1 GBP = 130.63

ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്

ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്

അനീഷ് ജോൺ

ലെസ്റ്റർ: യുകെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ (LKC) നേതൃത്വത്തിൽ ഈ വർഷത്തെ വിപുലമായ ഓണാഘോഷങ്ങൾക്ക് ഓണക്കൊടിയേറ്റത്തോടെ തുടക്കമായി. ലെസ്റ്റർ കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് വരുൺ, സെക്രട്ടറി പ്രിൻസ് എന്നിവരും, കൊടിയേറ്റ കോർഡിനേറ്റർമാരായ റിജു, നിഷാന്ത്, അഞ്ജലി ഷെർഫിൻ കൂടാതെ നട്ടിൽനിന്നെത്തിയ ഒരു ലെസ്റ്റർ കേരള കമ്മ്യൂണിറ്റി മാതാപിതാക്കളും ചേർന്ന് LKCയുടെ കൊടി ഉയർത്തിയാണ് ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്. നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളുടെ മഹനീയ സാന്നിധ്യത്തിൽ വള്ള പാട്ടിന്റെ ഈരടികൾ നിറഞ്ഞ ആവേശം ചടങ്ങിന് കൂടുതൽ മിഴിവേകി.

ഓണക്കൊടിയേറ്റത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ പരിപാടികളും ഓണ മത്സരങ്ങളും ചടങ്ങിന് കൂടുതൽ ആവേശവും ആഘോഷപ്പകിട്ടും നൽകി. പ്രവാസലോകത്തെ മലയാളികളുടെ സർഗാത്മകതയും ഓണപ്പാരമ്പര്യവും വിളിച്ചോതുന്ന അത്തപ്പൂക്കള മത്സരം, കൊച്ചുകൂട്ടുകാർക്കായി ചിത്രരചന മത്സരം, മലയാളികളുടെ തനതായ രുചിവൈവിധ്യം വിളിച്ചോതുന്ന പരമ്പരാഗത പായസം വെക്കൽ മത്സരം എന്നിവയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള കുടുംബങ്ങൾ ആവേശത്തോടെ പങ്കെടുത്തു. സമ്മാനദാനതോടെയാണ് ചടങ്ങ് അവസാനിച്ചത്.

ചിരിയും ആഹ്ലാദവും നിറച്ച ‘ധിംതരികിടതോം’ എന്ന ഓണക്കളി പരിപാടിയായിരുന്നു ആഘോഷത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആവേശത്തിലാഴ്ത്തിയ വിവിധ രസകരമായ കളികളും മത്സരങ്ങളും പരിപാടിക്ക് ഉത്സവാന്തരീക്ഷം സമ്മാനിച്ചു.

ഇതിനോടനുബന്ധിച്ച് നടന്ന പ്രത്യേക ലേലവും ആഘോഷത്തിന് വേറിട്ട നിറം നൽകി. യുകെയിലെ ഒരു മലയാളി കുടുംബത്തിന്റെ വീട്ടുവളപ്പിൽ വളർത്തിയെടുത്ത ഏകദേശം 40 കിലോ ഭാരമുള്ള ഭീമൻ മത്തങ്ങ ലേലത്തിനായി എത്തിച്ചത് ഏറെ കൗതുകമായി. ആവേശകരമായ ലേലവിളികൾക്കൊടുവിൽ മത്തങ്ങ സ്വന്തമാക്കാൻ നിരവധി പേർ രംഗത്തെത്തി. അതോടൊപ്പം കേരള ഭാഗ്യക്കുറിയുടെ ഓണം ബമ്പർ ടിക്കറ്റും ലേലത്തിന് വച്ചു. അത്യാവേശകരമായ ലേലവിളികളും നിറഞ്ഞ കയ്യടികളും ജനപങ്കാളിത്തവും കൊണ്ട് ലേലവേദി ഏറെ ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ ഏറ്റെടുത്ത ഈ ലേലം ഓണാഘോഷത്തിലെ വേറിട്ട അനുഭവമായി മാറി.

ഓണക്കൊടിയേറ്റത്തോടെ ആരംഭിച്ച ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്നത് സെപ്റ്റംബർ 5ന് ലെസ്റ്റർ പ്രജാപതി ഹാളിൽ നടക്കുന്ന വിപുലമായ ഓണാഘോഷത്തോടെയാണ്. ഓണസദ്യയോടെയാണ് അന്നത്തെ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്.

ഏകദേശം 1,500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരുക്കുന്ന ഓണസദ്യ യുകെയിലെ തന്നെ ഏറ്റവും വലിയ ഓണസദ്യകളിലൊന്നായി മാറും. മലയാളികളുടെ തനത് രുചിയും ഓണത്തിന്റെ പാരമ്പര്യവും ഒത്തുചേരുന്ന ഗംഭീര സദ്യയിൽ 28ഓളം വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെർബിയിലെ കൊട്ടാരം റെസ്റ്റോറന്റിന്റെ നേതൃത്വത്തിലാണ് വിപുലമായ ഓണസദ്യ ഒരുക്കുന്നത്.

സദ്യയ്ക്ക് ശേഷം മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ LKC കുടുംബാംഗങ്ങളുടെ വിവിധ കലാപ്രകടനങ്ങൾ, സംഗീതം, നൃത്തം തുടങ്ങി നിരവധി പരിപാടികൾ അന്നേദിവസത്തെ ആഘോഷത്തിന് മാറ്റുകൂട്ടും.

മലയാളികളുടെ തനത് സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനൊപ്പം, പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും കുടുംബങ്ങൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ഈ വർഷത്തെ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

ഓണക്കൊടിയേറ്റത്തോടെ ലെസ്റ്ററിൽ ഉയർന്നത് ഒരു കൊടി മാത്രമല്ല, മലയാളികളുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷത്തിന്റെയും കൊടിയാണ്. സെപ്റ്റംബർ 5ന് പ്രജാപതി ഹാളിൽ അരങ്ങേറുന്ന വിപുലമായ ഓണാഘോഷത്തോടെ ലെസ്റ്റർ വീണ്ടും ഒരു വലിയ മലയാളി സംഗമത്തിന് സാക്ഷ്യം വഹിക്കും.

അസോസിയേഷനുകളും കൂട്ടായ്മകളും ഒരുപാടുള്ള ഇക്കാലത്തിൽ പ്രവർത്തനശൈലികൊണ്ടും, നവീന ആശയങ്ങൾ കൊണ്ടുവരുന്നതിനും സംഘടനയെന്ന നിലയിൽ എല്ലാവർക്കും മാതൃകയായി ലെസ്റ്റർ കേരള കമ്മ്യൂണിറ്റി എന്നും ഒപ്പമുണ്ട്. മുഴുവൻ ലെസ്റ്റർ മലയാളികൾക്കും LKC യുടെ ഓണാശംസകൾ നേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more