ഭക്ഷണവും ദാഹജലവും കരുതുവാനും വിശ്വാസികള്‍ മറന്നു പോകരുതെന്ന് മെത്രാഭിഷേക കമ്മിറ്റി നേതൃത്വം ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.
അതേ സമയം വിശ്വാസികള്‍ ആഘോഷലഹരിയിലാണ്. ദൈവം തന്ന ഈ വലിയ അനുഗ്രഹത്തെ സ്വീകരിക്കുവാന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങിക്കഴിഞ്ഞു. ബസുകളിലും കോച്ചുകളിലും സ്വകാര്യവാഹനങ്ങളിലുമായി രാവിലെ 11 മണിയോടെ വിവിധ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്ന് വിശ്വാസികള്‍ എത്തിത്തുടങ്ങും. പാര്‍ക്കിങ്ങ് നിബന്ധനകള്‍ ഏവരും കൃത്യമായി പാലിക്കണമെന്ന് വോളണ്ടിയേഴ്സ് അറിയിച്ചിട്ടുണ്ട്. വോളണ്ടിയേഴ്സിന്റെ സേവനം എല്ലാ സമയത്തും ലഭ്യമായിരിക്കും.
മാര്‍ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും ‘ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത’ ഉത്ഘാടനത്തിനുമായി എത്തുന്ന എല്ലാവരുടെയും ശ്രദ്ധയിലേക്കായി ഏറ്റവും പ്രധാനപ്പെട്ട ’15’ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഇത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ…
1. എന്‍ട്രി പാസ് ഇല്ലാത്ത ആര്‍ക്കും സ്റ്റേഡിയത്തിനുള്ളിലേക്ക് കടക്കാന്‍ സാധിക്കില്ലാത്തതിനാല്‍ ആരും എന്‍ട്രി പാസുകള്‍ മറക്കരുത്. ആ പാസില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഗെയ്റ്റില്‍ കൂടി മാത്രം പ്രവേശിക്കാനും നിശ്ചയിച്ചു തന്നിരിക്കുന്ന സീറ്റുകളില്‍ ഇരിക്കാനും ശ്രദ്ധിക്കണം.
ഇനിയും ടിക്കറ്റ് ആവശ്യമുള്ളവര്‍ മെത്രാഭിഷേക കമ്മിറ്റിയുമായി ബന്ധപ്പെടണം.
2. രാവിലെ 11.30 മുതലാണ് വിശ്വാസികള്‍ക്ക് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശനം ലഭിക്കുന്നത്. താമസിച്ചു വരുന്നത് ഒഴിവാക്കാന്‍ നേരത്തെ പുറപ്പെടാന്‍ ശ്രദ്ധിക്കുക. രണ്ടര മണിക്കൂറില്‍ കൂടുതല്‍ യാത്രാദൂരം ഉള്ളവരും ബസുകളിലും കോച്ചുകളിലുമായി വരുന്നവരും നിങ്ങളുടെ ഡ്രൈവര്‍ ആദ്യ രണ്ടര മണിക്കൂറിന് ശേഷം എടുക്കുന്ന ബ്രെയ്ക്കിന്റെ സമയം കൂടി മുന്‍കൂട്ടി കണ്ട് യാത്ര പുറപ്പെടാന്‍ ശ്രദ്ധിക്കുക.
3. പ്രാര്‍ത്ഥനാശുശ്രൂഷകള്‍ ഗാനാലാപനത്തോടെയും ജപമാല പ്രാര്‍ത്ഥനയോടെയും 12 മണിക്ക് ആരംഭിക്കും. ഈ ശുശ്രൂഷകള്‍ക്കിടയില്‍ സ്റ്റേഡിയത്തിലേക്ക് കടന്നു വരുന്നവര്‍ സംസാരിച്ച് പ്രാര്‍ത്ഥനാ അന്തരീക്ഷം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
4. ഭക്ഷണം: യാത്രയിലുടനീളവും തിരുക്കര്‍മ്മങ്ങള്‍ക്കിടയിലും ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ആവശ്യമുള്ളത്രെ ഭക്ഷണവും വെള്ളവും കരുതണം. കുട്ടികള്‍ക്കുള്ള പ്രത്യേക ഭക്ഷണങ്ങളും കരുതണം. എല്ലാ പരിപാടികളുടെയും സമാപനത്തില്‍ മെത്രാഭിഷേക കമ്മിറ്റി ഒരുക്കിയിരിക്കുന്ന ലഘു റിഫ്രഷ്‌മെന്റ്‌സ് അതാത് ഇരിപ്പിടങ്ങളില്‍ ലഭിക്കുന്നതായിരിക്കും.
5. ഡ്രസ്സ് കോഡ്: ഏറ്റവും വിശുദ്ധമായ ഒരു ആത്മീയ കര്‍മ്മത്തില്‍ പങ്ക് ചേരാനെത്തുന്നതിനാല്‍ എല്ലാവരും പ്രാര്‍ത്ഥനാ അന്തരീക്ഷത്തിന് ചേര്‍ന്ന വസ്ത്രധാരണം ശ്രദ്ധിക്കേണ്ടതാണ്. അത് പോലെ, ആത്മീയ അവസരങ്ങള്‍ക്ക് ചേരാത്ത ഭക്ഷണപാനീയങ്ങളും ഒഴിവാക്കേണ്ടതാണ്.
