1 GBP = 130.55
breaking news

പാർലമെന്റ് സ്‌ക്വയറിൽ ഗാന്ധി പ്രതിമ വൃത്തിയാക്കി സ്വാതന്ത്ര്യദിനാഘോഷം; ലണ്ടനിൽ വേറിട്ട മാതൃകയായി ഐഒസി യുകെ കേരള ചാപ്റ്റർ പ്രവർത്തകർ

പാർലമെന്റ് സ്‌ക്വയറിൽ ഗാന്ധി പ്രതിമ വൃത്തിയാക്കി സ്വാതന്ത്ര്യദിനാഘോഷം; ലണ്ടനിൽ വേറിട്ട മാതൃകയായി ഐഒസി യുകെ കേരള ചാപ്റ്റർ പ്രവർത്തകർ

ലണ്ടൻ: ജനിച്ചു വീണ നാടിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ആദ്യം ചെയ്തത് ഗാന്ധിജിയുടെ പ്രതിമ വൃത്തിയാക്കൽ. പൂക്കളും ദേശീയപതാകകളുമായി ലണ്ടനിലെ പാർലമെന്റ് സ്ക്വയറിലെത്തിയ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യുകെ – കേരള ചാപ്റ്റർ പ്രവർത്തകർ ഇത്തവണ സ്വാതന്ത്ര്യദിനത്തിന് നൽകിയത് വേറിട്ടൊരു സന്ദേശം. ആഘോഷത്തിനൊപ്പം സേവനവും ശുചിത്വവും കൂട്ടിച്ചേർത്താണ് മഹാത്മാഗാന്ധിയുടെ പ്രതിമയും പരിസരവും പ്രവർത്തകർ വൃത്തിയാക്കിയത്.

നാട്ടിൽ നടക്കുന്ന സേവനവാരത്തിന്റെ ഓർമ പുതുക്കുന്ന തരത്തിലായിരുന്നു ലണ്ടനിലെ സ്വാതന്ത്ര്യദിനാഘോഷം. ഗാന്ധിജി മുന്നോട്ടുവച്ച ശുചിത്വത്തിന്റെയും സേവനത്തിന്റെയും ആശയങ്ങൾ പ്രവർത്തിയിലൂടെ ഓർമിപ്പിച്ചുകൊണ്ട് പ്രവർത്തകർ ശുചീകരണത്തിൽ പങ്കാളികളായി. ആഘോഷവേദി എന്നതിലുപരി സമൂഹത്തോടുള്ള ഉത്തരവാദിത്വം ഓർമിപ്പിക്കുന്ന ഇടമായി പാർലമെന്റ് സ്ക്വയർ മാറി.

ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പാർലമെന്റ് സ്ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു പരിപാടി. ഐഒസി യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ദേശീയപതാക ഉയർത്തിയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഓർമകൾ പങ്കുവച്ചും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ മഹത്തായ പാരമ്പര്യം അനുസ്മരിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പായസ വിതരണവും നടന്നു. ഒരുമിച്ച് ദേശീയപതാക ഉയർത്തിയും മധുരം പങ്കിട്ടും രാജ്യസ്നേഹം ആഘോഷിച്ച പ്രവർത്തകർ, അതോടൊപ്പം ഗാന്ധിജിയുടെ പ്രതിമയും പരിസരവും വൃത്തിയാക്കി സേവനത്തിന്റെ സന്ദേശം പകർന്നു. ആഘോഷവും സേവനവും ഒരേ വേദിയിൽ ചേർത്തുകൊണ്ട് ലണ്ടനിൽ നടന്ന ഐഒസിയുടെ സ്വാതന്ത്ര്യദിനാഘോഷം, ഇന്ത്യയുടെ സ്വാതന്ത്ര്യസമര പാരമ്പര്യത്തെ ഓർമിപ്പിക്കുന്നതിനൊപ്പം പ്രവാസി സമൂഹത്തിന്റെ സാമൂഹിക ഉത്തരവാദിത്വവും ഉയർത്തിപ്പിടിക്കുന്നതായി.

ഐഒസി യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷങ്ങൾക്ക് പ്രസിഡന്റ് സുജു കെ. ഡാനിയേൽ നേതൃത്വം നൽകി. ഐഒസി യുകെയുടെ വൈസ് പ്രസിഡന്റുമാരായ ഗുർമിന്ദർ റാധവ, സുധാകർ ഗൗഡ്, തമിഴ്നാട് ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് ഖലീൽ എന്നിവർ പ്രസംഗിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിമാരായ അഷറഫ് അബ്ദുള്ള, അജിത് വെൺമണി, സെക്രട്ടറി മെബിൻ പിറവം, പിആർഒ അജി ജോർജ്, അഷറഫ് മൊയ്തീ, ഈസ്റ്റ് ലണ്ടൻ യൂണിറ്റ് പ്രസിഡന്റ് ഷൈനു മാത്യു, ജനറൽ സെക്രട്ടറി റെജി നന്ദിക്കാട്ട് എന്നിവർ ചടങ്ങിൽ സ്വതന്ത്ര്യദിന സന്ദേശങ്ങൾ നൽകി സംസാരിച്ചു. നേതാക്കളായ ജോർജ് ജോസഫ്, ഷിജൻ ജോസഫ്, രാജൻ പടിയിൽ, സ്റ്റീഫൻ റോയ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more