1 GBP = 127.10
breaking news

യൂറോപ്പിലെ സൂപ്പർമാർക്കറ്റ് ഫ്രിഡ്ജുകൾ ഹാക്ക് ചെയ്ത് സൈബർ ആക്രമണം; ബ്രിട്ടനിലെ ഭക്ഷ്യവിതരണ മേഖലയിലെ സ്ഥാപനങ്ങൾക്കും തിരിച്ചടി

യൂറോപ്പിലെ സൂപ്പർമാർക്കറ്റ് ഫ്രിഡ്ജുകൾ ഹാക്ക് ചെയ്ത് സൈബർ ആക്രമണം; ബ്രിട്ടനിലെ ഭക്ഷ്യവിതരണ മേഖലയിലെ സ്ഥാപനങ്ങൾക്കും തിരിച്ചടി

ലണ്ടൻ: യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളും ഫ്രീസറുകളും സൈബർ ആക്രമണത്തിലൂടെ പ്രവർത്തനരഹിതമാക്കിയ സംഭവത്തിന്റെ പ്രത്യാഘാതം ബ്രിട്ടനിലെ ഭക്ഷ്യവിതരണ മേഖലയിലേക്കും വ്യാപിച്ചു. ബ്രിട്ടനിലെ ചില സ്ഥാപനങ്ങളിലെ ശീതീകരണ സംവിധാനങ്ങളിലെ സുരക്ഷാ വീഴ്ചകൾ മുതലെടുത്ത് ഹാക്കർമാർ ഇടപെട്ടതായി നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ (NCSC) സ്ഥിരീകരിച്ചു.

ബ്രിട്ടനിൽ ഇത്തരത്തിൽ സുരക്ഷാ വീഴ്ചകൾ മുതലെടുത്ത് ആക്രമണം നടത്തിയ രണ്ട് സംഭവങ്ങളെങ്കിലും ശ്രദ്ധയിൽപ്പെട്ടതായി എൻസിഎസ്‌സി അറിയിച്ചു. സാധ്യതയുള്ള ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനായി രാത്രിയിലുടനീളം പ്രവർത്തിച്ചതായി എൻസിഎസ്‌സി മേധാവി ഡോ. റിച്ചാർഡ് ഹോൺ വ്യക്തമാക്കി.

ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് ഇൻഡിപെൻഡന്റ് മീറ്റ് സപ്ലയേഴ്‌സിന്റെ (AIMS) 300-ലധികം അംഗങ്ങളിൽ ചിലരും ആക്രമണത്തിന്റെ ഇരകളായതായി സംഘടന അറിയിച്ചു. രണ്ട് സ്ഥാപനങ്ങളിലെ ഫ്രിഡ്ജുകൾ തനിയെ ഡിഫ്രോസ്റ്റ് മോഡിലേക്ക് മാറി. മറ്റൊരു സ്ഥാപനത്തിലെ ശീതീകരണ യൂണിറ്റുകളുടെ താപനില 100 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായും സംഘടനയുടെ വക്താവ് ടോണി ഗുഡ്ജർ പറഞ്ഞു. സംഭവസമയത്ത് ഉപകരണങ്ങൾക്കുള്ളിൽ ഭക്ഷ്യവസ്തുക്കൾ ഇല്ലാതിരുന്നതിനാൽ ഉൽപ്പന്നങ്ങൾ നഷ്ടപ്പെട്ടില്ല.

Also Please Read: കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥിന് ഹീത്രൂ വിമാനത്താവളത്തിൽ യുക്മയുടെ ഊഷ്മള സ്വീകരണം; വേൾഡ് ട്രാവൽ മാർക്കറ്റ് ലണ്ടൻ 2026ൽ പങ്കെടുക്കുന്ന മന്ത്രി നവംബർ 7ന് പതിനേഴാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടനം ചെയ്യും

ഭക്ഷ്യവിതരണ ശൃംഖലയുടെ ഏത് ഘട്ടത്തിലുള്ള സ്ഥാപനങ്ങളും സൈബർ ആക്രമണത്തിന് ഇരയാകാമെന്ന മുന്നറിയിപ്പായി ഈ സംഭവത്തെ കാണണമെന്ന് ഗുഡ്ജർ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച അയർലൻഡ്, സ്വീഡൻ, എസ്റ്റോണിയ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിലാണ് സമാനമായ ആക്രമണം റിപ്പോർട്ട് ചെയ്തത്. ബെൽജിയത്തിലും ലക്സംബർഗിലുമായി ഡെൽഹെയ്‌സിന്റെ (Delhaize) ഏകദേശം 40 സൂപ്പർമാർക്കറ്റുകളെ ആക്രമണം ബാധിച്ചു. സ്വീഡൻ, അയർലൻഡ്, നെതർലൻഡ്‌സ്, എസ്റ്റോണിയ, ഫിൻലൻഡ് എന്നിവിടങ്ങളിലെ ചില സ്റ്റോറുകളിലും പ്രശ്നങ്ങളുണ്ടായി.

