1 GBP = 128.15
breaking news

ഗസ്സയിലേക്ക് പുതിയ കപ്പലുകളുമായി ഫ്രീഡം ഫ്ലോട്ടില്ല

ഗസ്സയിലേക്ക് പുതിയ കപ്പലുകളുമായി ഫ്രീഡം ഫ്ലോട്ടില്ല

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന നിയമവിരുദ്ധവും ക്രൂരവുമായ സമുദ്ര ഉപരോധം മറികടന്ന് ഫലസ്തീനികൾക്ക് സഹായം എത്തിക്കുന്നതിനായി സന്നദ്ധ പ്രവർത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ‘ഫ്രീഡം ഫ്ലോട്ടില്ല സഖ്യം’ പുതിയ ദൗത്യത്തിന് തുടക്കം കുറിച്ചു. ഒക്ടോബറിൽ ഗസ്സ തീരങ്ങളിലേക്ക് എത്തുന്നതിന് മുന്നോടിയായി വിവിധ യൂറോപ്യൻ തുറമുഖങ്ങൾ കേന്ദ്രീകരിച്ചാണ് കപ്പലുകൾ യാത്ര ആരംഭിച്ചിരിക്കുന്നത്. സന്നദ്ധ പ്രവർത്തകർക്ക് നേരെ ഇസ്രായേലി സേനയിൽ നിന്ന് ക്രൂരമായ മർദ്ദനങ്ങളും പീഡനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, ഗസ്സയിലെ ജനതക്കായുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കൂട്ടായ്മ വ്യക്തമാക്കി.

2025 ഒക്ടോബറിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ലോകത്തിന്റെ ശ്രദ്ധ ഗസ്സയിൽ നിന്ന് മാറിയെങ്കിലും അവിടെ ഇപ്പോഴും കടുത്ത മാനുഷിക പ്രതിസന്ധി തുടരുകയാണെന്ന് ഫ്ലോട്ടില്ല സഖ്യം ചൂണ്ടിക്കാട്ടുന്നു. ഇതിനോടകം രണ്ട് കപ്പലുകൾ യാത്ര തിരിച്ചു കഴിഞ്ഞു. ജൂൺ, ജൂലൈ മാസങ്ങളിൽ ‘ഹന്ദാല II’ എന്ന കപ്പൽ നോർവേ, സ്വീഡൻ, ഡെൻമാർക്ക് എന്നിവിടങ്ങളിൽ പര്യടനം നടത്തി. ‘കെയ്റ്റ്’ എന്ന രണ്ടാമത്തെ കപ്പൽ ബ്രിട്ടനിലെ ബ്രിസ്റ്റോളിൽ നിന്ന് പുറപ്പെട്ട് അയർലൻഡ്, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിലെ തുറമുഖങ്ങളിൽ എത്തിച്ചേർന്നു. സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലൂടെ കടന്ന് ഒക്ടോബറോടെ കപ്പലുകൾ ഗസ്സ ലക്ഷ്യമാക്കി നീങ്ങും.

പത്രപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ ഈ അന്താരാഷ്ട്ര ദൗത്യത്തിൽ അണിനിരന്നിട്ടുണ്ട്. ഫ്ലോട്ടില്ല കപ്പലുകൾക്ക് സുരക്ഷിതമായ പാത ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹവും ലോകരാജ്യങ്ങളും മുന്നോട്ട് വരണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. ഗസ്സയിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം, മരുന്നുകൾ എന്നിവ തടയുന്നതിൽ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ നയതന്ത്രപരവും സാമ്പത്തികവുമായ സമ്മർദ്ദം ചെലുത്തണമെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ വർഷങ്ങളിൽ ഗസ്സയിലേക്ക് പുറപ്പെട്ട ഫ്ലോട്ടില്ല കപ്പലുകൾ ഇസ്രായേൽ സൈന്യം അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് തടയുകയും പ്രവർത്തകരെ നിയമവിരുദ്ധമായി തടങ്കലിൽ വെക്കുകയും ചെയ്തിരുന്നു. ഈ വർഷം ഏപ്രിലിലും സമാനമായ രീതിയിൽ നൂറിലധികം സന്നദ്ധ പ്രവർത്തകരെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഭയന്ന് പിന്മാറില്ലെന്നും, ലോകരാജ്യങ്ങളുടെ നിശബ്ദത ഗസ്സയിലെ ജനങ്ങൾക്ക് വരുത്തിവെക്കുന്ന ദുരന്തം അതിലും വലുതാണെന്നും ദൗത്യത്തിൽ പങ്കാളികളായ പ്രവർത്തകർ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more