ന്യൂകാസിൽ: ജോലി കേന്ദ്രത്തിൽ ഏഷ്യൻ വംശജയായ ജീവനക്കാരിക്കെതിരെ വംശീയ അധിക്ഷേപം നടത്തുകയും ഭീഷണിപ്പെടുത്തുന്ന രീതിയിൽ പെരുമാറുകയും ചെയ്ത കേസിൽ മുൻ ട്രീ സർജനായ ഡീൻ ബെയ്ലിക്ക് പിഴയും 12 മാസത്തെ കമ്മ്യൂണിറ്റി ഓർഡറും ശിക്ഷയായി.
സ്റ്റാഫോർഡ്ഷയറിലെ പെൻഖള്ളിൽ താമസിക്കുന്ന 34കാരനായ ഡീൻ ബെയ്ലി, ന്യൂകാസിൽ-അണ്ടർ-ലൈമിലെ പാരഡൈസ് സ്ട്രീറ്റിലുള്ള ജോബ് സെന്ററിൽ 2025 സെപ്റ്റംബർ 12നാണ് സംഭവത്തിനിടയാക്കിയത്. ജീവനക്കാരെ കാണാൻ വിസമ്മതിച്ച ഇയാൾ, തനിക്ക് ഒരു ‘വെള്ളക്കാരനായ ബ്രിട്ടീഷുകാരനെ’ മാത്രമേ കാണേണ്ടതുള്ളൂവെന്ന് ആവശ്യപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരുമായി തർക്കിക്കുകയും ചെയ്തു.
ഏഷ്യൻ വംശജയായ ജീവനക്കാരിയെ ചൂണ്ടിക്കാട്ടി ഇയാൾ അസഭ്യവും വംശീയവുമായ പരാമർശങ്ങൾ നടത്തിയതായി കോടതിയിൽ പ്രോസിക്യൂട്ടർ ഹെലൻ ഷിപ്ലി വിശദീകരിച്ചു. കൈകൾ വീശി ആക്രോശിച്ച ഇയാൾ, ആക്രമിക്കപ്പെടുമെന്ന ഭയമുണ്ടെന്നും ആവശ്യമെങ്കിൽ പോരാടാൻ തയ്യാറാണെന്നും വിളിച്ചുപറഞ്ഞു. സംഭവത്തെത്തുടർന്ന് ജീവനക്കാരി കടുത്ത മാനസിക വിഷമത്തിലായെന്നും സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെട്ടെന്നും കോടതിയെ അറിയിച്ചു.
Please Read: ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി
വംശീയ വിദ്വേഷം കലർന്ന ഭീഷണിപ്പെടുത്തുന്ന പെരുമാറ്റം നടത്തിയെന്ന കുറ്റം ബെയ്ലി നിഷേധിച്ചെങ്കിലും വിചാരണയ്ക്കൊടുവിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. നോർത്ത് സ്റ്റാഫോർഡ്ഷയർ ജസ്റ്റിസ് സെന്ററാണ് ശിക്ഷ വിധിച്ചത്.
അതേസമയം, മുൻപ് വിജയകരമായി സ്വയംതൊഴിൽ ചെയ്തിരുന്ന ട്രീ സർജനായിരുന്നു ബെയ്ലിയെന്ന് പ്രതിഭാഗം അഭിഭാഷകൻ മൈക്ക് കിംബർലി കോടതിയിൽ പറഞ്ഞു. ഇയാൾ നടത്തിയിരുന്ന ജോലി സ്ഥലത്ത് മരക്കൊമ്പ് ഒരാളുടെ തലയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിനുശേഷം മാനസികമായി തകർന്നതായും കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ജോലിയില്ലാതെ കഴിയുകയാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.
പ്രതിക്ക് സമാനമായ കുറ്റങ്ങളിൽ മുൻശിക്ഷകളില്ലെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് പ്രതി ഖേദം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും ആരോപിക്കപ്പെട്ട പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നാണ് നിലപാടെന്നും പ്രതിഭാഗം അറിയിച്ചു.
ബെയ്ലിക്ക് 120 പൗണ്ട് പിഴ ചുമത്തിയ കോടതി, ഇരയായ ജീവനക്കാരിക്ക് 80 പൗണ്ട് നഷ്ടപരിഹാരം നൽകാനും 600 പൗണ്ട് കോടതി ചെലവും 114 പൗണ്ട് സർചാർജും അടയ്ക്കാനും ഉത്തരവിട്ടു. ഇതോടൊപ്പം 12 മാസത്തെ കമ്മ്യൂണിറ്റി ഓർഡറും പ്രൊബേഷൻ വ്യവസ്ഥയും ഏർപ്പെടുത്തി.
click on malayalam character to switch languages