1 GBP = 126.14
breaking news

ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവം ഒക്ടോബർ 24ന് നോർത്താംപ്ടണിൽ; കരോളിൻ ചിഷോം സ്കൂൾ വചനോത്സവ വേദിയാകും.

ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവം ഒക്ടോബർ 24ന് നോർത്താംപ്ടണിൽ; കരോളിൻ ചിഷോം സ്കൂൾ വചനോത്സവ വേദിയാകും.

അപ്പച്ചൻ കണ്ണഞ്ചിറ

നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവം ഒക്ടോബർ 24 നു ശനിയാഴ്ച നോർത്താംപ്ടണിലെ കരോളിൻ ചിഷോം സ്കൂളിൽ വെച്ച് നടക്കും. വിശുദ്ധഗ്രന്ഥ സന്ദേശങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ബൈബിൾ കലോത്സവത്തിൽ റീജണിലെ വിവിധ മിഷനുകളിൽ നിന്നുമായി അഞ്ഞൂറിലധികം മത്സരാർത്ഥികൾ ഈ വർഷം പങ്കെടുക്കുന്നുണ്ട്.

സീറോ മലബാർ ഓക്സ്ഫോർഡ് റീജണൽ ഡയറക്ടർ ഫാ. സോണി ജോർജ്, ഓക്സ്ഫോർഡ് റീജണൽ ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. എൽവിസ് ജോസ്, ആതിഥേയരായ നോർത്താംപ്ടൺ സീറോ മലബാർ മിഷന്റെ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പൊട്ടനാനി എന്നിവർ കലോത്സവത്തിന് ആത്മീയവും, അജപാലനപരവുമായ നേതൃത്വം നൽകും.ഓക്സ്ഫോർഡ് റീജണൽ ബൈബിൾ അപ്പോസ്തലേറ്റ് കോർഡിനേറ്റർമാരായ സജൻ സെബാസ്റ്റ്യൻ, ജിനീത ഡേവീസ് എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകും.

ഹോളി ക്വീൻ റോസരി മിഷൻ ഡെൻഹാം വാട്‌ഫോർഡ്, സെൻറ് അൽഫോൻസാ മിഷൻ ബെഡ്ഫോർഡ് എന്നീ സീറോ മലബാർ മിഷനുകളുടെ സംയുക്ത നേതൃത്വത്തിലാണ് ഈ വർഷത്തെ കലോത്സവം നടക്കുക. റീജണൽ ബൈബിൾ കലോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കോർഡിനേറ്റർമാരായ ജെബിറ്റി ജോസഫ് (വാട്‌ഫോർഡ്), സിബി സെബാസ്റ്റ്യൻ (ബെഡ്ഫോർഡ്) എന്നിവർ അറിയിച്ചു. മത്സരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി മത്സരാർത്ഥികൾ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ഈ വർഷം സുറിയാനി പാട്ട്, തിരുവചന സൂചന (ബൈബിൾ സൈറ്റേഷൻ) എന്നീ രണ്ട് ഇനങ്ങൾ കൂടി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. സംഗീതം, പ്രസംഗം, നൃത്തം, ചിത്രരചന, അഭിനയം തുടങ്ങി വിവിധ കലാരൂപങ്ങളിലൂടെ വിശുദ്ധഗ്രന്ഥ സന്ദേശങ്ങൾ പ്രഘോഷിക്കുന്ന ബൈബിൾ കലോത്സവം, വിശ്വാസത്തിന്റെയും, സർഗാത്മകതയുടെയും സംയുക്ത ആഘോഷവേദിയായി മാറും. അമ്പതോളം ഇനങ്ങളിലായി എട്ട് സ്റ്റേജുകളിലായിട്ടാവും മത്സരങ്ങൾ അരങ്ങേറുക.

മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ രാവിലെ എട്ടിന് ആരംഭിക്കും. ഒൻപതു മണിക്ക് ബൈബിൾ പ്രതിഷ്ഠയും തുടർന്ന് 9.15 മുതൽ മത്സരങ്ങളും ആരംഭിക്കും. വൈകിട്ട് ഏഴ് മണിയോട് നടക്കുന്ന സമാപന സമ്മേളനത്തിൽ വെച്ച് വിജയികൾക്കുള്ള പാരിതോഷകങ്ങൾ സമ്മാനിക്കുന്നതാവും.

തിരുവചനാധിഷ്‌ഠിതമായ വിവിധ കലാരൂപങ്ങളിലൂടെ സുവിശേഷ സന്ദേശങ്ങൾ കൂടുതൽ ആഴത്തിൽ പകരാനും, വിശ്വാസജീവിതത്തിന് അർത്ഥവ്യാപ്തി ലഭിക്കുവാനും കലോത്സവം അവസരമൊരുക്കും. ദൈവം നൽകിയ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും, അവിടുത്തേക്ക് സ്തുതിയും നന്ദിയും തങ്ങളുടെ മികവുറ്റ അവതരണങ്ങളിലൂടെ അർപ്പിക്കുന്നതിനുമുള്ള വേദികൂടിയാവും ബൈബിൾ കലോത്സവം.

തിരുവചനങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ദൈവികസാന്നിധ്യം അനുഭവിക്കാനും, വിശ്വാസസന്ദേശങ്ങൾ കൂടുതൽ ആഴത്തിൽ ഉൾക്കൊള്ളാനും അവസരമൊരുക്കുന്ന ബൈബിൾ കലോത്സവത്തിലേക്ക് ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി റീജണൽ ബൈബിൾ അപ്പോസ്തലേറ്റ് അറിയിച്ചു.

Venue: Caroline Chisholm School, Wooldale Road, Wootton, Northampton NN4 6TP

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more