1 GBP = 130.11
breaking news

സലി സാംസണ്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റന്‍; ബേസില്‍ തമ്പി വൈസ് ക്യാപ്റ്റന്‍

സലി സാംസണ്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റന്‍; ബേസില്‍ തമ്പി വൈസ് ക്യാപ്റ്റന്‍

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ച് ക്രിക്കറ്റ് ഇതിഹാസതാരവും ടീം സഹഉടമയുമായ ക്രിസ് ഗെയില്‍.

സലി സാംസണാണ് മൂന്നാം സീസണില്‍ കൊച്ചിയെ നയിക്കുന്നത്. ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ സഹോദരനായ സലി സാംസണ്‍ ഇത് രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റന്‍ കുപ്പായമണിയുന്നത്. ആദ്യ സീസണില്‍ ടീമിനെ നയിച്ച പേസ് ബൗളര്‍ ബേസില്‍ തമ്പിയാണ് വൈസ് ക്യാപ്റ്റന്‍. ടീം ഉടമ സുഭാഷ് മാനുവലിനൊപ്പം ലണ്ടനില്‍ വെച്ചാണ് ക്രിസ് ഗെയില്‍ ബ്ലൂ ടൈഗേഴ്‌സിന്റെ നേതൃത്വ നിരയെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ സീസണില്‍ കൊച്ചിയെ കിരീടത്തിലേക്ക് നയിച്ച സലി സാംസണിന്റെ നേതൃത്വ പാടവും ബേസില്‍ തമ്പിയുടെ അനുഭവസമ്പത്തും ടീമിന് ഗുണകരമാകുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തല്‍. ഇതോടൊപ്പം വണ്‍സ് എ ബ്ലൂടൈഗേഴ്‌സ്, ഓള്‍വെയ്‌സ് എ ബ്ലൂ ടൈഗേഴ്‌സ് എന്ന പുതിയ ടീം സ്ലോഗനും അദ്ദേഹം അവതരിപ്പിച്ചു. ടീമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ക്രിസ് ഗെയില്‍ പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ സീസണില്‍ സലി സാംസണ്‍ കാഴ്ചവെച്ചത് സമാനതകളില്ലാത്ത നേതൃപാടവമാണെന്നും ബേസില്‍ തമ്പിയുടെ സാന്നിധ്യം ടീമിന് വലിയ കരുത്താകുമെന്നും ക്രിസ് ഗെയില്‍ പറഞ്ഞു. ഈ കൂട്ടുകെട്ടില്‍ ടീമിന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കിരീടം നിലനിര്‍ത്താന്‍ കൊച്ചിക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മാസം കേരളത്തിലെത്തുന്ന ഗെയില്‍ കൊച്ചിയുടെ മത്സരം നേരിട്ട് കാണാന്‍ ഗ്രീന്‍ഫീല്‍ഡിലെത്തും. ആരാധകരുടെ പിന്തുണ സ്റ്റേഡിയത്തിലുണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

നേതൃത്വ മികവാണ് വിജയത്തിന്റെ അടിത്തറയെന്നും സലിയുടെയും ബേസിലിന്റെയും നേതൃത്വത്തില്‍ ബ്ലൂടൈഗേഴ്‌സ് പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നും ടീം ഉടമ സുഭാഷ് മാനുവല്‍ പറഞ്ഞു. ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ കൂടുതല്‍ ശക്തരായ ടീമിനെയാണ് ഇത്തവണ കളത്തിലിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more