മിനിക്കോയ്: കടലിനടിയില്‍ വര്‍ണ വിസ്മയം തീര്‍ത്ത് ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ പവിഴജീവികളുടെ (കോറല്‍) സംഗമം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) സമുദ്രസസ്തനി സര്‍വേയ്ക്കിടയിലാണ് കടലിനടിയിലെ ദൃശ്യം ശ്രദ്ധയില്‍പെട്ടത്.
ചിത്രകാരന്റെ കൈവിരുതിനെ വെല്ലുന്ന രീതിയില്‍ ഓറഞ്ച്, വെളള, പച്ച നിറങ്ങളില്‍ രണ്ട് തരം കോറലുകള്‍ ചേര്‍ന്ന് നില്‍ക്കുന്ന ദൃശ്യം സിഎംഎഫ്ആര്‍ഐയില്‍ റിസര്‍ച്ച് സ്‌കോളറായ ആല്‍വിന്‍ ആന്റോയാണ് ക്യാമറയില്‍ പകര്‍ത്തിയത്.
ദൃശ്യഭംഗിയുള്ളതാണെങ്കിലും കാലാവസ്ഥാ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതത്തിന്റെ നേര്‍ചിത്രമാണിതെന്നാണ് സിഎംഎഫ്ആര്‍ഐ ഗവേഷകര്‍ പറയുന്നത്.
മൂവര്‍ണ്ണ ശോഭയ്ക്ക് പിന്നില്‍ ‘ലോബോഫില്ലിയ കൊറിംബോസ’, ‘ലോബോഫില്ലിയ റേഡിയന്‍സ്’ എന്നീ ഇനത്തില്‍പ്പെട്ട പവിഴജീവികളുടെ കൂട്ടമാണ് ഒരുമിച്ച് വളര്‍ന്ന് ഈ മൂവര്‍ണ്ണ ഭംഗി തീര്‍ത്തിരിക്കുന്നത്. ഓറഞ്ച് നിറത്തില്‍ കാണപ്പെടുന്നത് ലോബോഫില്ലിയ കൊറിംബോസ എന്ന ഇനവും, വെളുപ്പും പച്ചയും നിറങ്ങളില്‍ ലോബോഫില്ലിയ റേഡിയന്‍സുമാണ്.
അതിജീവനവും ബലഹീനതയും സമുദ്ര താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് ലോബോഫില്ലിയ റേഡിയന്‍സ് ഇനത്തില്‍പ്പെട്ട ഒരു കോറല്‍ ടബ്ലീച്ചിങ്’ സംഭവിക്കുകയും (പവിഴപ്പുറ്റുകള്‍ക്ക് നിറം നഷ്ടപ്പെടുന്ന അവസ്ഥ) വെളുത്ത നിറത്തിലാവുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്തുതന്നെ വളരുന്ന അതേ ഇനത്തില്‍പ്പെട്ട മറ്റൊരു കോറല്‍ കൂട്ടം താപനിലയെ പ്രതിരോധിച്ച് പച്ചനിറത്തില്‍ ആരോഗ്യത്തോടെ നിലനില്‍ക്കുന്നു. ഒരേ ആവാസവ്യവസ്ഥയില്‍ വളരുന്ന ജീവികളില്‍ കാണപ്പെടുന്ന ഈ പ്രതിരോധശേഷിയും ബലഹീനതയും ശാസ്ത്രലോകത്തിന് കാലാവസ്ഥാ പഠനത്തില്‍ ഏറെ നിര്‍ണ്ണായകമാണ്.
ഇന്ത്യയുടെ സമ്പന്നമായ സമുദ്ര ജൈവവൈവിധ്യത്തിന്റെ പ്രതീകമാണ് ഈ കാഴ്ചയെങ്കിലും, സമുദ്രത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വലിയൊരു മുന്നറിയിപ്പ് കൂടിയാണ് ഈ ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.
ഉയര്‍ന്ന താപനില കാരണം ഒരേയിനത്തില്‍ പെട്ട കോറലുകളിലൊന്ന് ബ്ലീച്ചിംഗിന് വിധേയമാകുകയും മറ്റൊന്ന് അതിനെ പ്രതിരോധിച്ച് ആരോഗ്യത്തോടെ നിനില്‍ക്കുകയും ചെയ്യുന്നത് ഭാവിയിലെ പവിഴപ്പുറ്റ് (കോറല്‍ റീഫ്) പുനരുജ്ജീവന ഗവേഷണങ്ങള്‍ക്ക് വലിയ രീതിയില്‍ പ്രയോജനപ്പെടും.
കാലാവസ്ഥാ ഭീഷണിയെ ചെറുക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹകരണത്തോടെ സിഎംഎഫ്ആര്‍ഐ കടലിനടിയില്‍ കൃത്രിമ പാരുകള്‍ (ആര്‍ട്ടിഫിഷ്യല്‍ റീഫ്) സ്ഥാപിക്കുന്ന പദ്ധതി വേഗത്തിലാക്കി വരികയാണ്. തകര്‍ച്ച നേരിട്ട ആവാസവ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനും സമുദ്ര ജൈവവൈവിധ്യം വര്‍ദ്ധിപ്പിക്കാനും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കാനും ഇത് സഹായിക്കും.
ഇതോടൊപ്പം വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പ്രജനനം, വിത്തുല്‍പ്പാദനം, ഇവയെ കടലില്‍ നിക്ഷേപിക്കല്‍ (സീറാഞ്ചിംഗ്) തുടങ്ങിയ പദ്ധതികളും പുരോഗമിക്കുകയാണ്. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍, സമുദ്ര ആവാസവ്യവസ്ഥകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതാണ് ഈ ചിത്രമെന്ന് ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.
click on malayalam character to switch languages