1 GBP = 127.10
breaking news

ഹാംഷെയറിൽ ഹാലോവീൻ പാർട്ടിക്കിടെ കത്തിക്കുത്ത്; അഞ്ച് കൗമാരക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

ഹാംഷെയറിൽ ഹാലോവീൻ പാർട്ടിക്കിടെ കത്തിക്കുത്ത്; അഞ്ച് കൗമാരക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

ചാൻഡ്ലേഴ്സ് ഫോർഡ് (ഹാംഷെയർ): ബ്രിട്ടനിലെ ഹാംഷെയറിലുള്ള ചാൻഡ്ലേഴ്സ് ഫോർഡിൽ ഹാലോവീൻ ആഘോഷത്തിനിടെ നടന്ന കത്തിക്കുത്തിൽ അഞ്ച് കൗമാരക്കാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 17ഉം 16ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെ വധശ്രമം സംശയിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സതാംപ്ടൺ സ്വദേശികളാണ്.

ശനിയാഴ്ച രാത്രി 10.30ന് ശേഷമാണ് പാർക്ക് റോഡിലുള്ള ആഘോഷപരിപാടിക്കിടെ ആക്രമണമുണ്ടായത്. അജ്ഞാതരായ ഒരു സംഘം അതിക്രമിച്ച് പരിപാടി നടക്കുന്ന സ്ഥലത്ത് പ്രവേശിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. തുടർന്ന് സംഘർഷവും കത്തിക്കുത്തും ഉണ്ടായെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

പരിക്കേറ്റ അഞ്ച് പേരിൽ രണ്ട് പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ 17 വയസ്സുള്ള ഒരാളുടെ നില അതീവ ഗുരുതരവും ജീവന് ഭീഷണിയുള്ളതുമാണ്. മറ്റ് മൂന്ന് പേർ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു.

സംഭവത്തെത്തുടർന്ന് പാർക്ക് റോഡിന്റെയും സമീപത്തെ വാലി റോഡിന്റെയും ചില ഭാഗങ്ങൾ പൊലീസ് നിയന്ത്രണത്തിലാക്കി. അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ എലിസബത്ത് പിരി അറിയിച്ചു.

രണ്ട് പേരുടെ അറസ്റ്റ് അന്വേഷണത്തിലെ സുപ്രധാന മുന്നേറ്റമാണെങ്കിലും, സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ എത്ര ചെറിയ വിവരമാണെങ്കിലും പൊലീസിനെ അറിയിക്കണമെന്ന് അവർ അഭ്യർഥിച്ചു. പാർട്ടിയിൽ പങ്കെടുത്തിട്ടും ഇതുവരെ പൊലീസുമായി സംസാരിക്കാത്തവരും പാർക്ക് റോഡിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി, മൊബൈൽ ഫോൺ, ഡാഷ്‌ക്യാം, ഡോർബെൽ ക്യാമറ ദൃശ്യങ്ങൾ കൈവശമുള്ളവരും അന്വേഷണസംഘവുമായി ബന്ധപ്പെടണമെന്നും അവർ ആവശ്യപ്പെട്ടു.

സംഭവത്തെത്തുടർന്ന് പ്രദേശത്തെ സ്കൂളുകളിലും കോളേജുകളിലും നെയ്ബർഹുഡ് പൊലീസിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ അടുത്ത ആഴ്ചയിലുടനീളം സന്ദർശനം നടത്തും. വിദ്യാർഥികൾക്ക് ആവശ്യമായ സുരക്ഷാ നിർദേശങ്ങളും പിന്തുണയും നൽകുന്നതിനൊപ്പം സംഭവത്തിൽ നേരിട്ടും അല്ലാതെയും ബാധിക്കപ്പെട്ടവരെ സഹായിക്കുകയുമാണ് ലക്ഷ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more