സെന്റ് ജോൺസ്: അടിമത്തത്തിന്റെ ഭീകരമായ ചരിത്രത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയതോടെ കഴിഞ്ഞകാലത്തെ അനീതികൾ തിരുത്താനുള്ള തന്റെ പ്രതിബദ്ധത വർധിച്ചതായി ചാൾസ് മൂന്നാമൻ രാജാവ്. കരീബിയൻ രാജ്യങ്ങൾ ബ്രിട്ടനോട് ഔദ്യോഗിക മാപ്പും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് സമ്മർദം ശക്തമാക്കുന്നതിനിടെയാണ് കോമൺവെൽത്ത് ഉച്ചകോടിയുടെ ഉദ്ഘാടനച്ചടങ്ങിൽ രാജാവിന്റെ പ്രതികരണം.
അറ്റ്ലാന്റിക് സമുദ്രം കടന്നുള്ള അടിമക്കച്ചവടത്തിന്റെ ചരിത്രം ഇന്നും കരീബിയൻ ദ്വീപുകളെയും കോമൺവെൽത്ത് രാജ്യങ്ങളെയും വേട്ടയാടുന്നുണ്ടെന്നും ആ അധ്യായം ഓർക്കുമ്പോൾ ഹൃദയം നടുങ്ങുന്നുവെന്നും ചാൾസ് പറഞ്ഞു. എന്നാൽ അടിമത്തത്തിന് ഔദ്യോഗികമായി മാപ്പുപറയാനോ നഷ്ടപരിഹാരത്തെ പിന്തുണയ്ക്കാനോ അദ്ദേഹം തയ്യാറായില്ല. വിദ്യാഭ്യാസം, തൊഴിൽ, വ്യാപാരം, കാലാവസ്ഥാ പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിലാണ് അദ്ദേഹം ഊന്നൽ നൽകിയത്.
അന്റിഗ്വ ആൻഡ് ബാർബുഡയിൽ നടക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടനത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ അടിമത്തത്തിന്റെയും കൊളോണിയൽ ഭരണത്തിന്റെയും അനന്തരഫലങ്ങൾ അംഗീകരിക്കണമെന്നും നഷ്ടപരിഹാര നീതിയെക്കുറിച്ച് ഗൗരവമായ ചർച്ച വേണമെന്നും ആവശ്യപ്പെട്ടു.
കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരിക്കോം (CARICOM) അധ്യക്ഷൻ ഫിലിപ്പ് ജെ. പിയറിയും ബ്രിട്ടന്റെ മാപ്പപേക്ഷ അനിവാര്യമായ ആദ്യപടിയാണെങ്കിലും നഷ്ടപരിഹാരമില്ലാത്ത മാപ്പ് അപൂർണമാണെന്ന് വ്യക്തമാക്കി. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാംസ്കാരിക പുനഃസ്ഥാപനം, കടം എഴുതിത്തള്ളൽ, സാമ്പത്തിക നഷ്ടപരിഹാരം എന്നിവ ഉൾപ്പെടുന്ന പത്ത് ഇന നിർദേശങ്ങൾ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Please Read: ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം
ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം അടിമത്തത്തിന് മാപ്പുപറയുന്ന കാര്യത്തിൽ തുറന്ന സമീപനം സ്വീകരിച്ചിട്ടുണ്ട്. കരീബിയൻ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി അടുത്ത മൂന്ന് വർഷത്തേക്ക് 40 ദശലക്ഷം പൗണ്ടിന്റെ സഹായവും അദ്ദേഹം പ്രഖ്യാപിച്ചു.
അതേസമയം, ഉച്ചകോടി നടക്കുന്ന വേദിക്ക് പുറത്ത് നഷ്ടപരിഹാരവും ഔദ്യോഗിക മാപ്പും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പ്രകടനം നടത്തി. അടിമത്തത്തിന്റെ ചരിത്രത്തിൽ ബ്രിട്ടീഷ് രാജകുടുംബത്തിനും പങ്കുണ്ടെന്നും അതിന്റെ ഉത്തരവാദിത്വം അംഗീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അടിമത്തത്തിന് ഇരയായ ആഫ്രിക്കൻ ജനതയെ അനുസ്മരിച്ച് മെഴുകുതിരി തെളിയിച്ചുള്ള പ്രാർഥനയും നടന്നു.
മാപ്പപേക്ഷയ്ക്കപ്പുറം ചരിത്രപരമായ അനീതികൾക്ക് പരിഹാരം കാണണമെന്ന കരീബിയൻ രാജ്യങ്ങളുടെ ആവശ്യം കോമൺവെൽത്ത് ഉച്ചകോടിയിലെ പ്രധാന രാഷ്ട്രീയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
click on malayalam character to switch languages