യുകെയിലെ ക്രൈസ്തവ വിശ്വാസികളുടെ ചരിത്രത്തിലെ ഒരവിസ്മരണീയമായ ഏടായിരുന്നു ഇന്നലെ വിഥിന്‍ഷോയില്‍ നടന്ന പ്രഥമ ക്‌നാനായ തിരുന്നാള്‍. യുകെയിലെ ക്‌നാനായ വിശ്വാസികള്‍ക്കായി അനുവദിക്കപ്പെട്ട ക്‌നാനായ ചാപ്ലയിന്റെ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ തിരുനാളായിരുന്നു ഇന്നലെ വിഥിന്‍ഷോയില്‍ നടന്നത്. യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേക കോച്ച് പിടിച്ചു ഏതാണ്ട് മൂവായിരത്തോളം ക്‌നാനായക്കാരാണ് ഇന്നലെ എത്തിച്ചേര്‍ന്നത്. യുകെകെസിഎ സമ്മേളനത്തിന്റെ ഭംഗിയും പകിട്ടുമായി നടന്ന ആദ്യ തിരുന്നാള്‍ യുകെയിലെ ക്‌നാനായ വിശ്വാസികളുടെ ആത്മീയാചാര്യനായ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ സംഘാടക മികവിനുള്ള മറ്റൊരു ഉദാഹരണം കൂടിയായി മാറി.
രാവിലെ മുതല്‍ തന്നെ മാഞ്ചസ്റ്ററിലേക്ക് ക്‌നാനായക്കാരുടെ പ്രവാഹമായിരുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് മുന്‍പ് തന്നെ ബൃഹത്തായ സെന്റ്. ആന്റണീസ് ദേവാലയം വിശ്വാസികളെ കൊണ്ട് നിറഞ്ഞു. പിന്നീട് വന്നവരെല്ലാം ദേവാലയ മുറ്റത്ത് നിന്നാണ് ശുശ്രൂഷകളില്‍ പങ്കെടുത്തത്.
രാവിലെ പത്തിന് ഫാ. സജി മലയില്‍ പുത്തന്‍പുര തിരുന്നാളിന് കൊടിയേറ്റി. തുടര്‍ന്ന് മാര്‍. മാത്യു മൂലക്കാട്ട്, മാര്‍. ജോസഫ് സ്രാമ്പിക്കല്‍ എന്നിവരെ ചാപ്ലിയന്‍സി , യുകെകെസിഎ പ്രതിനിധികള്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. നടവിളികളോടെയും ബലൂണുകള്‍ ആകാശത്ത് പറപ്പിച്ചും അഭിവന്ദ്യ പിതാക്കന്മാരെ സ്വീകരിച്ചു ആനയിച്ചു. തുടര്‍ന്ന് 14 വൈദികരും രണ്ട് സഭാപിതാക്കന്മാരും തിരുവസ്ത്രങ്ങളണിഞ്ഞു പ്രസുദേന്തിമാരുടെ അകമ്പടിയോടെ ദേവാലയത്തിനുള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ ഭക്തിസാന്ദ്രമായ ദേവാലയ സംഗീതം ഏവരെയും ഭക്തിയുടെ ആഴങ്ങളിലേക്ക് കൊണ്ട് പോയി.
ദിവ്യബലിക്ക് ശേഷം നടന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസ പ്രഘോഷണമായി മാറി. കൃത്യതയാര്‍ന്നതും ചിട്ടയായതുമായ മികച്ച സംഘാടകാത്മതയും അച്ചടക്കവും തിരുന്നാളിനെ ഭക്തിസാന്ദ്രമാക്കിയതിനൊപ്പം സമയ നിഷ്ഠയുള്ളതുമാക്കി. മാര്‍ മാത്യു മൂലക്കാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചപ്പോള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വചന സന്ദേശം നല്‍കി. ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. മാത്യു ചൂരപ്പൊയ്കയില്‍, ഫാ. ജോസഫ് മുളവനാല്‍, ഫാ. ജിനോ അരീക്കാട്ട്, ഫാ. ലോനപ്പന്‍ അരങ്ങാശേരി, ഫാ. റോബിന്‍സണ്‍, ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍, ഫാ. സിറില്‍ ഇടമന, ഫാ. ഫാന്‍സുവ പത്തില്‍, ഫാ. സോണി, ഫാ. ഷാജി, ഫാ. സജി എന്നിവര്‍ സഹകാര്‍മികരായിരുന്നു.
സ്‌നേഹ കൂട്ടായ്മക്ക് ശേഷം പ്രൗഢഗംഭീരമായ പൊതുസമ്മേളനം ഷ്രൂസ്ബറി രൂപതാധ്യക്ഷന്‍ മാര്‍ മാര്‍ക്ക് ഡേവീസ് ഉത്ഘാടനം ചെയ്തു. സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഇടവക ജനങ്ങളും ഒരുക്കിയ കലാസന്ധ്യ വര്‍ണ്ണമനോഹരമായിരുന്നു.
ഷാജി പറമ്പേല്‍ രചിച്ചു കെസ്റ്റര്‍ ആലപിച്ച ക്‌നാനായ ചാപ്ലയന്‍സിയുടെ പാട്ടു ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. മാഞ്ചസ്റ്ററിന്റെ സമീപ പ്രദേശങ്ങളിലെല്ലാം മഴ പെയ്തപ്പോള്‍ തിരുന്നാള്‍ നടക്കുന്ന മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയില്‍ ഒരു തുള്ളി മഴ പോലും പെയ്തില്ല. അത് കൊണ്ട് തന്നെ ദൈവം കനിഞ്ഞു അനുഗ്രഹിച്ചു നല്‍കിയ സുന്ദരമായ കാലാവസ്ഥയിലാണ് പ്രഥമ ക്‌നാനായ ചാപ്ലയന്‍സി തിരുന്നാള്‍ കൊണ്ടാടിയത്. യുകെ ദര്‍ശിച്ച ഏറ്റവും വലിയ തിരുന്നാള്‍ എന്നത് ഇനി മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലയന്‍സിയുടെ നേട്ടത്തില്‍ എടുത്തു പറയാനാകും.
യുകെകെസിഎയുടെ യൂണിറ്റുകളില്‍ നിന്നടക്കം ഏകദേശം മൂവായിരത്തോളം ക്‌നാനായക്കാര്‍ എത്തിയപ്പോള്‍ കൃത്യമായ ആസൂത്രണത്തിന്റെ മികവ് കൂടിയാണ് മാഞ്ചസ്റ്ററില്‍ ദൃശ്യമായത്. മുഖ്യ സംഘാടകനായ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ സംഘടനാപാടവം ആണ് ഇതില്‍ കൂടി വീണ്ടും തെളിയിക്കപ്പെട്ടത്.
click on malayalam character to switch languages