ലണ്ടൻ: ബ്രിട്ടനിലെ റിഫോം യു.കെ പാർട്ടിയുടെ പ്രമുഖ പ്രാദേശിക നേതാവും ഹാംപ്ഷെയർ കൗണ്ടി കൗൺസിലിലെ പാർട്ടി ഗ്രൂപ്പ് ലീഡറുമായ ജോർജ് മാഡ്വിക്കിനെതിരെ 12 ബലാത്സംഗക്കേസുകൾ ഉൾപ്പെടെ 35 കുറ്റങ്ങൾ ചുമത്തി. ലൈംഗികാതിക്രമം, നിർബന്ധിത നിയന്ത്രണവും ഭീഷണിപ്പെടുത്തലും, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നിർമിക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
2008 മുതൽ 2021 വരെ പോർട്സ്മൗത്തിലും വെയിൽസിലുമായി 13 വർഷക്കാലയളവിൽ നാല് പേരെ ലക്ഷ്യമിട്ട് കുറ്റകൃത്യങ്ങൾ നടത്തിയെന്നാണ് ആരോപണം. സംഭവങ്ങൾ നടക്കുമ്പോൾ പരാതിക്കാർക്ക് 16നും 17നും ഇടയിലായിരുന്നു പ്രായം.
കഴിഞ്ഞ വർഷം ജൂലൈയിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഹാംപ്ഷെയർ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ഈ വർഷം ജനുവരി ആറിന് ലണ്ടനിലെ വാൻഡ്സ്വർത്തിലുള്ള ഒരു വിലാസത്തിൽ നിന്ന് 37കാരനായ മാഡ്വിക്കിനെ അറസ്റ്റ് ചെയ്തു. പോർട്സ്മൗത്ത് സിറ്റി കൗൺസിലിലും ഇയാൾ കൗൺസിലറാണ്.
12 ബലാത്സംഗക്കേസുകൾക്ക് പുറമെ ലൈംഗികാതിക്രമം, കുട്ടികളെ ലൈംഗിക ചൂഷണത്തിന് പ്രേരിപ്പിക്കൽ, ശാരീരിക പരിക്കേൽപ്പിക്കുന്ന എട്ട് ആക്രമണക്കേസുകൾ, പിന്തുടർന്ന് ശല്യം ചെയ്യൽ, വധഭീഷണി, നിയമവിരുദ്ധമായി തടങ്കലിൽവയ്ക്കൽ, മോഷണം, ക്രിമിനൽ നാശനഷ്ടം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
സംഭവത്തിൽ കേസ് നടപടികൾ ആരംഭിച്ചതോടെ മാഡ്വിക്കിനെ റിഫോം യു.കെ പാർട്ടിയിൽ നിന്ന് ഉടൻ സസ്പെൻഡ് ചെയ്തതായി പാർട്ടി വക്താവ് അറിയിച്ചു. നവംബർ 25ന് പോർട്സ്മൗത്ത് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാനാണ് നിർദേശം.
ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളിൽ വിചാരണ നടത്താൻ മതിയായ തെളിവുകളുണ്ടെന്നും പൊതുതാൽപര്യം പരിഗണിച്ചാണ് പ്രോസിക്യൂഷൻ തീരുമാനിച്ചതെന്നും ക്രൗൺ പ്രോസിക്യൂഷൻ സർവീസ് വ്യക്തമാക്കി. അതേസമയം, പ്രതിക്ക് ന്യായമായ വിചാരണയ്ക്കുള്ള അവകാശമുണ്ടെന്നും കേസിനെ ബാധിക്കുന്ന തരത്തിലുള്ള അനാവശ്യ പരാമർശങ്ങളും വിവരങ്ങൾ പങ്കുവയ്ക്കലും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ലേബർ പാർട്ടി അധ്യക്ഷ ബ്രിഡ്ജറ്റ് ഫിലിപ്സൺ സംഭവത്തിൽ പ്രതികരിച്ച് റിഫോം യു.കെ നേതാവ് നൈജൽ ഫറാജ് ആരോപണങ്ങളെക്കുറിച്ചോ കൗൺസിലറുടെ അറസ്റ്റിനെക്കുറിച്ചോ നേരത്തെ അറിവുണ്ടായിരുന്നോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. അറിവുണ്ടായിരുന്നെങ്കിൽ പാർട്ടിയുടെ സ്ഥാനാർഥിയായും പ്രാദേശിക നേതാവായും പ്രവർത്തിക്കാൻ അനുവദിച്ചതിന്റെ കാരണം വിശദീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
click on malayalam character to switch languages