ലണ്ടൻ: അധിനിവേശ വെസ്റ്റ്ബാങ്കിലെ നിയമവിരുദ്ധ ഇസ്രായേലി സെറ്റിൽമെന്റുകളിൽ (അധിനിവേശ കേന്ദ്രങ്ങൾ) നിന്ന് ഉൽപാദിദിപ്പിക്കുന്ന സാധനങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ബ്രിട്ടൻ.
ഇസ്രായേലി കുടിയേറ്റക്കാർ ഫലസ്തീനികൾക്കെതിരെ നടത്തുന്ന ആക്രമണങ്ങളും അതിക്രമങ്ങളും അധിനിവേശ വ്യാപനവും തടയാൻ ലക്ഷ്യമിട്ടുള്ള വിപുലമായ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ബ്രിട്ടീഷ് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ, ഇസ്രായേൽ ഫലസ്തീനിൽ ‘വംശീയ ശുദ്ധീകരണം’ നടത്തുകയാണെന്ന് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി. വെസ്റ്റ്ബാങ്കിലെ ഇസ്രായേലി സെറ്റിൽമെന്റുകൾ നിയമവിരുദ്ധമാണെന്ന ബ്രിട്ടന്റെ പ്രഖ്യാപിത നിലപാട് അദ്ദേഹം ആവർത്തിച്ചു.
സെറ്റിൽമെന്റുകളിൽനിന്നുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതി പൂർണമായി തടയുക, അനധികൃത സെറ്റിൽമെന്റ് പ്രവർത്തനങ്ങളെ പിന്തുണക്കുകയും സഹായിക്കുകയും അതിൽ നിന്ന് ലാഭമുണ്ടാക്കുകയും ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടിയെടുക്കാൻ പുതിയ നിയന്ത്രണാധികാരങ്ങൾ രൂപവത്കരിക്കുക, നിയമവിരുദ്ധ സെറ്റിൽമെന്റുകളിലെ ഭൂമിയുടെയും വസ്തുവകകളുടെയും പരസ്യങ്ങളും പ്രചാരണങ്ങളും നിരോധിക്കുക, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ബ്രിട്ടന്റെ ആഗോള മനുഷ്യാവകാശ ഉപരോധ സംവിധാനം കൂടുതൽ ശക്തമാക്കുക, ഫലസ്തീൻ സമൂഹങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് ആഹ്വാനം നൽകുകയും പിന്തുണക്കുകയും ചെയ്ത തീവ്രവാദികളായ ഇസ്രായേലി കുടിയേറ്റക്കാർക്ക് ഉപരോധം ഏർപ്പെടുത്തുക എന്നിങ്ങനെ ഫലസ്തീനിലെ അധിനിവേശവുമായി ബന്ധപ്പെട്ട് അഞ്ച് സുപ്രധാന നിർദ്ദേശങ്ങളാണ് ബ്രിട്ടീഷ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്.
അതേസമയം, പ്രഖ്യാപനത്തിന് വലിയ വാർത്താപ്രാധാന്യം ലഭിച്ചെങ്കിലും ഇസ്രായേലുമായുള്ള ബ്രിട്ടന്റെ മൊത്തം വ്യാപാരത്തെ ഇത് ബാധിക്കില്ല. ഇസ്രായേലുമായുള്ള ബ്രിട്ടന്റെ സ്വതന്ത്ര വ്യാപാര കരാർ മാറ്റമില്ലാതെ തുടരും. 2025-ലെ കണക്കനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉൽപന്ന-സേവന വ്യാപാരം 600 കോടി പൗണ്ടാണ് (810 കോടി ഡോളർ).
എന്നാൽ, അനധികൃത സെറ്റിൽമെന്റുകളിൽനിന്ന് യഥാർഥത്തിൽ എത്രത്തോളം ഇറക്കുമതി നടക്കുന്നുണ്ടെന്ന കൃത്യമായ കണക്കുകൾ നൽകാൻ ബ്രിട്ടീഷ് ഗവൺമെന്റിന് സാധിച്ചിട്ടില്ല. ബ്രിട്ടന്റെ ഔദ്യോഗിക വ്യാപാര സ്ഥിതിവിവരക്കണക്കുകൾ ഇസ്രായേലുമായുള്ള വ്യാപാരവും ഫലസ്തീനുമായുള്ള വ്യാപാരവും വേർതിരിച്ചു കാണിക്കുന്നുണ്ടെങ്കിലും, വെസ്റ്റ്ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും 7,50,000 വരുന്ന അനധികൃത ഇസ്രായേലി കുടിയേറ്റക്കാർ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളും ഫലസ്തീനികൾ ഉൽപ്പാദിപ്പിക്കുന്നവയും വേർതിരിച്ചു രേഖപ്പെടുത്താറില്ല.
click on malayalam character to switch languages