1 GBP = 128.52
breaking news

മെസിക്ക് പിന്നാലെ ലാറ്റിനമേരിക്കയുടെ മറ്റൊരു ഇതിഹാസം കൂടി പടിയിറങ്ങി, വിരമിക്കൽ പ്രഖ്യാപിച്ച് കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗസ്

മെസിക്ക് പിന്നാലെ ലാറ്റിനമേരിക്കയുടെ മറ്റൊരു ഇതിഹാസം കൂടി പടിയിറങ്ങി, വിരമിക്കൽ പ്രഖ്യാപിച്ച് കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗസ്

ബൊഗോട്ടോ: കൊളംബിയൻ ഫുട്ബോളിലെ ഇതിഹാസതാരം ഹാമിഷ് റോഡ്രിഗസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 15 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് 35-കാരനായ റോഡ്രിഗസ് കൊളംബിയയുടെ മഞ്ഞക്കുപ്പായം അഴിച്ചുവെക്കുന്നത്. 2026 ഫിഫ ലോകകപ്പിൽ സ്വിറ്റ്‌സർലൻഡിനെതിരായ പ്രീ-ക്വാർട്ടർ പോരാട്ടത്തിലാണ് റോഡ്രിഗസ് കൊളംബിയൻ കുപ്പായത്തില്‍ അവസാനമായി കളത്തിലിറങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വൈകാരികമായ വീഡിയോ സന്ദേശത്തിലാണ് റോഡ്രിഗസ് തന്‍റെ തീരുമാനം ആരാധകരെ അറിയിച്ചത്.

ഇന്ന് ഞാൻ നിങ്ങളോട് ഹൃദയം തുറന്ന് സംസാരിക്കാൻ ആഗ്രഹിക്കുന്നു. വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കും സന്തോഷങ്ങൾക്കും കഠിനമായ നിമിഷങ്ങൾക്കും ശേഷം എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായത്തിന് തിരശ്ശീല വീഴുകയാണെന്ന് റോഡ്രിഗസ് വ്യക്തമാക്കി. 2011 ഒക്‌ടോബറിൽ ബൊളീവിയയ്‌ക്കെതിരെയായിരുന്നു റോഡ്രിഗസിന്‍റെ അന്താരാഷ്ട്ര അരങ്ങേറ്റം. രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ (131) കളിച്ച താരമെന്ന റെക്കോർഡ് ഡേവിഡ് ഓസ്പിനയെ മറികടന്ന് റോഡ്രിഗസ് സ്വന്തമാക്കിയിരുന്നു. 131 മത്സരങ്ങളിൽ നിന്നായി 31 ഗോളുകളും 43 അസിസ്റ്റുകളും റോഡ്രിഗസ് സ്വന്തമാക്കി.

ലോക ഫുട്ബോളിൽ റോഡ്രിഗസ് എന്ന വിസ്മയം പിറവിയെടുത്ത ടൂർണമെന്‍റായിരുന്നു 2014ലെ ബ്രസീല്‍ ലോകകപ്പ്. 5 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ നേടി റോഡ്രിഗസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ഉറുഗ്വെയ്‌ക്കെതിരെ റോഡ്രിഗസ് നേടിയ തകർപ്പൻ വോളി ആ വർഷത്തെ മികച്ച ഗോളിനുള്ള ഫിഫ പുഷ്കാസ് പുരസ്കാരവും നേടിയിരുന്നു. 2024ലെ കോപ അമേരിക്കയില്‍ നായകനായി ടീമിനെ മുന്നിൽ നിന്ന് നയിച്ച റോഡ്രിഗസ്, കൊളംബിയയെ 2024 കോപ്പ അമേരിക്കയുടെ ഫൈനലിൽ എത്തിച്ചു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയെങ്കിലും ക്ലബ് ഫുട്ബോളിൽ റോഡ്രിഗസ് തുടരും.

റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്, എവർട്ടൺ തുടങ്ങിയ വമ്പൻ ക്ലബ്ബുകളിൽ കളിച്ചിട്ടുള്ള റോഡ്രിഗസ് അടുത്തിടെ മേജർ ലീഗ് സോക്കർ ടീമായ മിനസോട്ട യുണൈറ്റഡ് വിട്ട് കൊളംബിയൻ ക്ലബ്ബായ അത്‌ലറ്റിക്കോ നാഷണലിൽ ചേക്കേറിയിരുന്നു. കരിയറിന്‍റെ തുടക്കകാലത്ത് എൻവിഗാഡോയിൽ കളിച്ച ശേഷം ഇതാദ്യമായാണ് റോഡ്രിഗസ് സ്വന്തം നാട്ടിലെ ലീഗിലേക്ക് തിരിച്ചെത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more