1 GBP = 130.48
breaking news

സ്‌പെയിനിലെ സ്യൂട്ടയിൽ കുടിയേറ്റ ദുരന്തം; പതിനായിരങ്ങളുടെ ഒഴുക്ക്, 57 പേർ മരിച്ചു

സ്‌പെയിനിലെ സ്യൂട്ടയിൽ കുടിയേറ്റ ദുരന്തം; പതിനായിരങ്ങളുടെ ഒഴുക്ക്, 57 പേർ മരിച്ചു

സ്യൂട്ട: മൊറോക്കോയിൽ നിന്ന് സ്പെയിനിന്റെ വടക്കേ ആഫ്രിക്കൻ പ്രദേശമായ സ്യൂട്ടയിലേക്ക് പതിനായിരക്കണക്കിന് ആളുകളുടെ കൂട്ടപ്പലായനത്തിനിടെ കുറഞ്ഞത് 57 പേർ മരിച്ചതായി സ്പാനിഷ് അധികൃതർ സ്ഥിരീകരിച്ചു. മരിച്ചവരിൽ പലരും കടലിൽ മുങ്ങിമരിച്ചവരാണ്. ചിലർ തരാജാൽ (Tarajal) കടൽത്തീരത്തെ അതിർത്തി വേലി കടക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ടതായും അധികൃതർ അറിയിച്ചു.

സ്പാനിഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ ഏകദേശം 50,000 പേർ സ്യൂട്ടയിൽ പ്രവേശിച്ചു. എന്നാൽ സ്യൂട്ടയുടെ പ്രാദേശിക പ്രസിഡന്റ് ഈ സംഖ്യ 60,000-ത്തോട് അടുത്തതാണെന്ന് പറഞ്ഞു. 85,000 പേർ മാത്രം താമസിക്കുന്ന സ്യൂട്ട നഗരത്തിന് ഇത്രയും വലിയ ജനപ്രവാഹം താങ്ങാനാകാത്ത സാഹചര്യം രൂപപ്പെട്ടതോടെ, വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ 48,300-ലേറെ പേർ സ്വമേധയാ മൊറോക്കോയിലേക്ക് മടങ്ങിയതായും സ്പെയിൻ അറിയിച്ചു.

സമീപകാലത്ത് സ്യൂട്ടയിലേക്കോ മെലില്ലയിലേക്കോ കടക്കാൻ ശ്രമിച്ച് കടലിൽ പിടിക്കപ്പെടുന്ന കുടിയേറ്റക്കാരെ വിചാരണയില്ലാതെ ഉടൻ തിരിച്ചയക്കാൻ പാടില്ലെന്ന് സ്പെയിൻ സുപ്രീം കോടതിവിധിയെ മനുഷ്യക്കടത്ത് സംഘങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചാണ് ആളുകളെ കൂട്ടത്തോടെ അതിർത്തി കടക്കാൻ പ്രേരിപ്പിച്ചതെന്ന് സ്നിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആരോപിച്ചു.

സംഭവത്തെ തുടർന്ന് സ്യൂട്ട സന്ദർശിച്ച പ്രധാനമന്ത്രി, ഈ സംഭവം “സ്പെയിനിന്റെ ഭൂപ്രദേശിക അഖണ്ഡതയുടെ ലംഘനമാണ്” എന്ന് വിശേഷിപ്പിച്ചു. സ്യൂട്ടയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2021-ൽ മൊറോക്കോ അതിർത്തി നിയന്ത്രണം ഇളവ് ചെയ്തതിനെ തുടർന്ന് രണ്ടുദിവസത്തിനിടെ ഏകദേശം 10,000 പേർ സ്യൂട്ടയിൽ പ്രവേശിച്ചിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധി അതിനെക്കാൾ പലമടങ്ങ് വലുതാണ്. ഈ കൂട്ടപ്പലായനത്തിന് പിന്നിൽ കുറ്റകൃത്യ സംഘങ്ങളാണുള്ളത് എന്നാണ് മൊറോക്കോ സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചത്. അതിർത്തി സുരക്ഷയിൽ സ്പെയിനുമായുള്ള സഹകരണം മാതൃകാപരമായി തുടരുകയാണെന്നും മൊറോക്കോ അറിയിച്ചു.

സംഭവം യൂറോപ്പിൽ രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചു. സ്പെയിനെ ഷെൻഗൻ മേഖലയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ഇറ്റലി ആവശ്യപ്പെട്ടപ്പോൾ, ഫ്രാൻസും യൂറോപ്യൻ കൗൺസിലും സ്പെയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സ്യൂട്ടയും മെലില്ലയും ഷെൻഗൻ നിയമത്തിലെ പ്രത്യേക വ്യവസ്ഥകൾക്ക് കീഴിലായതിനാൽ അവിടെ നിന്ന് യൂറോപ്പിലെ മറ്റ് ഷെൻഗൻ രാജ്യങ്ങളിലേക്ക് സ്വതന്ത്രമായി പ്രവേശിക്കാൻ കഴിയില്ലെന്നും യൂറോപ്യൻ കമ്മീഷൻ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more