1 GBP = 127.92
breaking news

യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തിൽ LKC ലെസ്റ്ററിലെ പ്രജീഷ് സി തിലക് വിജയി……

യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തിൽ LKC ലെസ്റ്ററിലെ പ്രജീഷ് സി തിലക് വിജയി……

കുര്യൻ ജോർജ്ജ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തിൽ ലെസ്റ്റർ കേരള കമ്മ്യൂണിറ്റി അംഗമായ അംഗമായ പ്രജീഷ് സി തിലക് വിജയിയായി. ആഗസ്റ്റ് 15 ശനിയാഴ്ച നടക്കുന്ന എട്ടാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിൻ്റെ മുഴുവൻ ഔദ്യോഗിക കാര്യങ്ങൾക്കും പ്രജീഷ് രൂപകല്പന ചെയ്ത ലോഗോയായിരിക്കും ഉപയോഗിക്കുക. 

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്ത ലോഗോ മത്സരത്തിൽ പ്രജീഷ് സി തിലകിൻ്റെ  ലോഗോയാണ് യുക്മ ദേശീയ സമിതി തിരഞ്ഞെടുത്തത്. ലെസ്റ്ററിൽ ക്രോണിക് ബ്രാൻഡിംഗ് ആൻ്റ് ഡിസൈൻ എന്ന സ്ഥാപനം നടത്തി വരുന്ന പ്രജീഷ് ഒരു നല്ല ചിത്രകാരൻ കൂടിയാണ്. 15 വർഷത്തോളം ബഹ്റൈനിലും വിവിധ ഗൾഫ് രാജ്യങ്ങളിലും ഗ്രാഫിക് ഡിസൈൻ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രജീഷ് ഭാര്യ നയനയോടും മോൾ അർപ്പിതയോടുമൊപ്പം നാല് വർഷം മുൻപാണ് യുകെയിൽ എത്തിയത്. ലോഗോ മത്സരത്തിൽ വിജയിയായ പ്രജീഷിന് വള്ളംകളി വേദിയിൽ വെച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്.

ഷെഫീൽഡിനടുത്ത് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വൻ വിജയമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.

വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാർണിവൽ പതിവ് പോലെ കാണികളെ ആകർഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികൾ കൊണ്ട് ഇക്കുറിയും അത്യാകർഷമാകും. യുക്മ ഷീ ലീഡ്സ് നേതൃത്വം നൽകുന്ന യുക്മ – തെരേസാസ് ‘ഓണച്ചന്തം സീസൺ 2’ മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകൾ അണി നിരക്കുന്ന ‘മെഗാ തിരുവാതിര’, കേരളത്തിൻ്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഓട്ടൻതുള്ളൽ, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികൾ ഉൾപ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയിൽ അരങ്ങേറുന്നത്.

യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടൈറ്റിൽ സ്പോൺസറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടൻ, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്‌സ്, മണവാട്ടി, LTC ഗ്ലോബൽ, ഏലൂർ കൺസൽട്ടൻസി, കേരള ഡിലൈറ്റ്സ് എന്നിവരും ഉടൻ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഉം ആയിരിക്കും മറ്റ് പ്രധാന സ്പോൺസർമാർ.

യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് :-

അഡ്വ. എബി സെബാസ്റ്റ്യൻ – 07702862186

ജയകുമാർ നായർ – 07403223006

ഡിക്സ് ജോർജജ് – 07403312250.

യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 നടക്കുന്ന വേദിയുടെ വിലാസം:-

Manvers Lake 

Station Road 

Wath-Upon-Dearne

Rotherham 

South Yorkshire.

S63 7DG.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more