1 GBP = 123.62
breaking news

മലപ്പുറത്ത് 14കാരൻ ഷോക്കേറ്റ് മരിച്ച സംഭവം; കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യും

മലപ്പുറത്ത് 14കാരൻ ഷോക്കേറ്റ് മരിച്ച സംഭവം; കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യും

തിരുവനന്തപുരം: മലപ്പുറം തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് പതിനാലുകാരനായ വിദ്യാർഥി ജുനൈദ് മരിച്ച സംഭവത്തിൽ കുടുംബത്തിന് 10 ലക്ഷം രൂപ പ്രത്യേക ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച നിർദേശം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് കെഎസ്ഇബിക്ക് കൈമാറി.

തിരൂരങ്ങാടിയിലെ പാടത്ത് 14കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി വെന്നിയൂർ സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്യും. പ്രാഥമിക അന്വേഷണത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം വീഴ്ച വരുത്തിയ മറ്റ് ഉദ്യോഗസ്ഥർക്ക് എതിരെയും നടപടിയുണ്ടാകും.

സംഭവത്തിൽ ഇന്നലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്കും കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്കും കമ്മീഷൻ നിർദേശം നൽകി. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയാണെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നും റിപ്പോർട്ടിലൂടെ വ്യക്തമാകേണ്ടതുണ്ട്.

സംഭവത്തിൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ നടപടികളും സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചകളും കമ്മീഷൻ പരിശോധിക്കും. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ വൈദ്യുതി അനുബന്ധ അപകടങ്ങൾ ഉണ്ടാകുന്നത് ഗൗരവത്തോടെയാണ് കമ്മീഷൻ കാണുന്നത്. ഡിസംബർ മൂന്നിന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more