ശീതീകരണ സംവിധാനങ്ങളുടെ പ്രവർത്തനം വിദൂരത്തുനിന്ന് നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയിലെ സുരക്ഷാ വീഴ്ചകളാണ് ഹാക്കർമാർ മുതലെടുത്തതെന്നാണ് പ്രാഥമിക നിഗമനം. ബെൽജിയൻ റഫ്രിജറേഷൻ ഉപകരണ നിർമാതാക്കളായ സാബ്കോബെലിന്റെ (Sabcobel) വിശദീകരണമനുസരിച്ച്, ഫ്രിഡ്ജുകളിലെ ഇവാപറേറ്ററുകൾ ഡിഫ്രോസ്റ്റ് മോഡിലേക്ക് മാറ്റിയതോടെയാണ് താപനില ഉയർന്നത്.

ഒക്ടോബർ ആദ്യം ഫ്രാൻസിലെ നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളിലും സമാനമായ ആക്രമണം നടന്നിരുന്നു. അന്ന് ദശലക്ഷക്കണക്കിന് യൂറോ വിലമതിക്കുന്ന ഫ്രഷ്, ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കേണ്ടിവന്നു. തിങ്കളാഴ്ചത്തെ ആക്രമണത്തിലും പല സ്ഥാപനങ്ങൾക്കും വലിയ തോതിൽ ഭക്ഷ്യനഷ്ടമുണ്ടായി.

ബെൽജിയത്തിലെ ഒരു ഡെൽഹെയ്‌സ് സൂപ്പർമാർക്കറ്റ് നടത്തുന്ന മാത്യു ടിൽമാൻ സംഭവത്തിൽ കടുത്ത നിരാശ രേഖപ്പെടുത്തി. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന നിരവധി പേർ ലോകത്തുള്ളപ്പോൾ ഇത്രയധികം ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കേണ്ടിവരുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ബ്രിട്ടനിൽ ഇതുവരെ വലിയ തോതിലുള്ള പ്രത്യാഘാതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ സമാനമായ ആക്രമണങ്ങൾ തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ബിബിസി പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളോട് വിശദീകരണം തേടിയിട്ടുണ്ട്.

സൂപ്പർമാർക്കറ്റുകൾ സൈബർ സുരക്ഷയ്ക്കായി വലിയ നിക്ഷേപം നടത്തുന്നുണ്ടെന്നും ഫ്രിഡ്ജുകളുടെയും ഫ്രീസറുകളുടെയും സുരക്ഷ ഉറപ്പാക്കാൻ എൻസിഎസ്‌സിയുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യത്തിന്റെ (BRC) അസിസ്റ്റന്റ് ഡയറക്ടർ ഗ്രഹാം വിൻ അറിയിച്ചു. അസ്ഡ, ലിഡിൽ, എം ആൻഡ് എസ്, സെയിൻസ്ബറീസ്, ടെസ്‌കോ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ സംഘടനയിലെ അംഗങ്ങളാണ്.

ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമാക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് എൻസിഎസ്‌സി മേധാവി റിച്ചാർഡ് ഹോൺ പറഞ്ഞു. എന്നാൽ കാലഹരണപ്പെട്ട സാങ്കേതിക സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കാതെയും സുരക്ഷാ അപ്‌ഡേറ്റുകൾ നടത്താതെയും പ്രവർത്തിപ്പിക്കുന്നത് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ളതും സുരക്ഷിതമല്ലാത്തതുമായ പഴയ സംവിധാനങ്ങൾ ഹാക്കർമാർക്ക് എളുപ്പത്തിൽ ലക്ഷ്യമിടാൻ കഴിയുന്നവയാണ്. ഇത്തരം സുരക്ഷാ വീഴ്ചകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ശത്രുക്കൾക്ക് കൂടുതൽ വേഗത്തിൽ കണ്ടെത്താനും ചൂഷണം ചെയ്യാനും കഴിയുമെന്നും ഹോൺ ചൂണ്ടിക്കാട്ടി.

ബ്രിട്ടനിലെ ബാധിക്കപ്പെട്ട സ്ഥാപനങ്ങളുമായി എൻസിഎസ്‌സി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നിലവിലുള്ള സുരക്ഷാ വീഴ്ചകൾ കണ്ടെത്തി അവ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രവർത്തന വിഭാഗം ഡയറക്ടർ പോൾ ചിച്ചസ്റ്റർ വ്യക്തമാക്കി. നിലവിൽ ബ്രിട്ടനിലെ പ്രത്യാഘാതം പരിമിതമാണെന്നും കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more