1 GBP = 128.15
breaking news

കാലില്‍ ഷൂസില്ല, സാരിയിലാണ്, 47 വയസായി; ഓട്ടമത്സരത്തില്‍ ചെറുപ്പക്കാരെ അടക്കം തോല്‍പ്പിക്കാന്‍ രമാബായിക്ക് കൂട്ടായത് ഉള്‍ക്കരുത്ത് മാത്രം, എല്ലാം പെണ്‍മക്കളുടെ പഠിപ്പിന് വേണ്ടി

കാലില്‍ ഷൂസില്ല, സാരിയിലാണ്, 47 വയസായി; ഓട്ടമത്സരത്തില്‍ ചെറുപ്പക്കാരെ അടക്കം തോല്‍പ്പിക്കാന്‍ രമാബായിക്ക് കൂട്ടായത് ഉള്‍ക്കരുത്ത് മാത്രം, എല്ലാം പെണ്‍മക്കളുടെ പഠിപ്പിന് വേണ്ടി

മുംബൈ: രമാബായ് രണ്‍വീറിന് അത് വെറുമൊരു ഓട്ടമത്സരമല്ലായിരുന്നു. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും അതിനുള്ള സാഹചര്യമൊരുക്കാനും നെട്ടോട്ടമോടുന്ന ഒരു അമ്മയുടെ കാലുകളുടെ ഗതിവേഗം ഊഹിക്കാന്‍ കഴിയുന്നതിന് അപ്പുറമാണ്. സ്‌പോര്‍ട്ട്‌സ് ഷൂസും ട്രാക്ക് സ്യൂട്ടും ധരിച്ച ചെറുപ്പക്കാരായ ഓട്ടക്കാരെ ഉള്‍ക്കരുത്ത് കൊണ്ട് മാത്രം മറികടന്ന് 47 വയസുകാരി മാരത്തോണ്‍ ജയിച്ചുകയറിയപ്പോള്‍ പഴയൊരു ആമയുടെ സ്ഥിരോത്സാഹത്തിന്റെ കഥ കൂടി ഓര്‍ത്തുപോയി കാണികള്‍. മഹാരാഷ്ട്രയില്‍ നടന്ന അമൃത് ദൗഡ് ഓട്ടമത്സരം എക്സ്രാ ഓര്‍ഡിനറി ആക്കിത്തീര്‍ത്ത രമാബായ് രണ്‍വീര്‍ എന്ന സാധാരണക്കാരിയുടെ കഥയിലേക്ക്… 

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബാജോഗോയില്‍ ഭാരതീയ ശിക്ഷണ്‍ പ്രസാരക് സംസ്ഥ സംഘടിപ്പിച്ച അമൃദത് ദൗഡ് ഓട്ടമത്സരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പാചക തൊഴിലാളിയായ രമാബായ്. മറ്റ് മത്സരാര്‍ഥികളില്‍ നിന്ന് വ്യത്യസ്തമായി സാരിയായിരുന്നു വേഷം. കാലില്‍ ചെരുപ്പുകള്‍ പോലുമില്ലായിരുന്നു. വലിയ ഓട്ടക്കാരിയെന്ന അംഗീകാരത്തേക്കാള്‍ സമ്മാനത്തുകയായ 3000 രൂപയിലായിരുന്നു നോട്ടം. ഭര്‍ത്താവ് മരിച്ച ശേഷം പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി വല്ലാതെ കഷ്ടപ്പെടുകയായിരുന്നു രമാബായ്. എങ്കിലും ഒരിക്കലും തോറ്റുകൊടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഈ പണം കിട്ടിയാല്‍ നേരിയ ഒരാശ്വാസമാകും എന്ന് മാത്രം കരുതിയാണ് മത്സരത്തിനെത്തിയത്.

മൂന്ന് കിലോമീറ്ററാണ് ഓടേണ്ടത്. മത്സരം തുടങ്ങിയപ്പോള്‍ പഴയ ചപ്പലിനെ ആശ്രയിക്കാമെന്ന് കരുതിയെങ്കിലും കുറച്ച് ഓടിയപ്പോള്‍ തന്നെ അത് നടപടിയാകില്ലെന്ന് മനസിലായി. ഇതോടെ ചെരുപ്പ് ഊരിയെറിഞ്ഞു. തളരാതെ ഓടി. കല്ലുകളുള്ള വഴിയില്‍ നഗ്നപാദയായി വലിയ ഓട്ടക്കാരെ ഓടിതോല്‍പ്പിക്കുക ഒട്ടും എളുപ്പമായിരുന്നില്ല. ഒടുവില്‍ കിതപ്പോടെ ഒന്നാമതെത്തി രമാബായ് ഫിനിഷിങ് ലൈനില്‍ തൊട്ടപ്പോള്‍ കാണികളും സംഘാടകരും നിറഞ്ഞ കൈയടിയോടെയാണ് വരവേറ്റത്.

ഈ തുക പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്ന് രമാബായ് അറിയിച്ചു. രമയുടെ മൂത്തമകള്‍ പൊലീസ് റിക്രൂട്ട്‌മെന്റിനായി തയ്യാറെടുക്കുകയാണ്. രമാബായിയുടെ ഈ തളരാത്ത ചുവടുകളുടെ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more