1 GBP = 124.48
breaking news

ഫിഫ സൗഹൃദ മത്സരം; ന്യൂസിലൻഡിന് മുന്നിലും അടിപതറി ഇന്ത്യ, അഞ്ച് ഗോളിന്റെ ദയനീയ തോൽവി

ഫിഫ സൗഹൃദ മത്സരം; ന്യൂസിലൻഡിന് മുന്നിലും അടിപതറി ഇന്ത്യ, അഞ്ച് ഗോളിന്റെ ദയനീയ തോൽവി

ഓക്‌ലാൻഡ്: ന്യൂസിലൻഡിനെതിരെയായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ഫുട്ബാൾ ടീമിന് ദയനീയ തോൽവി. ഓക്‌ലൻഡിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് ന്യൂസിലൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ജെസ്സി റാൻഡലിന്‍റെ ഇരട്ട ഗോളുകളുകളുടെ കരുത്തിലാണ് ഓൾ വൈറ്റ്‌സിന്റെ വിജയം. 

മത്സരത്തിന്റെ ആദ്യ വിസിൽ മുഴങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ഇന്ത്യൻ താരം ബിജോയ് വർഗീസിന്റെ ഓൺ ഗോളിൽ ന്യൂസിലൻഡ് ലീഡ് എടുത്തു. കൗണ്ടർ അറ്റാക്കിനിടെ പ്രേംവീർ തട്ടിയകറ്റിയ പന്ത് പിടിച്ചെടുത്ത് റാൻഡൽ പെനാലിറ്റി ബോക്സിലേക്ക് തൊടുത്തപ്പോൾ ബിജോയുടെ ദേഹത്ത് തട്ടി ഇന്ത്യൻ വലയിലേക്ക് കയറുകയായിരുന്നു. പിന്നീടങ്ങോട്ട് റാൻഡൽ ഇന്ത്യൻ പ്രതിരോധത്തെ നിരന്തരം വിറപ്പിച്ചുകൊണ്ടേയിരുന്നു. 

ഒടുവിൽ 34 -ാം മിനിറ്റിൽ റാൻഡൽ ലക്ഷ്യം കണ്ടു. താരം പത്ത് മിനിറ്റുകൾക്കപ്പുറം വീണ്ടും വല കുലുക്കിയതോടെ ആദ്യ പകുതിയിൽ തന്നെ ന്യൂസിലൻഡ് ഇന്ത്യക്കെതിരെ ആധിപത്യം സ്ഥാപിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഓൾ വൈറ്റ്‌സ് ക്യാപ്റ്റൻ ക്രിസ് വുഡ് ടീമിന്റെ ലീഡുയർത്തി. 

57-ാം മിനിറ്റിൽ കാലൻ എലിയറ്റിന്റെ ക്രോസ് ഹെഡ് ചെയ്താണ് വുഡ് വല കുലുക്കിയത്. ഒരു വർഷത്തിലേറെയുള്ള തന്റെ ഗോൾ വരൾച്ച അവസാനിപ്പിച്ചായിരുന്നു വുഡിന്റെ ഈ ഗോൾ. പിന്നാലെ ലാച്ലൻ ബെയ്ലിസ് ന്യൂസിലൻഡിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. ലിയാം ഗിലിയന്റെ നൽകിയ ക്രോസിൽ മനോഹരമായ ഹാഫ് വോളിയിലൂടെയാണ് ഈ ഗോൾ പിറന്നത്. 

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ലീഡ് ഉയർത്താൻ ന്യൂസിലൻഡ് അവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ വിശാൽ കൈതിന്റെ ഇന്ത്യൻ ടീമിന്റെ രക്ഷകനായി. മാത്യു ഷെറിഡന്റെ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ താരം ആകാശ് മിശ്രയുടെ കൈകളിൽ തട്ടിയതോടെ ന്യൂസിലൻഡിന് പെനാൽറ്റി ലഭിച്ചു. എന്നാൽ ബിൽ ടുയിലോമ എടുത്ത ഷോട്ട് വിശാൽ കൈത് പന്ത് തട്ടിയകറ്റി. 

ഖാലിദ് ജമീലിന് കീഴിൽ ഇറങ്ങുന്ന ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ മോശം ഫോം തുടരുകയാണ്. അവസാന രണ്ട് മത്സരങ്ങളിൽ വഴങ്ങിയത് 11 ഗോളുകളാണ്. ഒരു ഗോൾ മാത്രമാണ് ബ്ലൂ ടൈഗേഴ്‌സിന് നേടാൻ സാധിച്ചത്. 

അതേസമയം,ന്യൂസിലാൻഡിനെതിരെ ഇന്ത്യ ഒരു സൗഹൃദ മത്സരം കൂടി കളിക്കും. നവംബർ 15 ന് ക്രൈസ്റ്റ് ചർച്ചിലെ വൺ ന്യൂസിലൻഡ് സ്റ്റേഡിയത്തിലാണ് ഈ മത്സരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more