യുക്മ കേരളപൂരം വള്ളംകളി 2026: ഹീറ്റ്സ്–5ൽ പച്ച, കുമരങ്കരി, കൊടുപുന്ന് തമ്മിൽ തീപാറും പോരാട്ടം
Aug 10, 2026
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
അഞ്ചാം ഹീറ്റിൽ ആവേശം ഉറപ്പ്
യുക്മ കേരളപൂരം വള്ളംകളി 2026-ലെ അഞ്ചാം ഹീറ്റ് അനുഭവസമ്പത്തും യുവത്വത്തിന്റെ ആവേശവും തിരിച്ചുവരവിന്റെ ആത്മവിശ്വാസവും ഒത്തുചേരുന്ന മറ്റൊരു ആവേശപ്പോരിനാണ് വേദിയൊരുക്കുന്നത്. പച്ച, കുമരങ്കരി, കൊടുപുന്ന് എന്നീ മൂന്ന് ചുണ്ടൻവള്ളങ്ങളിലായി മൂന്ന് ശക്തരായ ടീമുകൾ അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം ലക്ഷ്യമിട്ട് മത്സരരംഗത്തിറങ്ങും.
കുട്ടനാടിന്റെ വള്ളംകളി പാരമ്പര്യം കൈമുതലായുള്ള പച്ച-ചെക്കിടിക്കാട് ടീം, യുവത്വത്തിന്റെ ആവേശവുമായി കന്നിയങ്കത്തിനിറങ്ങുന്ന റോവേഴ്സ് ഹാവർഹിൽ, കലാ കേരളം ബോട്ട് ക്ലബ് – ഈ മൂന്ന് ടീമുകളുടെ ഏറ്റുമുട്ടൽ ഹീറ്റ്സ്–5നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നാക്കി മാറ്റുകയാണ്. വിജയത്തിലേക്കുള്ള ചുവടുവെയ്പ്പ് ആരുടേതാകുമെന്നറിയാൻ ഇനി ആഗസ്റ്റ് 15-ലെ മാൻവേഴ്സ് ലേക്കിലെ പോരാട്ടം മാത്രം ബാക്കി.
പച്ച – പച്ച-ചെക്കിടിക്കാട് ബോട്ട് ക്ലബ്ബ്
ചരിത്രപ്രസിദ്ധമായ പച്ച ചുണ്ടനിൽ ഇത്തവണയും തുഴയാനെത്തുന്നത് പച്ച-ചെക്കിടിക്കാട് ബോട്ട് ക്ലബ്ബ് ആണ്. പരിചയസമ്പന്നനായ ബിനോജി ആന്റണി തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്.
കുട്ടനാട്ടിലെ വള്ളംകളികളിൽ നിന്ന് ആർജിച്ച അനുഭവസമ്പത്തും വഞ്ചിപ്പാട്ടിന്റെ താളവും ചുണ്ടൻവള്ളത്തിന്റെ ആവേശവും ഹൃദയത്തിലേറ്റിയാണ് ഈ ടീം യുക്മ കേരളപൂരത്തിലേക്ക് എത്തുന്നത്. വള്ളംകളി ഒരു മത്സരം മാത്രമല്ല, മലയാളികളുടെ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും കേരളീയ പൈതൃകത്തിന്റെയും മഹോത്സവമാണെന്ന വിശ്വാസമാണ് ടീമിന്റെ കരുത്ത്. Ealoor Consultancy UK Ltd. ആണ് ടീമിന്റെ സ്പോൺസർ.
കുമരങ്കരി –
റോവേഴ്സ് ഹാവെർഹിൽ ബോട്ട് ക്ലബ്ബ് (Rowers Haverhill Boat Club). പ്രശസ്തമായ കുമരങ്കരി ചുണ്ടനിൽ ഇത്തവണ മത്സരിക്കുന്നത് റോവേഴ്സ് ഹാവെർഹിൽ ബോട്ട് ക്ലബ്ബ്
ആണ്. ഹാവർഹിൽ മലയാളികളുടെ കൂട്ടായ്മയായ കേരള കൾച്ചറൽ അസോസിയേഷൻ രൂപീകരിച്ച ഈ ബോട്ട് ക്ലബ്, യുവതാരങ്ങളെ അണിനിരത്തി ആദ്യമായാണ് യുക്മ വള്ളംകളിയിൽ പങ്കെടുക്കുന്നത്.
ജിജോ മാത്യു ക്യാപ്റ്റനായുള്ള ടീം കൃത്യമായ പരിശീലനത്തിലൂടെയും ആത്മവിശ്വാസത്തോടെയും മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് മത്സരത്തിനിറങ്ങുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാസ്റ്റർ ഷോട്ട് സ്റ്റുഡിയോസ് (Master Shot Studios) അവരുടെ പുതിയ ചലച്ചിത്ര സംരംഭമായ “ബത്ലഹേം കുടുംബ യൂണിറ്റ്” എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ടീമിനെ സ്പോൺസർ ചെയ്യുന്നത്.
കൊടുപുന്ന –
കലാ കേരള ബോട്ട് ക്ലബ്ബ്, മാൻസ്ഫീൽഡ് & ആഷ്ഫീൽഡ് (KALAA KERALA Boat Club, Mansfield & Ashfield). അഞ്ചാം ഹീറ്റിൽ പച്ചയോടും കുമരങ്കരിയോടും ഏറ്റുമുട്ടുന്നത് കൊടുപുന്ന ചുണ്ടനാണ്. കലാ കേരള ബോട്ട് ക്ലബ്ബ്, മാൻസ്ഫീൽഡ് & ആഷ്ഫീൽഡ് ആണ് ഇത്തവണ കൊടുപുന്നിൽ മത്സരിക്കുന്നത്.
സുമേഷ് എം കെ നയിക്കുന്ന ടീം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുമെന്ന ആത്മവിശ്വാസത്തിലാണ്. യുക്മ കേരളപൂരം വള്ളംകളിയുടെ ഇവന്റ് സ്പോൺസറായ IZA London-ന്റെ മാതൃസ്ഥാപനമായ Theresas London ആണ് ടീമിന്റെ സ്പോൺസർ.
ഷെഫീൽഡിനടുത്ത് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വൻ വിജയമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.
വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാർണിവൽ പതിവ് പോലെ കാണികളെ ആകർഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികൾ കൊണ്ട് ഇക്കുറിയും അത്യാകർഷമാകും. യുക്മ ഷീ ലീഡ്സ് നേതൃത്വം നൽകുന്ന യുക്മ – തെരേസാസ് ‘ഓണച്ചന്തം സീസൺ 2’ മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകൾ അണി നിരക്കുന്ന ‘മെഗാ തിരുവാതിര’, കേരളത്തിൻ്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഓട്ടൻതുള്ളൽ, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികൾ ഉൾപ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയിൽ അരങ്ങേറുന്നത്.
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടൈറ്റിൽ സ്പോൺസറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടൻ, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, LTC ഗ്ലോബൽ, ഏലൂർ കൺസൽട്ടൻസി, കേരള ഡിലൈറ്റ്സ് എന്നിവരും ഉടൻ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ഉം ആയിരിക്കും മറ്റ് പ്രധാന സ്പോൺസർമാർ.
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് :-
അഡ്വ. എബി സെബാസ്റ്റ്യൻ – 07702862186
ജയകുമാർ നായർ – 07403223006
ഡിക്സ് ജോർജജ് – 07403312250.
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 നടക്കുന്ന വേദിയുടെ വിലാസം:-
click on malayalam character to switch languages