‘അതിവേഗം ബഹുദൂരം’ ഓടിയെത്തിക്കൊണ്ടിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടണിലെ നിയുക്ത സീറോ മലബാര്‍ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മെത്രാഭിഷേകത്തിനൊരുക്കമായുള്ള തന്റെ പ്രാഥമിക സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ഇന്നലെയും അതിന്റെ തലേ ദിവസവുമായി ഈസ്റ്റ് ആംഗ്ലിയ സൗത്താംപ്ടണ്‍ രൂപതകളിലും ‘ഇംഗ്ലണ്ടിന്റെ നസ്രത്ത്’ എന്നറിയപ്പെടുന്ന വാത്സിങ്ങാം തീര്‍ത്ഥാടന കേന്ദ്രത്തിലും സന്ദര്‍ശനം നടത്തി.
വ്യാഴാഴ്ച നോര്‍വിച്ചിലെത്തിയ നിയുക്ത മെത്രാനെ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ ,റവ. ഫാ. ടെറിന്‍ മുല്ലക്കര എന്നിവരും നിരവധി വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിച്ച ശേഷം ഈസ്റ്റ് ആംഗ്ലിയ ബിഷപ് അലന്‍ ഹോപ്സുമായി മാര്‍ സ്രാമ്പിക്കല്‍ കൂടിക്കാഴ്ച നടത്തി. ഉച്ച തിരിഞ്ഞു വാത്സിങ്ങാം തീര്‍ത്ഥാടന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി പരി. മറിയത്തിന്റെ മാധ്യസ്ഥം തനിക്കും പുതിയ രൂപതയ്ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു. കേംബ്രിഡ്ജില്‍ വൈകീട്ട് അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷം പീറ്റര്‍ ബറോ, പാപ്പ്വര്‍ത്ത്, ഹണ്ടിങ്ടണ്‍, കേംബ്രിഡ്ജ്, കിങ്‌സിലിന്‍ എന്നിവടങ്ങളിലെ വിശ്വാസികളെ കാണാനും പുതിയ ഇടയന്‍ സമയം കണ്ടെത്തി.
ഇന്നലെ സൗത്താംപ്റ്റന്‍ രൂപതയിലെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളുമായി ആശയവിനിമയം നടത്തി. സൗത്താംപ്ടണില്‍ മോണ്‍സിഞ്ഞോര്‍ വിന്‍സെന്റ് ഹാര്‍വി, റവ. ഫാ. രാജേഷ് അബ്രഹാം ആനത്തില്‍, റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍, റവ. ഫാ. അനീഷ് മണിവേലില്‍ എന്നിവരും പോര്‍ട്‌സ്മൗത്ത്, സൗത്താംപ്റ്റന്‍, ആന്‍ഡോവര്‍, ബേസിംഗ്‌സ്റ്റോക്ക് എന്നിവടങ്ങളിലെ വിശ്വാസികളും ചേര്‍ന്ന് തങ്ങളുടെ പുതിയ ഇടയന്‍ ഊഷ്മള സ്വീകരണം നല്‍കി.
ഈ മാസം 18 മുതല്‍ യുകെയില്‍ വന്നിറങ്ങിയത് മുതല്‍ പിതാവ് തന്റെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. തന്റെ പുതിയ രൂപതയുടെ വ്യാപ്തിയും ആഴവും തിരിച്ചറിയുന്നതിനും തന്റെ ശുശ്രൂഷക്ക് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന അജഗണത്തെ നേരില്‍ കാണുന്നതിനും അതാത് രൂപതകളിലെ മെത്രാന്മാരുടെ ആശിര്‍വ്വാദവും പ്രാര്‍ത്ഥനയും തേടുന്നതിനാണ് മെത്രാഭിഷേകത്തിന് മുന്‍പ് തന്നെ ഇത്തരമൊരു പ്രാഥമിക സന്ദര്‍ശന പരിപാടി ക്രമീകരിച്ചത്. തികച്ചും അനൗദ്യോഗികമായിരുന്നുവെങ്കിലും എല്ലായിടത്തും വലിയ ആവേശത്തോടെയാണ് വിശ്വാസികള്‍ തങ്ങളുടെ പുതിയ ഇടയനെ വരവേറ്റത്.
ഇന്ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന ക്‌നാനായ തിരുനാളിലും കണ്‍വന്‍ഷനിലും സാല്‍ഫോര്‍ഡ് രൂപതയുടെ ‘ചാപ്ലിയന്‍സി ഡേ’യിലും മാര്‍ സ്രാമ്പിക്കല്‍ പങ്ക് ചേരും. വിരലിലെണ്ണാവുന്ന ദിവസങ്ങളിലേക്ക് ഒക്ടോബര്‍ 9 എന്ന മെത്രാഭിഷേക ദിനം അടുത്തതോടെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കേന്ദ്രത്തലത്തിലും ഓരോ വി. കുര്‍ബ്ബാന കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.
ഓരോ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും ആവശ്യപ്പെട്ടിരുന്നത്ര എണ്ണം എന്‍ട്രി പാസുകള്‍ ഈ ദിവസങ്ങളില്‍ ലഭ്യമായി കൊണ്ടിരിക്കും. മെത്രാഭിഷേകത്തിനു വേദിയാകുന്ന പ്രസ്റ്റന്‍ നോര്‍ത്ത് ഏന്‍ഡ് സ്റ്റേഡിയത്തിലും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഫാ. തോമസ് പാറയടിയും ജോ. കണ്‍വീനര്‍ ഫാ. മാത്യു ചൂരപ്പൊയ്കയിലും അറിയിച്ചു.
click on malayalam character to switch languages