1 GBP = 123.62
breaking news

ആന്ധ്രയിൽ ഒഎൻജിസി പ്രകൃതിവാതക ഖനന മേഖലയിൽ വൻ വാതകച്ചോർച്ച; ഒരു കിലോമീറ്റർ ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചു

ആന്ധ്രയിൽ ഒഎൻജിസി പ്രകൃതിവാതക ഖനന മേഖലയിൽ വൻ വാതകച്ചോർച്ച; ഒരു കിലോമീറ്റർ ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചു

അമരാവതി: ആന്ധ്രപ്രദേശിലെ ഒഎൻജിസി (ONGC) പ്രകൃതിവാതക ഖനന കിണറിൽ വൻ വാതകച്ചോർച്ച. ഡോ. ബി.ആർ. അംബേദ്കർ കോനസീമ ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ അപകടത്തെത്തുടർന്ന് കിണറിന് ഒരു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

മാമിഡികുദുരു മണ്ഡലത്തിലെ നാഗാരം ഗ്രാമത്തിന് സമീപമുള്ള താടിവാരിമെരക്കയിലാണ് പുലർച്ചെ 4.30ഓടെ സംഭവം. വലിയ ശബ്ദത്തോടെ കിണറിൽനിന്ന് വാതകം ശക്തമായി പുറത്തേക്ക് പ്രവഹിക്കുകയായിരുന്നു.

സംഭവത്തെത്തുടർന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകാൻ നിർദേശിക്കുകയും ചെയ്തു. വാതകച്ചോർച്ച നിയന്ത്രിക്കാൻ പ്രത്യേക സാങ്കേതിക വിദഗ്ധരുടെ സംഘത്തെ ഉടൻ നിയോഗിക്കാനും ഒഎൻജിസി അധികൃതരോട് ആവശ്യപ്പെട്ടു.

നിലവിൽ തീപിടിത്തമൊന്നും ഉണ്ടായിട്ടില്ലെന്നും കിണറിന്റെ മുകൾഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഒഎൻജിസി അറിയിച്ചു. വാതകം ഭൂനിരപ്പിന് സമീപം അടിഞ്ഞുകൂടുന്നതും വ്യാപിക്കുന്നതും തടയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി ഡീസൽ ജനറേറ്ററുകളും മറ്റ് ഉപകരണങ്ങളും പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്. അനാവശ്യ ജീവനക്കാരെയും പ്രദേശത്തുനിന്ന് മാറ്റി.

ചോർച്ച പൂർണമായി അടയ്ക്കുന്നതിനായി പ്രത്യേക സിമന്റിങ് വിദഗ്ധസംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അടുത്ത നാലോ അഞ്ചോ മണിക്കൂറിനുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്നാണ് ഒഎൻജിസിയുടെ പ്രതീക്ഷ.

പ്രദേശത്ത് സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി, ഒഎൻജിസിയുടെ ഉന്നത നേതൃത്വവുമായി ബന്ധപ്പെട്ട് നിലവിലെ സുരക്ഷാ സംവിധാനങ്ങൾ സമഗ്രമായി പരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more