1 GBP = 130.41
breaking news

ഇറാന് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്; ഊർജ കേന്ദ്രങ്ങളും വൈദ്യുതി വിതരണവും ലക്ഷ്യമിട്ടേക്കുമെന്ന് റിപ്പോർട്ട്

ഇറാന് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്; ഊർജ കേന്ദ്രങ്ങളും വൈദ്യുതി വിതരണവും ലക്ഷ്യമിട്ടേക്കുമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ഇറാനിൽ അമേരിക്കയുടെ ഭാഗത്തുനിന്നും കനത്ത ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന് സൂചന. യു.എസും ഇസ്രായേലും ചേർന്ന് ഇറാനിലെ ഊർജ അടിസ്ഥാന സൗകര്യങ്ങളും പവർ പ്ലാന്റുകളും എണ്ണശുദ്ധീകരണശാലകളും ലക്ഷ്യമിട്ട് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തെഹ്‌റാനിലെ വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്നതടക്കമുള്ള വിപുലമായ സൈനിക നടപടികൾ വാഷിങ്ടണിന്റെ പരിഗണനയിലുണ്ടെന്നാണ് സി.ബി.എസ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ ഏത് തരത്തിലുള്ള യു.എസ് ആക്രമണങ്ങളെ നേരിടാൻ പാകത്തിലുള്ള സമഗ്രമായ പ്രതിരോധ പദ്ധതികൾ തയാറാണെന്നും, അതിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും നിർണായക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്നുണ്ടെന്നും ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഈ വിഷയത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുവരെ അന്തിമ അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം.

വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അമേരിക്ക ഇറാനെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ‘ഞങ്ങൾ അവരെ വളരെ കനത്ത രീതിയിൽ ആക്രമിക്കും. ഒരു ഘട്ടത്തിൽ അവർക്ക് ഇത് ഇനി താങ്ങാനാകില്ല എന്ന് പറയേണ്ടി വരും,’ എന്ന് ട്രംപ് പറഞ്ഞിരുന്നു. നയതന്ത്ര ചർച്ചകൾക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ‘ഞങ്ങൾ വിജയിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നത്’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

ഇതിനിടെ ട്രംപിന്റെ വിദേശനയങ്ങളെ രൂക്ഷമായി വിമർശിക്കുന്ന യു.എസ് കോൺഗ്രസ് അംഗം തോമസ് മാസ്സി, ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന് ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈകിയാൽ അത് രാജ്യത്തിന്റെ രാഷ്ട്രീയ, സൈനിക സ്വാധീനത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം എക്സിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ഡോണൾഡ് ട്രംപിന്റെ ഇറാനിലെ സൈനിക നീക്കങ്ങൾക്കുള്ള ഫണ്ടിങ് തടയാൻ ഡെമോക്രാറ്റ് പ്രതിനിധി ബിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഇറാനിലെ തുടരുന്ന സൈനിക നടപടികളുടെ പേരിൽ യു.എസ് കോൺഗ്രസ് അംഗം ജോൺ ലാർസണും ട്രംപിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് സൈനികരുടെ ജീവൻ നഷ്ടപ്പെടുകയും ഇന്ധനവില കുതിച്ചുയരുകയും ചെയ്യുമ്പോൾ ഭരണകൂടം കോൺഗ്രസിന്റെ വോട്ടുകളെ അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇറാനെതിരെ വീണ്ടും ആക്രമണം തുടരുമെന്ന് പറയുമ്പോഴും ​ട്രംപിന് അമേരിക്കയിൽ കനത്ത തിരിച്ചടിയാണ് നേരിടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more