6. സ്റ്റേഡിയത്തിലും പരിസരങ്ങളിലുമായി വിന്യസിച്ചിരിക്കുന്ന വോളണ്ടിയേഴ്സ് വാഹന പാര്‍ക്കിങ്ങില്‍ സഹായിക്കുന്നതാണ്. നിര്‍ദിഷ്ട സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യുക. ബസിനുള്ള എന്‍ട്രി പാസുകളും എടുക്കാന്‍ മറക്കരുത്.
7. കാലാവസ്ഥ വ്യതിയാനമുണ്ടായാല്‍ കുട ഉപയോഗിക്കാന്‍ പറ്റില്ല. പകരം എല്ലാവരും ‘റെയിന്‍ കോട്ട്’ കരുതേണ്ടതാണ്.
8. സ്റ്റേഡിയത്തിനുള്ളിലും പരിസരങ്ങളിലുമായി നിങ്ങളെ സഹായിക്കാനായി സേവനം ചെയ്യുന്ന വോളണ്ടിയേഴ്സിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കേണ്ടതാണ്.
9. പ്രാര്‍ത്ഥനകള്‍ക്കുപയോഗിക്കുന്ന പുസ്തകങ്ങളും മെത്രാഭിഷേക കമ്മിറ്റിയുടെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്ന മറ്റു പ്രസിദ്ധീകരണങ്ങളും സ്റ്റേഡിയത്തിനുള്ളില്‍ ലഭിക്കുന്നതാണ്. ക്രിസ്തീയ സ്‌നേഹത്തിനും സഭയുടെ ആത്മീയതക്കും നിരക്കാത്ത മറ്റു പ്രസിദ്ധീകരണങ്ങള്‍, ലഘുരേഖകള്‍ എന്നിവ വാങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
10. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനെത്തുന്ന എല്ലാ വൈദികരും ഗോള്‍ഡന്‍ കളറുള്ള കാഷാ സെറ്റ് (സീറോ മലബാര്‍ കുര്‍ബ്ബാന തിരുവസ്ത്രം) കൊണ്ടു വരികയും തിരുക്കര്‍മ്മങ്ങളുടെ സമയത്തു അവ അണിയുകയും ചെയ്യേണ്ടതാണ്. ലത്തീന്‍ കത്തോലിക്കാ സഭയെ പ്രതിനിധീകരിക്കുന്നവര്‍ ചുവന്ന ലത്തീന്‍ കുര്‍ബ്ബാന തിരുവസ്ത്രം കൊണ്ട് വരേണ്ടതാണ്. വൈദികര്‍ ഓരോ കുസ്‌തോദിയും കൊണ്ട് വരേണ്ടതാണ്.
11. ഭിന്ന ശേഷിയുള്ളവരുടെ യാത്രാ ഉപകരണങ്ങള്‍, കുഞ്ഞുങ്ങളുടെ പ്രാം എന്നിവ സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിപ്പിക്കാം.
12. ലഘു ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് സ്റ്റേഡിയം കമ്മിറ്റിയുടെ ഫുഡ് കൗണ്ടറില്‍ നിന്നും വാങ്ങാവുന്നതാണ്.
13. ഏറ്റവും വലിയ ഒരുക്കം ആത്മീയ ഒരുക്കമാണെന്നതിനാല്‍ എല്ലാവരും മെത്രാഭിഷേക ചടങ്ങിലേക്ക് പ്രാര്‍ത്ഥിച്ചു ഒരുങ്ങി വരണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
14. വളരെ നേരത്തെ എത്തുന്നവര്‍ക്ക് കത്തീഡ്രലായി ഉയര്‍ത്തപ്പെടുന്ന സെന്റ്. അല്‍ഫോന്‍സാ ദേവാലയം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കാവുന്നതാണ്.
15. മെത്രാഭിഷേക വേദിയുടെ വിലാസം:
NORTH END STADIUM, PRESTON, PR16RU
october 9, 2016, sunday at 1.30 pm
Phone: 01772396065
email:[email protected]
മെത്രാഭിഷേക ചടങ്ങുകളുടെ തല്‍സമയ ദൃശ്യങ്ങള്‍ യുക്മാന്യൂസില്‍

യു കെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വo കാത്തിരുന്ന ചരിത്ര നിമിഷം ഇന്ന്. ആയിരങ്ങള്‍ പങ്കെടുക്കുന്ന സീറോമലബാര്‍ സഭയുടെ രൂപത സ്ഥാപന ചടങ്ങും മെത്രാഭിഷേക ചടങ്ങും ഇന്ന് പ്രെസ്ട്ടനിലെ നോര്‍ത്ത് ഏന്‍ഡ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ആണ് നടക്കുക.
മെത്രാഭിഷേക ചടങ്ങുകളുടെ തല്‍സമയ ദൃശ്യങ്ങള്‍ യുക്മാന്യൂസില്‍ ലഭ്യമാകും.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ആരംഭിക്കുക. ശനിയാഴ്ച നടക്കുന്ന കത്തീഡ്രല്‍ സ്ഥാപന ചടങ്ങും തത്സമയം ലഭ്യമാകും. യുകെയിലെ പ്രമുഖ മലയാളം ചാനലായ ഗര്‍ഷോം ടിവിയാണ് തത്സമയ ദൃശ്യങ്ങള്‍ ലോകമെങ്ങുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് .
യുക്മാന്യൂസിന്റെ വീഡിയോ സെക്ഷനിലോ ,താഴെ കൊടുത്തിരിക്കുന്ന ലിങ്കിലോ ക്ലിക്ക് ചെയ്‌താല്‍ തല്‍സമയ ദൃശ്യങ്ങള്‍ കാണാം
click on malayalam character to switch languages