വാഷിങ്ടൺ: കാനഡയിൽ നിന്നുള്ള പാൽ ഉൽപന്നങ്ങൾ, മദ്യപാന ഉൽപന്നങ്ങൾ, മോട്ടോർസൈക്കിളുകൾ എന്നിവക്ക് നിരോധനം ഏർപ്പെടുത്തി അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം കൂടുതൽ രൂക്ഷമാകുന്നതിന്റെ ഭാഗമായാണ് വൈറ്റ് ഹൗസിന്റെ ഈ നടപടി.
ഏകദേശം 20 ബില്യൺ ഡോളർ വരുന്ന യു.എസ് ഇറക്കുമതി ഉൽപന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം. അമേരിക്കൻ ഉൽപന്നങ്ങൾക്ക് കാനഡ പൂർണവും നീതിയുക്തവുമായ ഇളവുകൾ നൽകുന്നത് വരെ യു.എസ് സർക്കാർ കരാറുകളിൽ നിന്ന് കാനഡയെ ഒഴിവാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷന് നിർദേശം നൽകി.
എന്നാൽ ഒരു രാജ്യത്തിനും തങ്ങളെ ബന്ദികളാക്കാൻ കഴിയില്ലെന്നും തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കാൻ സാധിക്കണമെന്നും കാനഡയുടെ ഈ തന്ത്രം രാജ്യത്തിന്റെ സ്വാതന്ത്ര്യം ഉറപ്പാക്കാനാണെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. കൂടാതെ കാനഡ യൂറോപ്യൻ യൂണിയനുമായി ഉള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ചർച്ചകൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി അടുത്ത ആഴ്ച ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ എത്തുന്ന കാർണി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ പങ്കെടുക്കുകയും യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.
ലോകത്തിലെ ഏറ്റവും അടുത്ത ബന്ധമുള്ള രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധമാണ് ഈ വ്യാപാര തർക്കത്തിലൂടെ തകിടം മറിഞ്ഞിരിക്കുന്നത്. കാനഡയുടെ കയറ്റുമതിയുടെ എഴുപത് ശതമാനത്തിലധികവും അമേരിക്കയിലേക്കാണ് പോകുന്നത്. എന്നാൽ ഭാവിയിൽ അമേരിക്കയെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കാനും കയറ്റുമതി മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുമുള്ള തീവ്രശ്രമത്തിലാണ് കാനഡ ഇപ്പോൾ.
യു.എസ് ഉൽപന്നങ്ങൾക്ക് തീരുവ പ്രഖ്യാപിച്ചത് കാനഡയിലെ തൊഴിലാളികളെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് കാർണി വ്യക്തമാക്കി. സ്റ്റീൽ, അലുമിനിയം, ചീസ്, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, കാർഷിക ഉപകരണങ്ങൾ തുടങ്ങി നൂറുകണക്കിന് അമേരിക്കൻ ഉൽപന്നങ്ങൾക്ക് കാനഡ 15, 25, 50 ശതമാനം എന്നീ നിരക്കിൽ തീരുവ ചുമത്തിയിട്ടുണ്ട്.
അമേരിക്കയുടെ ഭാഗത്തുനിന്നുള്ള നിരന്തരമായ ഭീഷണികളും കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന പരാമർശങ്ങളും കാനഡയിൽ വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. കാനഡയിലെ ജനങ്ങൾ അമേരിക്കയിലേക്കുള്ള യാത്രകൾ വെട്ടിക്കുറക്കുകയും യു.എസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ കൂട്ടായ പ്രതിരോധത്തിന്റെ ലക്ഷണമാണെന്ന് കാർണി പ്രശംസിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് ഇബി പ്രഖ്യാപിച്ചത് കാനഡ ശക്തവും അഭിമാനമുള്ളതുമാണെന്നും ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്നുമാണ്.
click on malayalam character to switch languages